Saturday, July 28, 2012

നീല കടുക്കനിട്ട പപ്പടങ്ങള്‍



                                                       

പതിവ് പോലെ എന്‍റെ ഒരു ബന്ധു നാട്ടില്‍ നിന്നും വന്നപ്പോള്‍ അമ്മയുടെ വക ഒരു കുഞ്ഞു പൊതിക്കെട്ട്   ഉണ്ടായിരുന്നു .."ഉണ്ണി മോള്‍ക്ക്‌ " എന്നെഴുതിയ കുറിപ്പടിയോടെ.പ്രായം മുപ്പതിനോടടുത്തെങ്കിലും ,മുടിയിഴകളില്‍ വെള്ള വീഴുന്നുണ്ടോ എന്ന് ആകുലതയോടെ നോക്കുമ്പോഴും അമ്മയുടെ ഈ "ഉണ്ണി മോള്‍ക്ക്‌ " എന്ന എഴുത്ത് കാണുമ്പോള്‍ ഞാന്‍ പഴയ വെള്ള കമ്മിസ് ഇട്ട, കറുത്ത് മെലിഞ്ഞ, ചെറിയ ഞാവല്‍പ്പഴ കണ്ണുള്ള കുട്ടിയാകും .ആ പൊതിക്കെട്ടില്‍ നിറയെ പപ്പടങ്ങള്‍ ആയിരുന്നു .എന്തോ ..പണ്ടത്തെ പോലെ എനിക്ക് ആവേശവും ആഹ്ലാദവും തോന്നിയില്ല .കാരണം അവ നീല കടുക്കനിട്ട പപ്പടങ്ങള്‍ ആയിരുന്നില്ല .
പണ്ട് അതായതു  ഞാന്‍ സ്കൂളില്‍ പോയിതുടങ്ങുന്നതേ ഉള്ളു .ഒരിക്കല്‍ ഞാന്‍ വീടിന്‍റെ ഉമ്മറത്ത്‌ ഒറ്റയ്ക്ക് നൂറാം കോല്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ വിളി ആദ്യമായി കേട്ടത് ."പപ്പടം വേണോ".പടിക്കല്‍ സഞ്ചിയും തൂക്കി ഒരാള്‍ .വിളി കേട്ട് അമ്മമ്മ പടിക്കല്‍ എത്തി .ഒറ്റ ഓട്ടത്തിന് പിറകെ ഞാനും .അമ്മമയുടെ പിന്നില്‍ ചുറ്റിപിടിച്ചു ഞാന്‍ തല നീട്ടി .എന്‍റെ കണ്ണുകള്‍ ആദ്യം കണ്ടു പിടിച്ചത് അയാളുടെ നീല കടുക്കനുകള്‍ ആയിരുന്നു .പിന്നെ വാത്സല്യം നിറഞ്ഞ കണ്ണുകളും .ഞങ്ങളുടെ ഗ്രാമത്തിലെ പുതിയ താമസക്കാര്‍ ആയിരുന്നു അയാളും കുടുംബവും .ഒരു കേട്ട് പപ്പടം വാങ്ങി നല്ലതാണെങ്കില്‍ ഇനിയും വാങ്ങാം എന്ന വാഗ്ദാനത്തോടെ അമ്മമ്മ തിരിച്ചു നടന്നു .

ആ നാളു വരെ കവലയിലെ അവരാച്ചന്‍ മാപ്പിളയുടെ കടയിലെ ചുവന്ന പപ്പടങ്ങള്‍ ആയിരുന്നു എന്‍റെ വീട്ടില്‍ എത്തിയിരുന്നത് ."ഇവിടെ പപ്പടത്തിനു അധികം ആവശ്യക്കാര്‍ ഇല്ല " എന്ന ന്യായ മായിരുന്നു അയാള്‍ക്ക് ചുവന്ന പപ്പടങ്ങളെ കുറിച്ച് പറയാനുണ്ടായിരുന്നത് .ഒരര്‍ത്ഥത്തില്‍ അത് ശരിയയിരുന്നു.ആ നാട്ടിലെ മിക്ക കുടുംബങ്ങളിലും പാകം ചെയ്തിരുന്നത്   കപ്പ ,കിഴങ്ങ് ,ചക്ക ,കാച്ചില്‍ ,കഞ്ഞി തുടങ്ങിയവയായിരുന്നു .പിന്നെ ഞായറാഴ്ചകളില്‍ പോത്തിറച്ചിയും .മധ്യ തിരുവിതകൂറില്‍ നിന്നും കുടിയേറിയ കുടുംബങ്ങള്‍ ആയിരുന്നു മിക്കതും .പപ്പടം ഒരു അധിക പറ്റു ആണെന്ന് പലരും വിശ്വസിച്ചു പോന്നിരുന്ന കാലം .(ഇന്ന് സ്ഥിതി മാറി കേട്ടോ .).അയാള്‍ വന്നു പോയ ദിവസം അമ്മ പപ്പടം കാച്ചി ...സുഗകരമായ ഒരു മണം അന്തരീക്ഷത്തിലാകെ പൊങ്ങി ..പോളച്ച പപ്പടങ്ങള്‍ .എനിക്ക് വേണ്ടി അമ്മമ്മ  പപ്പടങ്ങള്‍ പ്രത്യേകം നെയ്യില്‍ വറുത്തു കോരി ..അവയൊക്കെ നീലകടുക്കനിട്ടു എന്നെ നോക്കി പുഞ്ചിരിക്കുന്ന പോലെ തോന്നി .
അന്ന് മുതല്‍ സ്ഥിതിയാകെ മാറി .ഞാന്‍ ചോറ് നന്നായി പപ്പടം പൊട്ടിച്ചു കുഴച്ചുന്നുവാന്‍ തുടങ്ങി .പൊന്തി പൊള്ളാച്ച പപ്പടങ്ങള്‍ക്കുള്ളില്‍ ചോറ് നിറച്ചു കടിച്ചു തിന്നുവാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു ..


ഒരാഴ്ചകൊണ്ട് പപ്പടങ്ങള്‍ എല്ലാം തീര്‍ന്നു .പിന്നെ ഞങ്ങള്‍ അയാള്‍ക്കായുള്ള കാത്തിരിപ്പു തുടങ്ങി .അയാളുടെ വരവ് വൈകിയപ്പോള്‍ ഞാനും അമ്മമ്മയും കൂടെ അയാളുടെ വീട് അന്വേഷിച്ചു പോയി .ആ ചെറിയ ഗ്രാമത്തില്‍ അയാളെ കണ്ടുപിടിക്കുക അത്ര ശ്രമകരമായ ജോലി ആയിരുന്നില്ല .നിറയെ സ്നേഹപുല്ലുകള്‍ നിറഞ്ഞ ഇടവഴിയിലൂടെ ഞങ്ങള്‍ നടന്നു .ചെന്നെത്തിയത് ഓടിട്ട ഒറ്റമുറി വീട്ടിലായിരുന്നു .ചീര തൈകള്‍ക്ക് വെള്ളമൊഴിച്ച് കൊണ്ടിരുന്ന ഒരു സ്ത്രീ ഓടി വന്നു .അയാളുടെ ഭാര്യ.ഓടു മേയല്‍ കാരണം വൈകിയതിനു ക്ഷമ ചോദിച്ചു അയാള്‍ ഞങ്ങള്‍ക്ക് പപ്പടം എടുത്തു തന്നു

.ആ സ്ത്രീ എനിക്ക് കുടിക്കാന്‍ പഞ്ചസാരയിട്ട വെള്ളം തന്നു .അത്തരം പഞ്ചാര വെള്ളം ആദ്യമായിട്ടാണ് ഞാന്‍ കുടിക്കുന്നത് .നടന്നതിന്‍റെ ക്ഷീണം നന്നായി ഉണ്ടായിരുന്നു താനും .ഫോറെസ്റ്റ് ആഫീസിന്റെ മുന്‍പിലുള്ള ചായക്കടയെത്തിയപ്പോള്‍ എന്‍റെ കാലില്‍ അമ്മി കെട്ടിയിട്ടത് പോലെയായി .പതിയെ പതിയെ ഞാന്‍ ചിണുങ്ങി തുടങ്ങി ."വീട്ടില്‍ നിന്നും ഒന്നും കഴിക്കില്ല ...പുറം തീറ്റ അത്ര നല്ല ശീലമല്ല കുട്ട്യേ " എന്നും പറഞ്ഞു അമ്മമ്മ പാലിന്‍ വെള്ളവും  അപ്പവും വാങ്ങി തന്നു .കുറച്ചു പൊതിഞ്ഞെടുത്തു ..അന്നും ഇന്നും ഞാന്‍ അങ്ങനെ തന്നെ യാണ് .നല്ല ഭക്ഷണം കൊടുക്കുന്ന കട കണ്ടാല്‍ ഇപ്പോഴും എന്‍റെ കാലില്‍ ആരോ അമ്മി കെട്ടും .

അന്ന് തൊട്ടു  അയാളുടെ പപ്പടം വീട്ടില്‍ പതിവായി .സ്കൂളില്‍ കൊണ്ടുപോകുന്ന ചോറ്റു പാത്രത്തില്‍ ചോറും ഉപ്പേരിയോ മെഴുക്കു വരട്ടിയോ നിരത്തി കഴിഞ്ഞാല്‍ അമ്മ ഒരു പപ്പടം വയ്ക്കും.ഉച്ചക്ക് പാത്രം തുറക്കുമ്പോള്‍ ആ പപ്പടം തണുത്തു ഇരിക്കുന്നുണ്ടാകും  .അത് കഴിക്കാന്‍ നല്ല രസമായിരുന്നു .പിന്നീടു എന്‍റെ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന കുട്ടികള്‍ അത്തരത്തില്‍ പപ്പടം കൊണ്ട് വരുമായിരുന്നു .


നീല കടുക്കനിട്ട പപ്പടങ്ങള്‍ എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി .അയാള്‍ പപ്പടവുമായി വരുന്ന സമയത്ത് ഓടി മുറ്റത്തെത്തി പപ്പടം വാങ്ങി അമ്മമ്മക്ക് കൊടുക്കാന്‍ നല്ല  ആവേ ശ മായിരുന്നു .അതിനു ശേഷം  ഞാന്‍ ആട്ടിന്‍ കുട്ടിയെപ്പോലെ തുള്ളിച്ചാടി അയാളുടെ പുറകെ അടുത്ത വീടിന്‍റെ പടി വരെ പോകും .ഇടക്കിടെ അയാള്‍ വീട്ടില്‍ നിന്നും ചീര ,മത്തങ്ങാ മുതലായവ അമ്മമ്മക്ക് കൊടുക്കാറുണ്ടായിരുന്നു.പറഞ്ഞതില്‍ കൂടുതല്‍ പണം പപ്പടങ്ങള്‍ക്കായി അമ്മയും അമ്മമ്മയും നല്‍കാറുണ്ടായിരുന്നു .

ആയിടക്കാണ്‌ ഞാന്‍ അഞ്ചു പപ്പടങ്ങള്‍ ഒന്നിന് മുകളിലായി നിരത്തി വച്ച് കരാട്ടെ ക്കാര്‍ ഓടു പൊട്ടിക്കുന്നത് പോലെയുള്ള വിദ്യ കണ്ടു പിടിച്ചത് .അങ്ങനെ എന്തൊക്കെ പപ്പട സാഹസങ്ങള്‍ ..
കാലം ഒരു പാട് കഴിഞ്ഞെങ്കിലും നീലകടുക്കനിട്ട പപ്പടത്തോടുള്ള എന്‍റെ കൊതിക്കു  ഒരു അറുതിയും ഉണ്ടായില്ല.പുറത്തു നിന്നും ചോറ് കഴിക്കുമ്പോള്‍ ഞാന്‍ പപ്പടം മാറ്റി വയ്ക്കും .വെറുതെ എന്തിനാ മറ്റു പപ്പടങ്ങള്‍ തിന്നു എന്‍റെ നീല കടുക്കനിട്ട പപ്പടത്തിന്റെ രുചി നാവില്‍ നിന്നും കളയുന്നത് ?ഹോസ്റ്റലില്‍ നിന്ന് പഠിക്കുമ്പോള്‍ ഞാന്‍ എല്ലാ   ആഴ്ചാവസാനത്തിലും ഞാന്‍ വീട്ടില്‍ എത്തുമായിരുന്നു .തിരിച്ചു പോകമ്പോള്‍ അമ്മ എനിക്ക് ഒരു കവറില്‍ പപ്പടങ്ങള്‍ വറുത്തു നല്‍കും .പൊടിഞ്ഞ പപ്പടങ്ങള്‍ തിരുമ്മി കൂട്ടി ഹോസ്റ്റലിലെ വെള്ള ചോറ് ഞാനും എന്‍റെ കൂട്ടുകാരും ഒരുപാടു തിന്നിടുണ്ട്


.  എന്‍റെ കല്യാണത്തിനും നീല കടുക്കനിട്ട പപ്പടം ഉണ്ടായിരുന്നു .. .ഒരിക്കല്‍ ഞാന്‍ ഓഫീസില്‍ നിന്നും മടങ്ങി വരുമ്പോള്‍ നല്ല മഴക്കാറ് ഉണ്ടായിരുന്നു .ഇടി വെട്ടും തുടങ്ങി .വേഗത്തില്‍ ഗിയര്‍ മാറ്റി വളവു തിരിക്കുമ്പോള്‍ പ്രാഞ്ചി പ്രാഞ്ചി പോകുന്ന  രണ്ടു കാലുകള്‍ .അത് അയാളായിരുന്നു .നിര്‍ബന്ധിച്ചു വണ്ടിയില്‍ കയറ്റുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു ...അയാള്‍ ഒരു പടു വൃദ്ധന്‍ ആയിരിക്കുന്നു .സഞ്ചിയില്‍ കുറച്ചു പപ്പടങ്ങള്‍ .പഴയ നീല കടുക്കന്റെ പ്രഭ മങ്ങിയിരിക്കുന്നു ..ആ പപ്പടങ്ങള്‍ മുഴുവന്‍ എടുത്തു ഞാന്‍ ഡാഷില്‍ വച്ചു കുറച്ചു രൂപ ഞാന്‍ അയാളുടെ കയ്യില്‍ കൊടുത്തു ."ഒന്നും വേണ്ട കുട്ട്യേ " എന്ന് പറഞ്ഞെങ്കിലും എനിക്ക് കൊടുക്കാതിരിക്കാനായില്ല...

പണ്ടത്തെ ഓര്‍മ വച്ചു ഞാന്‍ അയാളുടെ വീട് കണ്ടു പിടിച്ചു .വഴികളൊക്കെ മാറിയിരുന്നു .അമ്മമ്മയുടെ കൈ പിടിച്ചു പോയ നാട്ടു വഴികള്‍  ആയിരുന്നില്ല അത് .മതിലുകളാല്‍ ചുറ്റപെട്ട സാമാന്യം നല്ല ഒരു ഒറ്റ നില വര്‍ക്ക വീടിന്‍റെ പോര്‍ച്ചി ലേക്ക് വണ്ടി കയറ്റി നിര്‍ത്തുമ്പോള്‍ അയാളുടെ ഭാര്യ ഓടി വന്നു .എന്നെ പരിചയപെടുത്തി ഞാന്‍ അവരുടെ  ഓര്‍മ പുതുക്കി ."കുട്ട്യോളൊക്കെ വലുതായി .ഈ വയസു കാലത്ത് ഈ പണിക്കു നില്‍ക്കണ്ടാന്നു പറഞ്ഞാ കേക്കില്ല .അല്ല ഇതിന്‍റെ ഒരു ആവശ്യവും ഇല്ല്യേ " അവര്‍ എനിക്ക് കുടിക്കാന്‍ ഓറഞ്ചു നിറമുള്ള ഒരു പാനിയം തന്നു .അതിനു പക്ഷെ പണ്ടത്തെ ആ പഞ്ചാര വെളളത്തിന്റെ രുചി ഇല്ലായിരുന്നു .

കുറച്ചു കാലത്തേക്ക് ആ പപ്പടങ്ങള്‍ വീട്ടില്‍ നിന്നും അപ്രത്യക്ഷമായി ..പിന്നീടു ഞാന്‍ ഈ മരുഭൂമിയിലേക്കുള്ള യാത്രക്കുള്ള ഒരുക്കത്തിലായി ..തലേ ദിവസം സന്ധ്യക്ക്‌ ഒരു വിളി "പപ്പടം വേണോ"...ഞാന്‍ ഓടി പണ്ടത്തെപ്പോലെ ഒറ്റ ഓട്ടത്തിന് പടിക്കലെത്തി ..മങ്ങിയ നീല കടുക്കനുകള്‍ ."നാളെ പോവല്ലേ ...കുട്ടിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാ..കുറച്ചേ ഉള്ളു .."പഴയ സഞ്ചിയില്‍ കുറച്ചു പപ്പടങ്ങള്‍ ....വാത്സല്യത്തോടെ എന്‍റെ തലയില്‍ തൊട്ടു അയാള്‍ പറഞ്ഞു "നന്നായി വരും ..." അമ്മ കൊടുത്ത കാശു നിരസിച്ചു അയാള്‍ തിരിച്ചു നടന്നു .വണ്ടിയെടുത്തു അയാളെ വീട്ടില്‍ കൊണ്ട് വിടാന്‍ അച്ഛനോട് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ എന്‍റെ കണ്ണുനീര്‍ വീണു   ആ പപ്പടങ്ങള്‍ മുഴുവന്‍ നനഞ്ഞിരുന്നു 
ഇവിടെ എത്തിയിട്ട് ഞാന്‍ നീല കടുക്കനിട്ട പപ്പടങ്ങളുടെ പുരാണം പറഞ്ഞു അവ വറുത്തു ഞാന്‍ ഭര്‍ത്താവിനു കൊടുക്കുമായിരുന്നു .വളരെ വേഗം അവ തീര്‍ന്നു .പിന്നീടൊരിക്കലും വന്‍കിട സൂപ്പെര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് പോലും എന്‍റെ പപ്പടങ്ങളെ വെല്ലുന്ന ,അല്ല അവയെപ്പോലെ രുചിയും പോള്ളപ്പും ഉള്ള പപ്പടങ്ങള്‍ കിട്ടിയില്ല  .നീല കടുക്കനിട്ട പപ്പടങ്ങള്‍ കിട്ടാന്‍ വല്ല വഴിയും ഉണ്ടോ എന്ന് ഞാന്‍ അമ്മ ഒരിക്കല്‍ വിളിച്ചപ്പോള്‍ ചോദിച്ചു ."അയാള്‍ കിടപ്പിലായി .അന്ന് നിനക്ക് തന്നു വിട്ടതിനു ശേഷം പിന്നീടു പപ്പടം ഉണ്ടാക്കിയിട്ടില്ലെന്ന അയാള്‍ടെ ഭാര്യ പറഞ്ഞെ "
നെഞ്ചത്ത് എന്തോ ഭാരം കയറ്റി വച്ച പോലെ .അയാള്‍ക്ക് ഇനി എന്ത് സംഭവിച്ചാലും എന്നോട് പറയരുത് എന്ന് ഞാന്‍ അമ്മയോട് പറഞ്ഞു .കാരണം എപ്പോഴെങ്കിലും നാട്ടില്‍ ചെല്ലുമ്പോള്‍ "പപ്പടം വേണോ " എന്ന ചോദ്യവുമായി അയാള്‍ പണ്ടത്തെപോലെ  വീണ്ടുമെത്തും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം .

ഇപ്പോള്‍ ഞാന്‍ പപ്പടം കഴിക്കാറില്ല .എങ്കിലും അമ്മ മുറക്ക് കൊടുത്തു വിടുന്നുണ്ട് .എനിക്ക് അവ കഴിക്കാന്‍ തോന്നാറില്ല .കാരണം അവ എന്‍റെ നീല കടുക്കനിട്ട പപ്പടങ്ങള്‍ ആയിരുന്നില്ല ..................