Sunday, June 24, 2012

ജോജോയുടെ തിരോധാനം

                                 

                                                    (ജോജോ - ഒരു ഫയല്‍  ചിത്രം )

ഒരു പൂച്ച കാട് കയറുക എന്നത് അമ്മയെ സംബന്ധിച്ചടുത്തോളം ഒരു വലിയ കാര്യം അല്ലായിരിക്കാം .അതുകൊണ്ടാണല്ലോ ജോജോ കാടു കയറി എന്ന് വളരെ ലാഘവത്തോടെ പറഞ്ഞത് .കടലുകടന്നു ത്രിജി വഴി ആ വാര്‍ത്ത കേട്ടപ്പോള്‍ എനിക്കുണ്ടായ സങ്കടം നിങ്ങളില്‍ ചിരി ഉണര്‍ത്തിയെക്കാം .കാരണം ജോജോ എന്‍റെ മാത്രം സ്വകാര്യ ദുഖം ആണല്ലോ .

ഈ ജോജോ ആരാ? എന്താ? എന്നൊക്കെ പറയുന്നതിന് മുന്‍പ് എന്‍റെ പൂച്ച പ്രേമത്തെ കുറിച്ച് നിങ്ങള്‍ അറിയണം .ഇല്ലെങ്കില്‍ പലര്‍ക്കും എന്‍റെ മനോ നിലയില്‍ നേരിയ സംശയം തോന്നാം .സ്വാഭാവികം .

പണ്ട് അതായതു ഞാന്‍ എന്‍റെ പ്രൈമറി വിദ്യാഭ്യാസ കാലം മുതല്‍ ആരംഭിച്ചതാണ് ഈ പൂച്ചകളുടെ പുനരധിവസിപ്പിക്കല്‍.എന്‍റെ ഗ്രാമത്തില്‍ നിന്നും ഏകദേശം ഒരു മണിക്കൂര്‍ "ചോറ്റാനിക്കര അമ്മ ","മീന മോള്‍" തുടങ്ങിയ ബസ്സുകളില്‍ സഞ്ചരിച്ചാലെ നഗരാതിര്‍ത്തിയില്‍ നിന്നും പരിഷ്ക്കാരിയായ സ്കൂള്‍ ബസ്സ്‌ കിട്ടുകയുള്ളൂ .അന്ന് ആ ഗ്രാമത്തില്‍ നിന്നും പട്ടണത്തില്‍ പോയി പഠിക്കുന്ന കുട്ടികള്‍ വിരളം .തിരിച്ചു വരും നേരം ഇതേ ബസ്സ്‌ സ്റ്റോപ്പില്‍ ഒരു നീണ്ട കാത്തു നില്‍പ്പാണ് .എന്‍റെ ഗ്രാമത്തിലേക്കുള്ള ബസ്സ്‌ കാത്തു ...

അവിടെ നഗരസഭയുടെ ഒരു ഭീമന്‍ ചവറ്റു കുട്ടയുണ്ട് .പ്ലാസ്റ്റിക്‌ കൂട്ടില്‍ കെട്ടിയ നിലയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പാട് പൂച്ച കുഞ്ഞുങ്ങളെ അതില്‍ നിന്നും ഞാന്‍ പോക്കിയെടുത്തിടുണ്ട് .പിന്നെ അവയെ ഞാന്‍ സ്കൂള്‍ ബാഗിനുള്ളില്‍ ആക്കും .ബസ്സിലെ യാത്രക്കിടയില്‍ "മ്യാവു ,മ്യാവു " ശബ്ധം കേട്ട് പരിഭ്രാ ന്തരായ യാത്രക്കാര്‍ ഷേര്‍ ലക് ഹോംസ് നെ പ്പോലെ എന്നെ കണ്ടുപിടിക്കും .കണ്ണും തള്ളി ബാഗും കെട്ടിപിടിച്ചു നില്‍ക്കുന്ന കുഞ്ഞു കുട്ടിക്ക് ഇരിക്കാന്‍ സീറ്റ് കൊടുത്തു പണിക്കാര്‍ തമ്മില്‍ ചിരിക്കും .കവലയില്‍ ബസ്സിറങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ പടിക്കലെത്തിയാല്‍ സഹയാത്രികരാരെങ്കിലും അമ്മ കേള്‍ക്കാന്‍ പാകത്തിന് നീട്ടി വിളിച്ചു പറയും "ടീച്ചറെ ,,കുട്ടി സ്കൂളില്‍ നിന്നും കൂട്ടുകാരെ കൊണ്ട് വന്നിടുണ്ട് ട്ടോ ".കല്ലെടുത്തെറിയാന്‍ തോന്നിയിട്ടുണ്ട്‌ എനിക്ക് .പിന്നെ  ഈ പൂച്ചകളെ വീട്ടില്‍ കയറ്റാന്‍ ഞാന്‍ നിരാഹാരം,മണ്ണില്‍ കിടന്നുരുളിച്ച ,തുടങ്ങിയ സമരമുറകള്‍ പയറ്റണം.


ജോജോ യെ ഞാന്‍ കണ്ടെത്തുന്നത് ഏതാണ്ട് ഇതേ പശ്ചാത്തലത്തില്‍ ആണ് .സ്ഥലവും ,സന്ദര്‍ഭവും മാത്രം വ്യതാസം .പിന്നെ ഞാനും ആ പഴയ സ്കൂള്‍ കുട്ടിയില്‍ നിന്നും ഒരു ഉദ്യോഗസ്ഥയായി വളര്‍ന്നു . .കൂടിനുള്ളില്‍ ശ്വാസം മുട്ടി കണ്ണ് ചിമ്മിയ വലിയ ആകര്‍ഷണീയത അവകാശ പ്പെടനില്ലാത്ത ഒരു പൂച്ച ക്കുട്ടി. അതായിരുന്നു അവന്‍ .വീട്ടില്‍ എത്തി വണ്ടിയില്‍ നിന്നും അവനെ എടുത്തു കൂള്‍ ആയി അകത്തേക്ക് കയറി പ്പോയ എന്നെ കണ്ടു ഞെട്ടിയതും കണ്ണ് തള്ളിയതും അമ്മയ്ക്കാണ് .

പിന്നെ പേരിടല്‍ കര്‍മ്മമായിരുന്നു .നാടന്‍ പേരുകള്‍ മടുത്തത് കൊണ്ട് കണ്ടു മറന്ന ഇംഗ്ലീഷ് പടങ്ങളിലെ നായകന്മാരുടെ പേര് വിളിച്ചു നോക്കി .സ്റ്റീവ് ,എറിക് മുതലായവ .ഒരു ഗമ വേണ്ടേ .ഒരു രക്ഷയുമില്ല .പൂച്ച തിരിഞ്ഞു നോക്കുന്നില്ല .അവസാനം വായില്‍ വന്ന പേരാണ് ജോജോ .അത് സംഗതി ക്ലിക്ക് ആയി .

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു .കൊടുക്കുന്ന പാല്‍ തീര്‍ത്തും കുടിച്ചു അവന്‍ അമ്മയെ കയ്യിലെടുത്തു .മനുഷ്യനായാലും ,മൃഗമായാലും കൊടുക്കുന്നത് മുഴുവന്‍ തിന്നുന്നവര്‍ അമ്മയ്ക്ക് പ്രിയപ്പെട്ടവര്‍ ആയിരുന്നു .അവന്‍ പ്ലേറ്റ് നക്കിതുടച്ച് അമ്മയെ നോക്കി പുഞ്ചിരിക്കും .അമ്മയും ഹാപ്പി .അച്ഛന്‍റെ വണ്ടിയുടെ ശബ്ധം കേട്ട് ചാടി മുറ്റത്തേക്കിറങ്ങി അവന്‍ അച്ഛന്‍റെ പ്രീതി സമ്പാദിച്ചു പലതരത്തിലുള്ള വണ്ടികള്‍ ചീറിപ്പായുന്ന ആ വഴിയില്‍ അച്ഛന്‍റെ വണ്ടി മാത്രം വേര്‍തിരിച്ചറിയുന്ന വിദ്യ ഇന്നും എനിക്ക് അജ്ഞാതമാണ്‌ ..പതുക്കെ അവന്‍ ആ വീട്ടിലെ സെറ്റിയില്‍ കയറി കിടന്നു ഭരിച്ചു തുടങ്ങി.പിന്നെ മുയല്‍ പുതപ്പ് എന്ന് ഞാന്‍ വിളിക്കുന്ന എന്‍റെ പതുപതുത്ത പുതപ്പിനുള്ളില്‍ ജോജോ ഉറങ്ങി തുടങ്ങി .

ഇതൊക്കെയാണെങ്കിലും മറ്റുള്ളവര്‍ക്ക് അവന്‍ ഒരു ചാവാലി പൂച്ച ആയിരുന്നു .ഒരു തരത്തില്‍ അത് നേരാണ് കേട്ടോ .എത്ര തിന്നാലും അവന്‍റെ ദേഹത്ത് കാണില്ല.Dr ,ചീരന്റെ പെറ്റ് ഷോപ്പില്‍ നിന്നും പേര്‍ഷ്യന്‍ പൂച്ചകള്‍ മാത്രം ഭക്ഷിക്കുന്ന വിലകൂടിയ പെല്ലെട്സ് എന്ന പൂച്ച ഭക്ഷണം വാങ്ങി കൊടുത്തിട്ടും ഒരു രക്ഷയുമില്ലായിരുന്നു .. . അവനു പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ മൃഗാശുപത്രിയില്‍ ച്ചെന്ന എന്നെ അവിടുത്തെ തൂപ്പു ക്കാരി അദ്ഭു ത തോടെ നോക്കിയതും എനിക്ക് ഓര്‍മയുണ്ട് .ആ നാട്ടില്‍ പൂച്ചക്ക് കുത്തിവെപ്പ് എടുത്ത ആദ്യത്തെ ഒരു പക്ഷെ അവസാനത്തെ ആള്‍ ഞാനാണെന്ന് അവര്‍ പറഞ്ഞാണ് പിന്നീടു ഞാന്‍ അറിയുന്നത് .

എന്‍റെ കല്യാണ ദിവസം ഒരുങ്ങി കഴിഞ്ഞു ഫോട്ടോ ക്ക് pose ചെയ്യുമ്പോള്‍ അവന്‍ ഓടി വന്നു ആ റോസ് നിറത്തിലുള്ള സാരിയുടെ മുന്താണി യിലുള്ള മുത്തുക്കള്‍ പിടിച്ചു തൂങ്ങി ആടിയതും,ഫോടോഗ്രഫെര്‍ അത് പകര്‍ത്തിയതും നല്ല ഓര്‍മ്മയുണ്ട് .


എന്‍റെ പൂച്ച വിരോധിയായ husband വരെപല്ലിറുക്കി ജോജോയെ സ്നേഹിച്ചു .പുള്ളി വിദേശ ത്തേക്ക് തിരിച്ചു പോയിട്ടും എന്‍റെ പാവം (?) അമ്മായിഅമ്മയെ സോപ്പിട്ടു,ഞാന്‍ ജോജോയുടെ കൂടെ കളിച്ചും മുയല്‍ പുതപ്പില്‍ ഉറങ്ങിയും എന്‍റെ വീട്ടില്‍ തന്നെ നിന്നു.




ഈ സമയത്താണ് ജോജോയുടെ ജീവിതത്തിലെ സുപ്രധാനമായ ആ സംഭവം .അതിനു കാരണഭൂതന്‍ ഗോപാലന്‍ ചേട്ടനാണ് .പണ്ട് കാലം മുതല്‍ വീട്ടില്‍ തെങ്ങുകള്‍ക്ക് ആഴത്തില്‍ കുഴിയെടുക്കുകയും ,പീപ്പി ,മച്ചിങ്ങ വണ്ടി മുതലായവ ഉണ്ടാക്കി തരുകയും ചെയ്തിരുന്ന ഗോപാലന്‍ ചേട്ടന് അന്നൊക്കെ സൂപ്പര്‍ മാന്‍ ,ഹീ മാന്‍ തുടങ്ങിയ കഥാപാത്രത്തോളം ഉയരത്തിലായിരുന്നു സ്ഥാനം .പുള്ളിക്കാരന്‍ കൂടെ കൂടെ ജോജോയെ ആണത്തമില്ലത്തവന്‍ എന്ന് വിളിച്ചു പരിഹസിച്ചിരുന്നു .സംഗതി ശരി യാണ് .വീടിന്‍റെ നാല് അതിരുകള്‍ വിട്ടവന്‍ പുറത്തേക്കിറങ്ങില്ലയിരുന്നു .മറ്റു പൂച്ചകളുടെ നിഴല്‍ വെട്ടം കണ്ടാല്‍ ഓടി അകത്തു കയറും .ഈ പരിഹാസം കേട്ട് മടുത്തിട്ടോ എന്തോ ഒരു ഉത്തരം എന്നോണം കുറച്ചപ്പുറത്തെ ജോര്‍ജേട്ടന്റെ വീട്ടിലെ കുറിഞ്ഞിക്ക് ജോജോയുടെ ച്ചായയുള്ള രണ്ടു കുഞ്ഞുങ്ങള്‍ ജനിച്ചു .അത് അവന്‍റെ കുഞ്ഞുങ്ങള്‍ ആണെന്ന് ആ വീട്ടിലെ ചേച്ചി പറയുന്നതില്‍ സത്യം ഉണ്ടായിരുന്നു .കാരണം ഒരിക്കല്‍ ആ വീട്ടിലെ ചെമ്പകത്തിന്റെ ചുവട്ടില്‍ ഞാന്‍ ഇവരെ കണ്ടിട്ടുണ്ട് .പലപ്പോഴായി മറ്റുപലരും ഇതേ സീന്‍ കാണുകയുണ്ടായി


ഇതൊക്കെയാണെങ്കിലും ജോജോ വളരെ അഭിമാനിയായിരുന്നു .ഭാര്യ വീട്ടില്‍ ഒരു രാത്രി പോലും അവന്‍ തങ്ങി യിട്ടില്ല കുറിഞ്ഞിയുടെയും,കുഞ്ഞുങ്ങളുടെയും കാര്യം തിരക്കി ഭാര്യ സുഖം അനുഭവിച്ചു "ശ്ശടെ " ന്നു തിരിച്ചു വരും.അവന്‍റെ ഈ യാത്രകളെ എന്‍റെ സുഹൃത്തുക്കള്‍ "സമ്മന്ധ" വുമായി ഉപമിച്ചിരുന്നു .


.ഈ മരുഭൂമിയില്‍ വന്നിട്ടും എല്ലാ ദിവസും അമ്മയോട് സംസാരിച്ചു കഴിഞ്ഞാല്‍ അവന്‍ "മ്യാവു " എന്ന് വിളിച്ചു അവന്‍റെ വിശേഷങ്ങള്‍ പറയും. ആ ജോജോയാണ് ആരോടും പറയാതെ ഒരു ദിവസം കാട് കയറിയത് .

ഇതിനെ കുറിച്ച് പലരും പല അഭിപ്രായ പ്രകടനങ്ങളും നടത്തി .ജോജോക്ക് വിരക്തി പ്രാപിച്ചതാണ് എന്നും ,അതല്ല തലയിണ ഉപയോഗിക്കുന്നവര്‍ അല്ലെങ്കിലും കുറിഞ്ഞിയുടെ തലയിണ മന്ത്രത്തില്‍ മയങ്ങി മറ്റെവിടെയോ ഒരു അണുകുടുംബമായി അവര്‍ കഴിയുന്നുണ്ടാകും  എന്നും കേള്‍ക്കുന്നു .

എന്തൊക്കെയായാലും എന്‍റെ വീട്ടിലെ ഫ്രിഡ്ജില്‍ ഒരു ഗ്ലാസ്‌ പാലും അവനു ഇഷ്ടമുള്ള പെല്ലെറ്സും എപ്പോ ഴും സൂക്ഷിക്കാന്‍  ഞാന്‍ അമ്മയോട്പറഞ്ഞിട്ടുണ്ട് .ഇനി ചിലപ്പോള്‍  അവന്‍ ഒരു വേള തിരിച്ചു വന്നാലോ ,,,,,,,,,,,,,,


വാല്‍കഷ്ണം :



എന്‍റെ വീട്ടില്‍ ആദ്യമായാണ് ഒരു പൂച്ച കാട് കയറുന്നത് .പണ്ടൊരു പൂച്ച ദിവംഗ തനായപ്പോള്‍ അന്നേരം "പൂച്ച മരണം " എന്ന കവിത എഴുതി .പിന്നീട് പൂച്ചയുടെ പര്യായം ക്ലാസ്സില്‍ പഠിച്ചപ്പോള്‍ അത് "മാര്‍ജ്ജാര മരണം" ആയി .

Saturday, June 9, 2012

ഓര്‍മ്മയിലെ ക്രിസ്മസ്












തെക്കന്‍ തിരുവിതാംകൂറിലെ കുടിയേറ്റ ക്രിസ്ത്യാനികള്‍ ഒരുപാടുള്ള സ്ഥലമായത് കൊണ്ടാണോ അതോ ,ഒരു ക്രിസ്ത്യന്‍ മിഷിനറി സ്കൂളില്‍ പഠിച്ചത് കൊണ്ടാണോ എന്നറിയില്ല എനിക്ക് അന്നും ഇന്നും ഓണം വിഷു എന്നതിനേക്കാള്‍ പ്രിയം ക്രിസ്മസിനോടായിരുന്നു .മാവേലിയക്കാളേറെ സന്താക്ലോസ്സിനെ കാത്തിരുന്നു . വളർന്നപ്പോൾ  ഞാന്‍ മഞ്ഞു കാലത്തേ പ്രണയിച്ചു തുടങ്ങി .അങ്ങനെ മഞ്ഞു കാലത്തേ ക്രിസ്ത്മസും എനിക്ക് പ്രിയപ്പെട്ടതായി

 
ക്രിസ്തുമസ് പാപ്പ അഥവാ സാന്താക്ലോസ് .....RAIN DEERS  വലിക്കുന്ന വണ്ടിയില്‍ ചാക്ക് നിറയെ സമ്മാന പൊതികളുമായി മഞ്ഞിലൂടെ വരുന്ന തടിച്ച അപൂപ്പന്‍ .ചെറുപ്പത്തില്‍ ഒരു പാട് കാത്തിരുന്നിടുണ്ട് .




തൊട്ടടുത്തുള്ള പള്ളികളില്‍ നിന്നും വരുന്ന കരോള്‍ സംഘങ്ങളുടെ ഡ്രം പുറപ്പെടുവിക്കുന്ന ഡും ഡും ഡും ഡും ശബ്ദ വും ഈണം ഒട്ടുമില്ലാത്ത പാട്ടും കൂടെ മെലിഞ്ഞു ശുഷ്കിച്ച ക്രിസ്മസ് അപൂപ്പനും!!! ഈ കരോള്‍ ഗാനം ബഹു രസമാണ് .ആദ്യത്തെ നാലുവരി പാടി ..പിന്നീടു വളരെ പെട്ടെന്ന് തന്നെ പാട്ടിന്റെ അവസാന ഭാഗത്തേക്ക്‌ ഒരു തെന്നി നീക്കമാണ് ..അത് മുഴുവനാകും മുന്‍പേ സംഘത്തിലെ ആരെങ്കിലും വിളി ച്ചു പറയും "ഉണ്ണിയേശു പുല്‍ക്കൂട്ടില്‍ ഭൂജതനയിരിക്കുന്നു ..ഹല്ലേലൂയ !" അതോടെ കരോള്‍ ഗാനം തീര്‍ന്നു 


.മിട്ടായിയും ബലൂണും ഇപ്പൊ കിട്ടും എന്ന് വിചാരിച്ചു ക്രിസ്ത്മസ്  അപൂപ്പനെ നോക്കി നില്‍ക്കുന്ന എന്‍റെ പാവം കുഞ്ഞി കണ്ണുകളെ അവഗണിച്ചു അച്ഛന് രസീത് നല്‍കി പുള്ളി അടുത്ത വീട്ടില്ലേക്ക് യാത്രയാകും ...



               സെന്റ്‌ തോമസ്‌ കോളേജ് ജങ്ങ്ഷനില്‍ ഉള്ള" ലിറ്റില്‍ ഫ്ലവര്‍ " എന്ന കടയില്‍ നിന്നും വാങ്ങുന്ന നക്ഷത്രങ്ങള്‍ ....ഞങ്ങളുടെ അയല്‍ക്കാരായ എന്‍റെ കൂട്ടുകാരന്‍ ലിജോ യുടെ വീട്ടില്‍ നിന്നും കൊണ്ട് വരുന്ന കേക്ക് ...പിന്നെ പ്ലാവിന്റെ കൊമ്പ് വെട്ടി ഉണ്ടാക്കുന്ന ക്രിസ്ത്മസ്  ട്രീ ....ഇതൊക്കെ ആയിരുന്നു കുഞ്ഞിലെ ഉള്ള 
ക്രിസ്ത്മസ്  




വളരുംതോറും 
ക്രിസ്ത്മസ്  ആഘോഷങ്ങളും പുരോഗമിച്ചു. 
ക്രിസ്ത്മസ്  ഫ്രണ്ട് ,കാര്‍ഡ്സ്, ഗിഫ്റ്സ് ,കേക്ക് ആന്‍ഡ്‌ വൈന്‍ ....
പക്ഷെ 
ക്രിസ്ത്മസ്  അപൂപ്പനെ പ്രതീക്ഷിക്കുന്ന ആ കുട്ടിയില്‍ നിന്നും എന്റെ മനസ് മാത്രം വളര്‍ന്നില്ല .
എന്തോ, എല്ലാ വര്‍ഷവും ഈ കരോളും സാന്തയും നക്ഷത്രങ്ങളും എന്റെ യാഥാര്‍ത്യ ബോധത്തിന്റെ വളരെ അടുത്ത് നില്‍ക്കുന്ന സംഭവങ്ങളാണ് .




ഇന്ന് ഒട്ടും പ്രതിക്ഷിക്കാതെ ഓഫീസില്‍ വന്ന ഒരു അമേരിക്കക്കാരന്‍ ഷേക്ക്‌ ഹാന്‍ഡ്‌ തന്നു "മെറി 
ക്രിസ്ത്മസ്  "ആശംസിച്ചു.. അയാള്‍ ഒരു തടിയനും സാമാന്യം നല്ല ഒരു കുട വയര്‍ ഉള്ളയാളും ആയിരുന്നു ..നരച്ച മീശയും താടിയും.പിന്നെ നല്ല അരുമയുള്ള ചിരിയും ഒരു കൊച്ചു മിട്ടായി മേശ പ്പുറത്ത് വയ്ച്ചു  .".may GOD BLESS YOU MY DEAR " എന്നും പറഞ്ഞു നടന്നു പോയി ,

പെട്ടെന്ന് ഞാന്‍ ആ പഴയ കുട്ടിയായി .ക്രിസ്ത്മസ്   രാത്രിയില്‍ സന്തക്ലൌസ് കൊണ്ടുവരുന്ന മിട്ടായി കാത്തിരിക്കുന്ന വെളുത്ത കമ്മീസ് ഇട്ട മെലിഞ്ഞ കുട്ടി. " ഒരിക്കല്‍ റിയല്‍ ക്രിസ്മസ് പപ്പാ വരും എനിക്ക് ഗിഫ്റ്സ് കൊണ്ട് വരും "...അമ്മയോട് എല്ലാ ക്രിസ്ത്മസ്   ഞാന്‍ പറയുന്ന വാചകങ്ങള്‍ ആയിരുന്നു


അന്ന് അമ്മ ചിരിക്കുമായിരുന്നു .ഇപ്പൊ കൂടെ സജിനും.   വളരും തോറും എന്നില്‍ നിന്നും മാഞ്ഞു പോകാത്ത ഒരു വിശ്വാസം ,ഒരു സങ്കല്പം
എന്നൊക്കെ വേണമെങ്കില്‍ പറയാംഅതിനെ .ഇനി സജിന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍ CHILDISHNESS 


ഇനി ഈ അമേരിക്ക ക്കാരന്‍ ആണോ സാന്താക്ലോസ്?വീട്ടില്‍ തിരിച്ചെത്തി സജിനോട് സംഭവം പറഞ്ഞതിന് ശേഷം ഈ ചോദ്യം ചോദിക്കുമ്പോള്‍ ഉയരുന്ന പൊട്ടിച്ചിരി എനിക്ക് ഊഹിക്കവുന്നത്തെ ഉള്ളു .അപ്പോഴും എന്‍റെ ഉള്ളിലെ കറുത്ത് മെലിഞ്ഞ കുഞ്ഞി കണ്ണുള്ള കുട്ടി മിട്ടായി നുണഞ്ഞു ജിങ്ങില്‍ ബെല്ല്സ് പാടുകയായിരുന്നു.











ഗന്ധങ്ങള്‍









അയാള്‍ അന്ന് പതിവിലും നേരത്തെ മുറ്റത്ത്‌ ഉലാത്താനിറങ്ങി.ആ സമയത്ത് ഒരു ഉലാത്തലും ,കിളികള്‍ക്ക് തീറ്റ കൊടുക്കലും ,ചെടി നനയ്ക്കലും അയാള്‍ക്ക് പതിവായിരുന്നു .ഈ "അയാള്‍"ആരാണെന്നു പറഞ്ഞില്ലല്ലോ .ഒരു ആഡ്യത്തമുള്ള പേര് അയാള്‍ക്കുണ്ട് .പേരിലെന്തിരിക്കുന്നു അല്ലെ?സന്ധ്യാ നേരത്തുള്ള ഉലാത്തലും മറ്റും കേള്‍ക്കുമ്പോള്‍ അയാള്‍ ഒരു തൊഴില്‍രഹിതനായ മധ്യവയസ്കനാണെന്ന് തെറ്റിദ്ധരിക്കരുത് .പാതി ശരിയാണ് .അയാള്‍ ഒരു മധ്യവയസ്കനാണ് .പാരമ്പര്യമായി സ്വത്തു വകകള്‍ ധാരാളമുള്ള ,വിതക്കാതെ കൊയ്യുന്ന ഒരു സമ്പന്നന്‍ ..വിപണിയുടെ കയറ്റിറക്കങ്ങള്‍ ബാധിക്കാത്ത ഒരു വന്‍ മതില്‍ .




ഇനി അയാള്‍ ഉലാത്തുന്നതിന്റെ രഹസ്യത്തിലേക്ക് വരാം.അത് അയാളുടെ ഭാര്യ,പ്രശസ്തയായ ഡോക്ടറുടെ കണ്‍സല്‍ട്ടിങ്ങ് ടൈം ആണ് .അത് ഒരു പ്രത്യേക കെട്ടിടം ആണെങ്കിലും പോക്ക് വരവ് ഈ മുറ്റത്ത്‌ കൂടെയാണ് .

അയല്‍പക്കത്തെ പെണ്ണുങ്ങളുടെ കുനിട്ടും കുശുമ്പും അറിയുവാനുള്ള വെമ്പല്‍ പോലെയാണ് അയാള്‍ക്ക് ആ നേരങ്ങള്‍ ....അയാള്‍ ഒരു സംശയാലു ഒന്നും അല്ല കേട്ടോ ..എന്തോ അയാള്‍ അങ്ങിനെയാണ് ...അത് ഒരു വായ്നോട്ടമോ ,വികരത്തള്ളിപ്പോ ഒന്നുമല്ല .ഒരു കൌതുകം !അതെ ,അതാണ് ശരിയായ വാക്ക് ....



ഇനി ഭാര്യയിലേക്ക് വരാം .അവര്‍ക്ക് ഇതൊന്നും ഒരു വിഷയമല്ല .ഒരു ഡോക്ടറുടെ ഗൌരവം നിറച്ച കണ്ണുകള്‍ അവര്‍ തന്റെ വട്ട കണ്ണാട കൊണ്ട് മറച്ചിരുന്നു .അധികം സംസാരിക്കാത്ത അവരെക്കുറിച്ച് ഞാന്‍ എന്തെഴുതാന്‍ ?സന്ദര്‍ശകര്‍ക്ക് അയാള്‍ ഒരു പരിചാരകനോ ,തോട്ടക്കാരനോ ആയി തോന്നാതിരിക്കാന്‍ ഉലാത്തുമ്പോള്‍ ധരിക്കാന്‍ അയാള്‍ക്ക് അവര്‍ മുന്തിയ കമ്പനി മുദ്രകള്‍ പതിപ്പിച്ച ടീ ഷര്‍ട്ടുകള്‍ സമ്മാനിക്കാറുണ്ടായിരുന്നു .


അന്നാദ്യമായാണ് അയാള്‍ ഭാര്യയെ കാണാന്‍ വന്ന ആ സ്ത്രീയുടെ വട്ടപ്പോട്ടിലേക്ക് ഏറെ നേരം നോക്കി നിന്നത് അയാള്‍ അപ്പോള്‍ ചെടി നനയ്ക്കുകയായിരുന്നു .."അല്ല,ഇത് അവളല്ല".അയാള്‍ സ്വയം പറഞ്ഞു .അവള്‍ക്കു കണ്ണാട ഇല്ലായിരുന്നല്ലോ .മാത്രമല്ല അവളുടെ മാറിടം ഇത്ര പതിഞ്ഞതല്ല .നിറം ഇതിലും ഉണ്ട്.പിന്നെ നടപ്പിന്റെ താളവും ശരിയല്ല .പക്ഷെ ,റോസയും ,പിച്ചിയും അന്ധൂറിയവും ചേര്‍ന്ന് വര്‍ഷങ്ങള്‍ ആ സ്ത്രീയില്‍ വരുത്തിയ മാറ്റങ്ങള്‍ അയാള്‍ക്ക് പറഞ്ഞു കൊടുത്തു .അത് അയാള്‍ പണ്ട് ഒരുപാടു മനസ്സില്‍ ആഗ്രഹിച്ചു മനസ്സില് കൊണ്ട് നടന്ന  അയാളുടെ പഴയ കാമുകി തന്നെയാണെന്ന് എവര്‍ഗ്രീന്‍ ചെടി ആണയിട്ടു.. ഈ കാമുകി പ്രയോഗം ശരിയാണോ എന്നറിയില്ല കാരണം അവർ ഒരിക്കലും അയാളെ സ്നേഹിച്ചതായി അറിവില്ല . കാരണം അത് തുറന്നു പറയാൻ അയാളും മുതിർന്നിട്ടില്ലല്ലൊ 


."അല്ലെങ്കിലും അയാള്‍ എന്നും അങ്ങനെയാ..ഒരു എലിയുടെ മട്ട്" മുല്ലവള്ളി ഏന്തി വലിഞ്ഞു പിറുപിറുത്തു 

.അയാള്‍ ഒരു തണുപ്പനാണെന്ന് ഒരിക്കല്‍ ഡോക്ടര്‍ കാറിലിരുന്നു തന്റെ പുറത്തു വിരലോടിക്കുന്ന സഹപ്രവര്‍ത്തകനോട് പറഞ്ഞതും അവര്‍ ഒരുമിച്ചു ചിരിച്ചു തന്നെ കുലുക്കിയതും മുറ്റത്ത്‌ പാര്‍ക്ക്‌ ചെയ്തിരുന്ന കാര്‍ ഓര്‍ത്തു .ആ വിദ്വാന്‍ പൂശിയ അഫ്റെര്‍ ഷേവ് ലോഷന്റെ ഗന്ധം അതിനു ഇഷ്ട്ടമല്ലായിരുന്നു .ആ ഗന്ധവുമായി കിടപ്പുമുറിയില്‍ വരുന്ന ഭാര്യയോടു അയാളും ഒന്നും ചോദിക്കാറില്ലായിരുന്നു .









ആ സ്ത്രീ ഈ നഗരത്തിലേക്ക് താമസം മാറിയിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ എന്നും അവരുടെ ഭര്‍ത്താവ് ഇപ്പോഴും ഒരു പ്രവാസിയാണെന്നും അറിഞ്ഞു .പിന്നീടയാള്‍ അവരുടെ കാലടികള്‍ പിന്തുടര്‍ന്നു.അവരുടെ തവിട്ടു നിറമുള്ള ഗേറ്റ് തുറന്നു അയാള്‍ അവരുടെ സ്വകാര്യതയിലേക്ക് കടക്കുക പതിവായി ,

അയാളുടെ വീട്ടിലെ ചെടികൾക്കും ചുവരുകൾക്കും ഇപ്പോൾ ഗന്ധങ്ങൾ ഇഷ്ട്ടമല്ല  .കാരണം അപരിചിതമായ ഗന്ധങ്ങള്‍ പേറി ആ വീട്ടുകാര്‍ തിരിച്ചെത്തുമ്പോള്‍ അവയ്ക്ക് ഓക്കാനം വരുമത്രേ .. 

അരികുകള്‍ ഇല്ലാത്ത കിണര്‍









ഇന്നലെ രാത്രി മഴപെയ്തപ്പോള്‍ പെട്ടെന്ന് മനസ്സില്‍ ഓടിക്കയറി വന്നതാണ്‌ ഈ ഓര്‍മ്മകള്‍ .....


പണ്ട് വീടിന്റെ പുറകു വശത്തു ഒരു കിണര്‍ ഉണ്ടായിരുന്നു .കൈവരികള്‍ ഇല്ലാത്ത കിണര്‍ .മുകളില്‍ നിന്നും നോക്കിയാല്‍ വളര്‍ന്നു നില്‍ക്കുന്ന പുല്‍ജാതികളും ,വെട്ടം പ്രതിഫലിപ്പിക്കുന്ന പാറകളും,നല്ല ഉറവയും ഉള്ള ഒരു കിണര്‍ ..നല്ല മഴയുള്ള രാത്രികളില്‍ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടുമ്പോള്‍ മനസിലെ ചിന്ത രാവിലെ കിണറിലെ വെള്ളത്തിന്റെ അളവിനെ കുറിച്ചാവും .നിലയ്ക്കാത്ത പേമാരി ആണെങ്കിൽ  ഉണങ്ങാത്ത തുണികളെ കുറിച്ചും ,അടുപ്പില്‍ വച്ചാല്‍ കത്താതെ പുകയുന്ന വിറകിനെ കുറിച്ചും അമ്മ വേവലാതിപ്പെടുമ്പോള്‍ ഞാന്‍ മനോഹരമായ ഒരു സ്വപ്നം കാണുകയായിരിക്കും .വെള്ളം നിറഞ്ഞു കിടക്കുന്ന കിണറും ..കപ്പു കൊണ്ട് വെള്ളം കോരി പട്ടികുഞ്ഞിനെ കുളിപ്പിക്കുന്ന ഞാനും .


രാവിലെ എഴുന്നേറ്റു ഒരു ഓട്ടമാണ് പുറകുവശത്തേക്ക് ...മഴകൊണ്ട്‌ ഉറങ്ങിപ്പോയ തോട്ടവാടികളെ ചവിട്ടി മെതിച്ചും ,തെങ്ങില്‍ തടത്തില്‍ ഇറങ്ങി ചെളിയും തെറുപ്പിച്ച് കൊണ്ട് ..അപ്പോള്‍ ആ കിണറില്‍ നിറയെ നീല നിറത്തിലുള്ള വെള്ളം നിറഞ്ഞിരിക്കും ..അല്ല ,അത് നിറഞ്ഞു കവിഞ്ഞിരിക്കും എന്ന് പറയുന്നതാണ് ശരി .കിണറിന്റെ ഓരത്ത് മാക്രി കുഞ്ഞുങ്ങള്‍ ചാടി മറയുന്നത് കാണാം .എന്റെ ഉടുപ്പിന്റെ അരികു പറ്റി പട്ടികുഞ്ഞും കിണറിലേക്ക് എത്തി നോക്കും .സി .വി രാമന്‍ ഇഫ്ഫെക്റ്റ് പഠിക്കുന്നതിനു വളരെ മുന്‍പ് ഞാന്‍ ആലോചിക്കാറുണ്ട് ഈ വെള്ളത്തിന്‌ ഇങ്ങനെ  നീല നിറം എന്തുകൊണ്ടാണ് എന്ന് ..



ഇത്തരം ചിന്തകളില്‍ മുഴുകി ഞാനും പട്ടികുഞ്ഞും കിണറ്റിന്‍കരയില്‍ ഇരിക്കുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് നീരോലി വടി കൊണ്ട് പുറത്തു നല്ല വീ ശിയുള്ള അടി ..തിരിഞ്ഞു നോക്കുമ്പോള്‍ രണ്ടു കയ്യിലും നീരോലി വടിയുമായി അമ്മയുണ്ടാകും .അടികൊള്ളാന്‍ എന്നെ തനിയെ വിട്ടിട്ടു പട്ടികുഞ്ഞു ഓടി മറയും .അന്നേരം അമ്മയ്ക്കും ബാലരമയിലെ ഡാകിനിക്കും ഒരേ ച്ഛായയാണെന്ന് എനിക്ക് തോന്നാറുണ്ട് .


അമ്മ എന്നെ തല്ലാന്‍ സ്ഥിരമായി ചൂരല്‍ വാങ്ങാറുണ്ടായിരുന്നു.അമ്മ അറിയാതെ ഞാന്‍ ആ ചൂരല്‍ ബ്ലേട്‌ കൊണ്ട് വരഞ്ഞു വെക്കാറുണ്ടായിരുന്നു .ഒരു അടി കൊണ്ട് കഴിയുമ്പോഴേക്കും ഒടിഞ്ഞു പോകാനുള്ള വിദ്യ .സഹികെട്ട് അമ്മ പറമ്പിന്റെ അതിരില്‍ നില്‍ക്കുന്ന നിരോലി വടികള്‍ ഒടിച്ചു അടിക്കാന്‍ തുടങ്ങി .അതിനു നല്ല വേദനയും ഉണ്ടായിരുന്നു .അടികൊണ്ടു ചുവന്ന വടുക്കള്‍ നോക്കി ഉമ്മറത്ത്‌ എങ്ങലടിക്കുമ്പോള്‍ പറ്റി ക്കൂടാന്‍ പട്ടികുഞ്ഞും വരും .




അപ്പോഴേക്കും ആവി പറക്കുന്ന ചായ,ദോശ,പഞ്ചസാര മുതലായവയുമായി അമ്മയെത്തും .ഒരു കഷ്ണം ദോശ പട്ടികുഞ്ഞിനു കൊടുത്തു മറ്റുള്ളവ പഞ്ചസാര യില്‍ മുക്കി കഴിക്കുമ്പോള്‍ വീണ്ടും ഇടി വെട്ടാന്‍ തുടങ്ങും .അടുത്ത മഴക്ക് മുന്നോടിയായി ,,,,