Friday, September 14, 2012

പ്രണയത്തില്‍ നിന്നും പ്രണയത്തിലേക്കുള്ള ദൂരം .............
 ഒരര്‍ത്ഥത്തില്‍  പറഞ്ഞാല്‍ അയാളായിരുന്നു എന്നെ ആ ദൂരം അളക്കാന്‍ പഠിപ്പിച്ചത് .അതില്‍ എനിക്ക് അയാളോട് അളവറ്റ നന്ദിയുണ്ട് .ഒരിക്കല്‍ ഞാനയാളെ പ്രണയിച്ചിരുന്നു . അത് എന്‍റെ ആദ്യ പ്രണയമായിരുന്നു . .അത് പ്രണയമായിരുന്നോ ആരാധനയായിരുന്നോ എന്ന് ഇന്നും എനിക്കറിയില്ല .


എന്തിനാണ് ഞാന്‍ അയാളെ പ്രണയിച്ചത് എന്നതിന് പോലും എനിക്കുത്തരമില്ലായിരുന്നു.ഒരു പക്ഷെ അയാളിലെ ആശയങ്ങളാകാം,അല്ലെങ്കില്‍ ഞാന്‍ ഏറെ ആരാധിക്കുന്ന മീനിന്‍റെ പോലെ ചെറിയ ,എന്നാല്‍ തീക്ഷണം എന്ന് തോന്നുന്ന കണ്ണുകളാകാം ,ഇതുമല്ലെങ്കില്‍ അയാള്‍ എന്നേക്കാള്‍ എത്രയോ ഉയര്‍ന്നവനാണെന്ന എന്‍റെ എളിയ ചിന്തയാകാം എന്നെ അയാള്‍ എന്ന നങ്കൂരത്തില്‍ ബന്ധിച്ച കപ്പല്‍ ആക്കിയത് .അതിനാല്‍ തന്നെ വിവാഹ ശേഷവും ഞാന്‍ അയാളുടെ ഈ മെയിലുകള്‍ക്കും സ്നേഹന്വേഷനങ്ങള്‍ക്കും വളരെ കൃത്യമായി മറുപടി അയച്ചു കൊണ്ടേ ഇരുന്നു .എന്‍റെ പ്രണയം അയാള്‍ അറിയരുത് എന്ന ഒരു നിര്‍ബന്ധം എനിക്കുണ്ടായിരുന്നു .എന്നെ വലയം ചെയ്തിരുന്ന ഒരു അപകര്‍ഷത ബോധം കൊണ്ടായിരുന്നു അത് .ആനുകാലികങ്ങളെ കുറിച്ചും ,സാഹിത്യ രചനകളെ കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു .എന്‍റെ ചെറിയ  ചെറിയ ലേഖനങ്ങളെയും അടുത്തിടെ പ്രസിദ്ധീകരിച്ച എന്‍റെ കവിത സംഹിതയെയും അയാള്‍ വളരെ പ്രശംസിച്ചു സംസാരിക്കുകയുണ്ടായി .അയാള്‍ എന്നെ പ്രണയിക്കുന്നുണ്ടോ എന്ന സംശയം ഈയിടെയായി എനിക്ക് തോന്നിയിരുന്നു .


അല്ലെങ്കില്‍ പിന്നെ എന്തിനാണ് തന്റെ ഒഴിവുകാല യാത്രയില്‍ കുടകില്‍ എത്തിയപ്പോള്‍ അവിടുത്തെ സ്ത്രീകള്‍ സുന്ദരികള്‍ ആണെങ്കിലും അവര്‍ക്കൊന്നും നിന്നെപോലെ ചുരുളിമ ഇല്ലാത്ത മുടിയിഴകളോ,നീളമുള്ള അറ്റം കൂര്‍ത്ത വിരല്‍ത്തുമ്പുകളോ ഇല്ല എന്ന് പറഞ്ഞത് ?


എന്‍റെ സംശയം കേട്ട സുഹൃത്ത്‌ ദക്ഷ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു "മടയി,നീ അയാളുടെ ജീവനുള്ള ഒരു ഡയറി മാത്രമാണ് "എന്ന് .എങ്കിലും എന്നില്‍ നിഗൂഡമായ ഒരു ആനന്ദം ഉണ്ടായി .ഒപ്പം എന്‍റെ ഇത്തരം വിലകുറഞ്ഞ എന്ന് ഞാന്‍ സംശയിക്കുന്ന ഈ സന്ദേഹങ്ങള്‍ അയാള്‍ അറിഞ്ഞാല്‍ ഉണ്ടാകുന്ന ജാള്യത ഓര്‍ത്തു ഞാന്‍ എന്‍റെ മറുപടികളിലും,സംസാരങ്ങളിലും ഒരു സുഹൃത്തിന്റെ അല്ലെങ്കില്‍ ഒരു അഭ്യുതയാകംഷി യായ ഒരു ആരാധികയുടെ കുപ്പായം മനപൂര്‍വം ധരിച്ചു .


                                              ഇന്നലെ നല്ല മഴയുണ്ടായിരുന്നു .ഒരു സിമ്പോസിയത്തില്‍ പങ്കെടുക്കാന്‍  തൊട്ടടുത്ത നഗരത്തില്‍ എത്തിയതായിരുന്നു ഞാന്‍ .അവിടെ പ്രശസ്തമായ ഒരു ലൈബ്രറി ഉണ്ടായിരുന്നു .ബ്രിട്ടിഷുകാരുടെ കാലത്ത് പണികഴിപ്പിച്ചതായിരുന്നു അത് .പണ്ട് വെള്ളക്കാരന്റെ വേനല്‍ക്കാല  വസതി  ആയിരുന്നു ,പില്‍കാലത്ത് സര്‍ക്കാര്‍ അത് ഒരു ലൈബ്രറി ആക്കുകയായിരുന്നു .തികച്ചും വിക്ടോറിയന്‍ ശൈലിയില്‍ പണിത കെട്ടിടം .നടന്നു കാണാന്‍ ഏറെയുണ്ട് .ദക്ഷ പറഞ്ഞു കേട്ട വിവരം അനുസരിച്ച് ഞാന്‍ മഴയായിട്ടുകൂടി ഒരു ഓട്ടോറിക്ഷ പിടിച്ചു അവിടേക്ക് പോകാന്‍ തീരുമാനിച്ചു കാരണം എന്‍റെ തീവണ്ടി വരാന്‍ പിന്നെയും സമയം ഉണ്ടായിരുന്നു .റീഡിംഗ് ഹാളിലെക്കുള്ള പിരിയന്‍ ഗോവണി പടി കയറാന്‍ ഭാവിക്കവേ ആരോ എന്നെ പിന്നില്‍ നിന്നും പേര് ചൊല്ലി വിളിക്കുന്നത്‌ കേട്ടു.ഒന്ന് ഞെട്ടാതിരുന്നില്ല .കാരണം ആ നഗരത്തില്‍ എനിക്കറിയാവുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല .തിരിഞ്ഞു നോക്കി .വിടര്‍ന്ന കണ്ണുള്ള ഒരു സ്ത്രീ ."നളിനാക്ഷി" എന്ന് വിളിച്ചാല്‍ ഒട്ടും തെറ്റ് പറയില്ല .നീല സാരിയുടുത്ത് കണ്ണില്‍ നിറഞ്ഞ ആരാധനയുമായി ഒരുവള്‍ .


അവള്‍ മൊഴിഞ്ഞു "വായിക്കാറുണ്ട് ..എഴുതുന്നവയൊക്കെയും.ആളെ മാത്രം ഇത് വരെ കണ്ടിട്ടില്ല എന്നെ ഉള്ളു "എന്‍റെ പല നോവലുകളെ കുറിച്ചും അവള്‍ വാചാലയായി .പൊതുവേ പെണ്ണെഴുത്തിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് കത്തുകള്‍ വരാറുണ്ട് എങ്കിലും ഒരു ആരാധികയെ ആദ്യമായാണ് ഞാന്‍ നേരില്‍ കാണുന്നത് .എന്‍റെ തെറ്റ് .കാരണം ഞാന്‍ ആള്‍കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞു മാറിയാണ് എന്നും നില്ക്കാന്‍ ഇഷ്ട്ടപ്പെട്ടിരുന്നത് .അയാള്‍ ഒരിക്കല്‍ അത് പറഞ്ഞു എന്നെ കളിയാക്കിയത് ഞാന്‍ ഓര്‍ത്തു "നീ നിന്‍റെ ചിപ്പിക്കുള്ളില്‍ ധ്യാനിച്ച് കൂട്ടി ഒരു സന്യാസിനി ആകുമോ "എന്ന് ,,

                                                 
അവര്‍    കുറച്ചപ്പുറത്ത്‌  ജനലുകള്‍ക്കരികില്‍ മാറിനില്‍കുന്ന ഭര്‍ത്താവിനെ പരിചയപ്പെടുത്താനായി വിളിച്ചു .അത് അയാളായിരുന്നു .

എനിക്ക് അത്ഭുതം  തോന്നി .അയാള്‍ ഈ നഗരത്തിലാണ് വസിക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു .ഇന്നലെ ഞാന്‍ ഇങ്ങോട്ട് പോരുന്നു എന്ന് ചാറ്റ് ബോക്സില്‍ ടൈപ്പ് ചെയ്തപ്പോഴും അയാള്‍ ഒന്നും പറഞ്ഞില്ലായിരുന്നു .അയാളുടെ മുഖത്ത് നല്ല വിമ്മിഷ്ട്ടം ..ഒരു പരുങ്ങല്‍ ..ഏതോ തുരുത്തില്‍ ഒറ്റയ്ക്ക് അകപ്പെട്ടവനെപ്പോലെ ...ആ സ്ത്രീയുടെ സാരിത്തുമ്പില്‍ തൂങ്ങി നിന്ന കൊച്ചുകുട്ടിയെ വലിച്ചെടുത്തു അയാള്‍ മുരണ്ടു "പോകാം ".ഗുഹയുടെ ഉള്ളില്‍ നിന്നും പുറത്തേക്കു തള്ളിയ ഒരു ശബ്ധം.നാളിതു വരെ എന്നോട് സംസാരിച്ചിരുന്ന പതിഞ്ഞ എന്നാല്‍ ചെറിയ മുഴക്കമുള്ള ...വാക്കുകളുടെ അവസാനത്തില്‍ ചെറിയ സീല്‍ക്കാരമുള്ള സ്വരം ആയിരുന്നില്ല അത് .തീര്‍ത്തും അപരിചിതം 


         .അകെ അപമാനിക്കപെട്ട പോലെ തോന്നി എനിക്ക് .ആള്‍ കൂട്ടത്തിനു നടുവില്‍ വച്ചു നഗ്നയാക്കപ്പെട്ട പോലെ .മഴയുടെ മേലങ്കി ധരിച്ചു ഞാന്‍ ലൈബ്രറിയുടെ പടവുകള്‍ ഇറങ്ങി .മഴയത്ത് കരഞ്ഞു നടക്കുന്നതിന്‍റെ സുഖം അന്ന് ഞാന്‍ അറിഞ്ഞു .കുടപിടിച്ച് ധ്രിതിയില്‍ എന്‍റെ അരികിലൂടെ പോയവരാരും എന്‍റെ കരച്ചില്‍ അറിയുന്നുണ്ടായിരുന്നില്ല .ഞാന്‍ തീര്‍ത്തും സ്വതന്ത്ര യായി കരഞ്ഞു എന്ന് വേണമെങ്കില്‍ പറയാം .ഇടിമുഴക്കത്തില്‍ എന്‍റെ എങ്ങലുകള്‍ മുങ്ങിപ്പോയി ,എങ്ങനെയോ തീവണ്ടി കയറി ഞാന്‍ എന്‍റെ നഗരത്തിലെത്തി .

                                          
 ഇന്ന് കാലത്ത് എന്‍റെ  മെയില്‍ബോക്സില് അയാളുടെ ഒരു ഇമെയില്‍ വന്നു കിടക്കുന്നുണ്ടായിരുന്നു ."ക്ഷമിക്കണം ..ഇന്നലെ ഞാന്‍ പേടിച്ചു പോയി .നീയെങ്ങാനും എന്നോട് പരിചയം കാണിക്കുമോ എന്ന് .അതിനാലാണ് ഞാന്‍  വേഗം അവരെയും കൊണ്ട് അവിടെ നിന്നും പോയത് .നീ വളരെ മെലിഞ്ഞിരിക്കുന്നു ..ആശ്വാസം നമ്മളുടെ ബന്ധം അവള്‍ അറിഞ്ഞില്ല "
                                                എനിക്ക് അയാളോടാണോ എന്നോടാണോ പുച്ഛം തോന്നിയത് എന്നറിയില്ല .ഒരു സുഹൃത്തായി പോലും എന്നെ പരിചയപ്പെടുത്താന്‍ അയാള്‍ മുതിരാത്തതില്‍ എനിക്ക് അളവറ്റ ദുഃഖം തോന്നി .അപ്പോള്‍ ഞാന്‍ അയാള്‍ക്ക്‌ ആരായിരുന്നു ?രോഷം ,സങ്കടം ,അപമാനം ഇവ മൂന്നും ചേര്‍ന്ന് ഒരു മറുപടി എഴുതി "ഞാന്‍ ലജ്ജിക്കുന്നു ..ഒരിക്കല്‍ നിങ്ങളെ പ്രണയിച്ചതില്‍,ആരാധിച്ചതില്‍ "അന്നേരം ആരും അറിയാതെ ഞാന്‍ സൂക്ഷിച്ചിരുന്ന എന്‍റെ ആദ്യ പ്രണയം അത്മഹത്യ ചെയ്തു .
                                                     അത് വെറുമൊരു ഭ്രമമായിരുന്നു എന്ന് പിന്നീടു എന്‍റെ ഭര്‍ത്താവു എനിക്ക് പറഞ്ഞു തരികയുണ്ടായി ..എന്‍റെ വയറില്‍ ചുറ്റിപ്പിടിച്ചു മുടികള്‍ വകഞ്ഞു മാറ്റി പിന്‍കഴുത്തില്‍ ചുണ്ടുകള്‍ ചേര്‍ത്ത് അദ്ദേഹം പറഞ്ഞു "പ്രണയം എന്താണെന്നു നീ അറിയാന്‍ പോകുന്നതെ ഉള്ളു" എന്ന് .പുറത്തു മഴ ശക്തിയായി പെയ്യുകയും ജനാലയിലൂടെ എന്‍റെ മേല്‍ ചാറ്റല്‍ വീഴ്ത്തുകയും ചെയ്തു ....
                                 

44 comments:

 1. ഒരു സുഹൃത്തായി പോലും എന്നെ പരിചയപ്പെടുത്താന്‍ അയാള്‍ മുതിരാത്തതില്‍ എനിക്ക് അളവറ്റ ദുഃഖം തോന്നി ദുഖിക്കേണ്ട .....ഞാന്‍ പരിചയപ്പെടുത്താം....നന്നായി ആശംസകള്‍

  ReplyDelete
  Replies
  1. തിരയുടെ നല്ല മനസ്സിന് പ്രണാമം

   Delete
 2. കൊള്ളാം പ്രണയിക്കു ..

  ReplyDelete
 3. പ്രണയിക്കുമ്പോഴെല്ലാം എനിക്ക് പുറത്തും, അവൾക്കുള്ളിലും മഴയായിരുന്നു, അല്ല അത് അങ്ങനെയാണല്ലൊ

  നല്ല എഴുത്ത്

  ReplyDelete
  Replies
  1. നന്ദി ഷൈജു...മഴക്കും പ്രണയത്തിനും തമ്മില്‍ എന്തോ ഒരു ബന്ധം ഉണ്ടല്ലേ ?

   Delete
 4. മുരുകന്‍ കാട്ടാക്കടയുടെ കവിത പോലെ ചിലര്‍ക്ക് ഒരു തരം ഭ്രമമാണ് പ്രണയം.
  അത് തിരിച്ചറിയാന്‍ ദിവസങ്ങള്‍ പിന്നിടെണ്ടി വരും. പക്ഷെ ജീവിതത്തില്‍ അര്‍ത്ഥവത്തായ പ്രണയം തുടങ്ങുന്നത് ജീവിത പങ്കാളിയില്‍ നിന്ന് എന്ന അവസാന ആശയം ഏറെ ഇഷ്ട്ടായി ...

  ReplyDelete
  Replies
  1. വേണുജി എന്റെ നന്ദി അറിയിക്കുന്നു ....

   Delete
 5. എനിക്ക് അയാളോടാണോ എന്നോടാണോ പുച്ഛം തോന്നിയത് എന്നറിയില്ല .ഒരു സുഹൃത്തായി പോലും എന്നെ പരിചയപ്പെടുത്താന്‍ അയാള്‍ മുതിരാത്തതില്‍ എനിക്ക് അളവറ്റ ദുഃഖം തോന്നി .... നല്ല ഭാവന .... വായിക്കാനും ഒരു സുഖം ... all the beast harsha

  ReplyDelete
  Replies
  1. നന്ദി ഈ നല്ല വാക്കുകള്‍ക്ക്

   Delete
 6. പ്രണയത്തിന്റ്റെ വിത്യസ്തം ആയ മുഖം ആദ്യ പ്രണയം ആരോടും പറയാതെ ഇങ്ങിനെ ഇന്നും സൂക്ഷിക്കുന്ന ..പിന്നീടൊരിക്കലും മറ്റൊരാളെ മനസ്സില്‍ പേറാന്‍ കഴിയാത്ത പലരും ഉണ്ട് ..പതിറ്റാണ്ടുകള്‍ ഒരേ കിടക്കയില്‍ ഇണയോടൊപ്പം കിടക്കുമ്പോഴും മനസ്സില്‍ താലോലിക്കുന്നത് ആ പ്രണയമായിരിക്കും ..പിന്നീടൊരിക്കല്‍ അയാളെ കാണുവാന്‍ ഇടയായാല്‍ തകര്‍ന്നടിയുന്ന സ്ഫടിക പാത്രം നാം കാണുന്നു ...തകര്‍ത്തെരിയുക...വര്‍ത്തമാന കാലത്തെ സ്നേഹിക്കുക സ്നേഹിപ്പിക്കുക ..അതെ അതിനൊരു മാര്‍ഗ്ഗമുള്ളൂ ..ഒറ്റയിരുപ്പില്‍ വായിച്ചു ഹര്ഷാ ..ഇനിയുമെഴുതുക

  ReplyDelete
  Replies
  1. പ്രണയം ചിലപ്പോള്‍ ഇങ്ങനെയും ആവും .പല മുഖങ്ങള്‍ ഉണ്ട് ...നന്ദി ഇക്ക

   Delete
 7. എനിക്ക് അയാളോടാണോ എന്നോടാണോ പുച്ഛം തോന്നിയത് എന്നറിയില്ല .ഒരു സുഹൃത്തായി പോലും എന്നെ പരിചയപ്പെടുത്താന്‍ അയാള്‍ മുതിരാത്തതില്‍ എനിക്ക് അളവറ്റ ദുഃഖം തോന്നി .അപ്പോള്‍ ഞാന്‍ അയാള്‍ക്ക്‌ ആരായിരുന്നു ?രോഷം ,സങ്കടം ,അപമാനം ഇവ മൂന്നും ചേര്‍ന്ന് ഒരു മറുപടി എഴുതി "ഞാന്‍ ലജ്ജിക്കുന്നു ..ഒരിക്കല്‍ നിങ്ങളെ പ്രണയിച്ചതില്‍,ആരാധിച്ചതില്‍ "അന്നേരം ആരും അറിയാതെ ഞാന്‍ സൂക്ഷിച്ചിരുന്ന എന്‍റെ ആദ്യ പ്രണയം അത്മഹത്യ ചെയ്തു .

  ആതിയ പ്രണയം നീ ഒളിപ്പിച്ചു വച്ചിട്ടും അയാളും അറിഞ്ഞിരുന്നു . നനായി ഏഴുദി (ഇടക്ക് കുറെ ഉണ്ടായിരുന്നു ..ആവര്‍ത്തനം ഒഴിവാക്കുക കുറച്ചു കൂടി ബംങ്ങിഉണ്ടാകും )ഹര്സഹ് കുട്ടിക്ക് എന്നോട് വിരോധം തോനരുത്‌ ..ആശംസകള്‍ ..

  ReplyDelete
  Replies
  1. നന്ദി എന്റെ ചക്കര ഇത്താത്ത...ഇനി ഞാന്‍ ശ്രദ്ധിക്കാം ട്ടോ

   Delete
 8. പ്രണയം ഒരു ഭ്രമമായിരുന്നു...
  ആ മഴയോടും..
  കുളിര്‍ കാറ്റിനോടും...
  എന്തിനേറെ..
  നിന്നില്‍ നിന്നുയരുന്ന-
  ആ..ചുടുനിശ്വസത്തിന് പോലും ..
  പ്രണയം ഒരു ഭ്രമമായിരുന്നു....
  ആശംസകലോടെ...
  അസ്രുസ്

  ReplyDelete
 9. ഒരു നല്ല ചാറ്റല്‍ മഴ നനഞ്ഞ പ്രതീതി ,,,നന്ദി അസ്രുസ്

  ReplyDelete
 10. പ്രണയം പലപ്പോഴും നേരമ്പോക്ക് ആണ്.. അല്ലെങ്കില്‍ ആത്മാര്‍ത്ഥത തൊട് തീണ്ടാത്ത അഭിനയം.. എങ്കിലും ജീവിത പങ്കാളിയില്‍ നിന്ന് പ്രണയം ആരംഭിക്കുന്നു എന്ന മികച്ച ഒരു ആശയം.അത് നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. നന്ദിയുണ്ട് സുഹൃത്തേ ഈ നല്ല വാക്കുകള്‍ക്ക്

   Delete
 11. ഒരിക്കലും പറഞ്ഞാല്‍ തീരാത്തത്ര നിഗൂഡഭാവങ്ങളൊളിപ്പിച്ചുവച്ചിട്ടുള്ള ഒന്നത്രെ പ്രണയം.

  നല്ല സുന്ദരമായ വായനാനുഭവം. അഭിനന്ദനങ്ങള്‍..

  ReplyDelete
  Replies
  1. പ്രണയം എത്ര പറഞ്ഞാലും തീരാത്തതും മടുക്കാത്തതും അയ subject അല്ലെ ....നന്ദി കൂട്ടുകാരാ

   Delete
 12. കഥയേക്കാള്‍ ഉപരിയായി വരികളിലെ ഭാവങ്ങള്‍ എനികിഷ്ടമായി ...എന്തോ ഒരു സുഖമുണ്ട് വായിക്കാന്‍ .

  ReplyDelete
  Replies
  1. ആമി ..നന്ദി ,,വന്നു വായിച്ചതിനു ...അഭിപ്രായം രേഖപെടുതിയത്തിനു

   Delete
 13. കഥ ഇഷ്ടമായി, മേഖമാല്‍ഹാറിലെ പോലെയുള്ള ഒരു അന്ത്യം പ്രതീക്ഷിച്ചു. ഏകദേശം അതുപോലെയോക്കെതന്നെ വന്നു.
  ജീവിത പങ്കാളിയില്‍ നിന്നാണ് യഥാര്‍ത്ഥ പ്രണയം ആരംഭിക്കുക എന്ന ദര്‍ശനം ഇഷ്ടമായി.
  ആശംസകള്‍.

  ReplyDelete
  Replies
  1. .എന്ത് ചെയ്യും ...എഴുതിപ്പോയി ..അതും മനസ്സില്‍ നിന്നും .ഒരു പക്ഷെ പല പ്രണയങ്ങളുടെയും അന്ത്യം ഇങ്ങനെ ആയിരിക്കും ...അതായിരിക്കാം സമനതക്ക് കാരണം .പ്രണയ ങ്ങള്‍ക്കൊക്കെ എവിടെയോ ഒരു commoness ഉണ്ടായിരിക്കാം .നന്ദി ശ്രീജിത്ത്‌ .ഇനിയും മഴക്കാടുകളില്‍ വരണം.

   Delete
 14. പ്രണയം എന്നത് പലരും പറഞ്ഞു മടുത്ത വിഷയമെങ്കിലും ആരും പറയാത്ത പ്രണയത്തിന്റെ മറ്റൊരു സുന്ദര മുഖം വളരെ തീവ്രമായി തന്നെ എഴുതി അവതരിപ്പിച്ചിരിക്കുന്നു. ആദ്യ ഭാഗം വായിച്ചു തുടങ്ങിയപ്പോള്‍ 'ഛെ ..ഇതും പഴയ പൈങ്കിളി സങ്കല്‍പ്പത്തിലേക്ക്‌ തന്നെയാണല്ലോ എന്നെ കൂട്ടി കൊണ്ട് പോകുന്നതെന്ന് " തെറ്റിദ്ധരിച്ചു .

  കാല്‍ ഭാഗം പിന്നിട്ടപ്പോള്‍ വാചകങ്ങളിലെ മനോഹാരിതയും പദപ്രയോഗങ്ങളുടെ വ്യത്യസ്തതയും എന്നെ കഥയിലേക്ക്‌ കൂടുതല്‍ അടുപ്പിച്ചു. അയാളെ ഭാര്യയോടു കൂടെ കാണുന്ന സമയത്ത് കഥ മറ്റൊരു തലത്തിലേക്ക് വഴുതി മാറിയത് വളരെ നന്നായി. വായനക്കാരനെ പിടിച്ചിരുത്താന്‍ അത് സഹായിച്ചു എന്ന് പറയാം. അതിനെക്കാളെല്ലാം മനോഹരമായത് കഥ പറഞ്ഞവസാനിപ്പിച്ച രീതിയാണ് എന്നതും ശ്രദ്ധേയമാണ്.

  അടുത്ത തവണ എഴുതുന്ന സമയത്ത് , പേജ് അലൈന്‍മെന്റ് , ഖണ്ടികാ ക്രോഡീകരണം, എന്നിവ കൂടി ശ്രദ്ധിക്കുക.

  എഴുത്തിന്റെ ലോകത്ത് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ സാധിക്കട്ടെ . എല്ലാ വിധ ആശംസകളും ഭാവുകങ്ങളും നേരുന്നു.

  ReplyDelete
  Replies
  1. നന്ദി പ്രവീണ്‍ ..സത്യം പറഞ്ഞാല്‍ ബ്ലോഗിങ്ങ് ,എഴുത്ത് എന്നിവയുടെ കാര്യങ്ങളില്‍ ഞാന്‍ ഒരു തുടക്കക്കാരിയാണ്‌...
   മേല്പറഞ്ഞ കാര്യങ്ങള്‍ ഇനി എഴുതുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ ശ്രദ്ധിക്കാം .നന്ദി ഈ നല്ല വിലയിരുത്തലിനും വാക്കുകള്‍ക്കും

   Delete
 15. ഒഹ്ഹ്! തീര്‍ച്ചയായും ഇങ്ങനൊന്നു എന്റെ ജീവിതത്തില്‍ സംഭവിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു..:(
  നന്ദി ചേച്ചി, നല്ലൊരു പ്രണയ കഥയ്ക്ക്...:)

  ReplyDelete
  Replies
  1. നന്ദി ......എല്ലാം നല്ലതിനാവട്ടെ ഷരുന്‍......

   Delete
 16. ഈ ആഴ്ചയിൽ തന്നെ മേഘമൽഹാർ മോഡൽ കഥകൾ ആറെണ്ണമെങ്കിലും വായിച്ചു. ഒരു വാർഷികപതിപ്പിലും ഇതാവർത്തിച്ചു. എന്തുപറ്റിയെല്ലാവർക്കും:)
  എന്തോ ആവട്ടെ കഥാന്ത്യം നന്മയാണല്ലൊ. നന്നായി എഴുതി ആശംസകൾ.

  ReplyDelete
  Replies
  1. THANKX.ചെലപ്പോള്‍ അതായിരിക്കും ഇപ്പോഴത്തെ TREND ചങ്ങാതി

   Delete
 17. വ്യത്യസ്തമായി എഴുതി, അതുകൊണ്ടുതന്നെ മടുപ്പ് തോന്നിച്ചില്ല.. ആശംസകള്‍ ഹര്‍ഷാ..

  ReplyDelete
 18. നന്നായി എഴുതി..... എന്തോ ഒരു സുഖം തരുന്നു ഈ വായന... എന്തൊക്കയോ വികാരങ്ങള്‍ വാക്കുകളില്‍ വരികളില്‍ സമ്മേളിപ്പിച്ച് കൊണ്ടുള്ള ഈ എഴുത്ത് വീണ്ടും തുടരുക......
  പ്രണയവും ആരാധനയും സഹതാപവും സൌഹൃദവും പ്രണയം ആയി തെറ്റിധരിച്ചവര്‍ക്കും...., പ്രണയത്തെ അവസാനം മുകളില്‍ പറഞ്ഞ എന്തെങ്കിലും ആയി മാറ്റി രക്ഷപ്പെട്ടവര്‍ക്കും വേണ്ടി സമര്‍പ്പിക്കാം.....

  ReplyDelete
  Replies
  1. നന്ദി അഖില്‍ ,ഇപ്പോള്‍ മനസ്സില്‍ അങ്ങനെ മഴ പെയ്യുകയാണ് ..ആലിപ്പഴങ്ങള്‍ പൊഴിച്ച് കൊണ്ട് ,,,നന്ദി നന്ദി

   Delete
 19. ഇഷ്ട്ടായി ഈ പ്രണയത്തിലേക്കുള്ള ദൂരം ,

  "അത് വെറുമൊരു ഭ്രമമായിരുന്നു എന്ന് പിന്നീടു എന്‍റെ ഭര്‍ത്താവു എനിക്ക് പറഞ്ഞു തരികയുണ്ടായി ..എന്‍റെ വയറില്‍ ചുറ്റിപ്പിടിച്ചു മുടികള്‍ വകഞ്ഞു മാറ്റി പിന്‍കഴുത്തില്‍ ചുണ്ടുകള്‍ ചേര്‍ത്ത് അദ്ദേഹം പറഞ്ഞു "പ്രണയം എന്താണെന്നു നീ അറിയാന്‍ പോകുന്നതെ ഉള്ളു" എന്ന് .പുറത്തു മഴ ശക്തിയായി പെയ്യുകയും ജനാലയിലൂടെ എന്‍റെ മേല്‍ ചാറ്റല്‍ വീഴ്ത്തുകയും ചെയ്തു ...."

  അവസനം ഭാഗം നല്ലൊരു സന്ദേശം തരുന്നു ,വിവാഹ ജീവിതം തന്നെയാണ് പ്രണയത്തിന്റെ മൂര്‍ത്തി ഭാവം നിറയേണ്ട ഇടം.

  എഴുത്ത് തുടരുക ,എല്ലാ ഭാവുകങ്ങളും നേരുന്നു !!!!

  ReplyDelete
  Replies
  1. വളരെ നന്ദിയുണ്ട് ജോമോന്‍ ...ഒരുപിടി അനുമോദനങ്ങള്‍ തന്നതിനു ...അവയൊക്കെ മഴച്ചാറ്റല്‍ പോലെ ദേഹത്ത് പതിക്കുന്നു .നന്ദി

   Delete
 20. തകര്‍ത്ത്‌ ... :) എഴുതി തകര്‍ക്കിന്‍ ..!!

  ReplyDelete
 21. ഹരുഷയുടെ കഥ വായിച്ചപ്പോള്‍ ജിബ്രാന്റെ പ്രണയ ലേഖനം ഓര്മ വന്നു ഒരിക്കല്‍ പോലും ജീവിതത്തില്‍ കണ്ടു മുട്ടാത്തവരുടെ സ്നേഹം എഴുത്തിന്റെ ശക്തി മനസ്സിനെ സ്വാധീനിക്കുന്ന അപൂര്‍വ നിമിഷങ്ങള്‍ ... ഇവിടെ അത് മറ്റൊരു രൂപത്തില്‍ സംഭവിച്ചിരിക്കുന്നു ....

  കവി മനോഹരമായ ഒരു പ്രണയ ഗീതമെഴുതി, കോപ്പികള്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും അയച്ചു കൊടുത്തു കൂട്ടത്തില്‍ കുന്നുകള്‍ക്കപ്പുറം താമസിക്കുന്ന ജീവിതത്തില്‍ ഒരിക്കല്‍ മാത്രം അയാള്‍ കണ്ടു മുട്ടിയ യുവതിക്കും അയച്ചുകൊടുത്തു രണ്ടു നാള്‍ കഴിഞ്ഞു യുവതിയില്‍ നിന്നും ഒരു കത്തുമായി ഒരാള്‍ കവിയുടെ അടുത്ത വന്നു കത്തില്‍ അവള്‍ പറഞ്ഞിതിങ്ങനെ നിങ്ങള്‍ എഴുതിയ പ്രണയ ഗീതം എന്നെ വല്ലാതെ സ്പര്‍ശിച്ചിരിക്കുന്നു ഇങ്ങോട്ട് വന്നു എന്റെ മാതാപിതാക്കളെ കണ്ടു വിവാഹം ഉറപ്പിക്കുക.കവി മറുപടിയായി എഴുതി പ്രിയ സുഹൃത്തേ എന്റെ ഗീതം ഒരു കവി ഹ്രദയത്തില്‍ നിന്നും വന്ന വരികളാണ് ഓരോ കമിതാക്കളും ഏറ്റു ചൊല്ലുന്നു.

  എഴുത്തിലൂടെ ആതമാര്‍ത്ഥ പ്രണയം നടന്ന കഥകളും ഉണ്ടായിട്ടുണ്ട് ഹര്‍ഷ, അതും ജിബ്രാന്‍ തന്നെ നമുക്ക് കാണിച്ചു തരുന്നു ..

  ഒരിക്കല് പോലും നേരില്‍ കാണാതെ, അന്യോന്യം ശബ്‌ദം കേള്‍ക്കാതെ, അന്തരാത്മാവില് നിറഞ്ഞുകത്തിയ ദിവ്യമായ പ്രണയമായിരുന്നു ജിബ്രാന്റെയും മേസിയാദയുടെയും. ഇരുവരും ലെബനോനില് വേരുകളുള്ളവര്, ജിബ്രാ൯ അമേരിക്കയിലെ ബോസ്‌റ്റണിലെത്തി, മേസിയാദ ഈജിപ്‌തിലും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളില് അറബി സാഹിത്യലോകത്ത് ഏറ്റവും പ്രശസ്തയായ എഴുത്തുകാരിയായിരുന്നു മേസിയാദ. ബോസ്റ്റണില് നിന്ന് പിരമിഡുകളുടെ നാട്ടിലേക്ക് കാതങ്ങളായിരം. എന്നിട്ടും അവരുടെ പ്രണയം കത്തുകളിലൂടെ വള൪ന്നു. അവരുടെ പ്രണയം ആത്മാവിലായിരുന്നു. ഒരിക്കലും ശരീരങ്ങള് കാണാ൯ മോഹിക്കാതെ ഭാവനയിലും സ്വപ്‌നത്തിലും അവര് ആശയവിനിമയം നടത്തി. ഒരിക്കല് മേസിയാദ ജിബ്രാന് എഴുതി: ദൂരെ ചക്രവാളത്തിനു താഴെ സൂര്യ൯ മുങ്ങാ൯ പോകുന്നു. രൂപത്തില് ആശ്ചര്യം ധ്വനിപ്പിക്കും വ൪ണമേഘങ്ങള്. അകലെ ഒരു നക്ഷത്രം മാത്രം ഉദിച്ചുയരുന്നു. അതിന്റെ പേര് വീനസ്. അത് വിശുദ്ധ പ്രണയത്തിന്റെ ദേവത. ആ താരഭൂവിലും നമ്മെപ്പോലെ പ്രണയാത്മാക്കള് കാണുമോ? അല്ലെങ്കില്, വീനസ് എന്നെപ്പോലെ മറ്റൊരു ജിബ്രാന്റെ സാന്നിധ്യം ആത്മാവില് അനുഭവിക്കുകയാണോ?

  ഹര്‍ഷയുടെ എഴുത്തിനു എല്ലാവിധ ആശംസകളും നല്ലൊരു എഴുത്തുകാരിയായി ഹര്‍ഷ മാറട്ടെ ...

  ReplyDelete
  Replies
  1. പ്രിയ മജീതിക്ക നന്ദി

   Delete
 22. മഴയുടെ മേലങ്കി ധരിച്ചു ഞാന്‍ ലൈബ്രറിയുടെ പടവുകള്‍ ഇറങ്ങി .മഴയത്ത് കരഞ്ഞു നടക്കുന്നതിന്‍റെ സുഖം അന്ന് ഞാന്‍ അറിഞ്ഞു .കുടപിടിച്ച് ധ്രിതിയില്‍ എന്‍റെ അരികിലൂടെ പോയവരാരും എന്‍റെ കരച്ചില്‍ അറിയുന്നുണ്ടായിരുന്നില്ല ......
  I am not just reading this , I am seeing this like a movie ..,,wish you all the best

  ReplyDelete
  Replies
  1. വളരെ സന്തോഷം ജിത്തു

   Delete
 23. പ്രണയം ദുഖമാണുണ്ണീ
  സൗഹൃദമല്ലോ സുഖപ്രദം
  (പ്രമേയത്തില്‍ പുതുമ അവകാശപ്പെടാനാവില്ലെന്കിലും,എഴുത്തിലെ ലാളിത്യവും രചനാ രീതിയും വായന സുഖകരമാക്കി.അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു)

  ReplyDelete
  Replies
  1. നന്ദി ശ്രീ ഇസ്മയില്‍ ..
   മഴകാടുകളില്‍ വന്നതിനുംഈ നല്ല വാക്കുകള്‍ക്കും

   Delete