Monday, April 29, 2013

മുല്ലവള്ളിയും ഞാനും കുറേ വസന്തങ്ങളും

ഒരു തിരക്കേറിയ നഗരം !! അതിന്‍റെ ഒത്ത നടുക്ക് തലയുയര്‍ത്തിപിടിച്ചു നില്‍ക്കുന്ന ഒരു വലിയ ഫ്ലാറ്റ് സമുച്ചയത്തില്‍ എനിക്കൊരു കൂട് കൂട്ടണം . ഏറ്റവും മുകളിലത്തെ നിലയില്‍ ഒരു കുഞ്ഞു ലോകം .അവിടെ നിന്നും നോക്കിയാല്‍ താഴെ ഉറുമ്പരിക്കുന്ന പോലെ നീങ്ങുന്ന വാഹനങ്ങള്‍ കാണണം ..ചെറിയ പന്തുകള്‍ പോലെ ഉരുണ്ടു പോകുന്ന മനുഷ്യര്‍ ..ചെറിയ ചെറിയ കോലാഹലങ്ങള്‍ .അങ്ങനെ അങ്ങനെ ..ആ ബഹളത്തിലേക്ക് കൌതുകത്തോടെ നോക്കിയിരുന്നു ചായ കുടിക്കണം !!!

ആ ബാല്‍ക്കണിയില്‍ ഞാന്‍ ഒരു കൊച്ചു മുല്ല വള്ളി പടര്‍ത്തും .കുഞ്ഞു കാറ്റേറ്റു തലയാട്ടുന്ന അതിനു ഞാന്‍ ഒരു ഓമനപ്പേരിടും.വസന്തത്തില്‍ അവയില്‍ വിരിയുന്ന ചെറു മുല്ലപ്പൂക്കള്‍ അടര്‍ത്തി ഞാന്‍ എന്‍റെ മെത്തയില്‍ വിതറും ..പൂക്കള്‍ അടര്‍ത്തുന്നതിനു പകരമായി ഞാന്‍ മുല്ലവള്ളിക്കു പുതിയ കൂട്ടുകാരെ കൊടുക്കും .അങ്ങനെ ആ ബാല്‍ക്കണിയില്‍ ഒരു പൂക്കാലമുണ്ടാകും .

വേനലില്‍ സൂര്യന്‍ തന്‍റെ എല്ലാ പൌരുഷവും പുറത്തെടുക്കും .അപ്പോള്‍ സൂര്യനു ആയിരം കുതിരകളുടെ ശക്തിയാണ് ..കിതച്ചു തളര്‍ന്നു കിടക്കയില്‍ കിടക്കുമ്പോള്‍ പുറത്തു വാടി തളര്‍ന്ന മുല്ല വള്ളി തല കുനിച്ചു നില്‍ക്കുന്നുണ്ടാകും .ഞാന്‍ എന്റെ വിയര്‍പ്പൊഴുക്കി അതിനെ നനയ്ക്കും .ചെറിയ മുളന്തണ്ട് വീശറി എടുത്തു ഞാന്‍ അവയുടെ ക്ഷീണം അകറ്റും..അപ്പോഴേക്കും സൂര്യന്‍ ശാന്തനായി ഒരു എന്‍റെ പിന്‍കഴുത്തില്‍ ഉമ്മ വച്ചു കൊണ്ട് മറയും

പിന്നെ നിറയെ കുളിരാണ് ..വീശിയടിക്കുന്ന കാറ്റും മഴയും .. മഴയത്ത് നനഞ്ഞു കുളിച്ചു ഞാനും മുല്ലവള്ളിയും ആ മട്ടുപ്പാവില്‍ അങ്ങനെ ഇരിക്കും ..മഴ ദൈവങ്ങള്‍ ഞങ്ങളുടെ ചങ്ങാതിമാരായിരുന്നു.മഴ പെയ്യുമ്പോള്‍ ഞങ്ങള്‍ ചിരിക്കുകയും അനന്തരം കരയുകയും ചെയ്യും .. അത് എന്ത് കൊണ്ടാണെന്ന് ഓര്‍ത്ത്‌ ഞങ്ങള്‍ വ്യസനിക്കില്ല .ചില മഴയുള്ള രാത്രികളില്‍ ഒരു പൂച്ചക്കുട്ടിയെ പോലെ മടിഞ്ഞു ഇളം ചൂടുള്ള ആ നെഞ്ചിലെ ചൂടുപറ്റി ഉറങ്ങുബോള്‍ മുല്ല വള്ളി ജനലിലൂടെ എത്തി നോക്കി എന്നെ കളിയാക്കി ചിരിക്കുമായിരിക്കും .

പിന്നെ പയ്യെ പയ്യെ മുല്ലവള്ളി തളര്‍ന്നു തുടങ്ങും ..ഞങ്ങള്‍ക്ക് താഴെ ഇത്തിരി അഹങ്കാരത്തോടെ നില്‍ക്കുന്ന  മേപ്പിള്‍ മരത്തിന്റെ ഇലകള്‍ പൊഴിഞ്ഞു വീഴുമ്പോള്‍ മുല്ലവള്ളി പേടിയോടെ എന്‍റെ ചുമലിലേക്ക് തല ചായ്ക്കും.അന്നേരം എന്‍റെ തൊലിയില്‍ ചെറിയ ചുളിവുകള്‍ വീഴുകയും .ചുണ്ട് വരഞ്ഞു പൊട്ടുകയും ചെയ്യും .കുറുകിയ പാലിന്റെ പാട മുഖത്തു തേച്ചു ഞാന്‍ എന്റെ യൌവനം തിരിച്ചു പിടിക്കാന്‍ ശ്രമിക്കും

ഒരിക്കല്‍ അവിടം നിറയെ ചെറിയ മഞ്ഞു കട്ടകള്‍ കൊണ്ട് നിറയും ..നിറയെ വെളുത്ത മഞ്ഞു തുള്ളികള്‍ മുല്ലവള്ളിയില്‍ പറ്റിപ്പിടിച്ചിരിക്കും ..തണുത്തു വിറച്ചു ഞങ്ങള്‍ കൂനിക്കൂടി ഇരിക്കുമ്പോള്‍ അങ്ങകലെ റൈന്‍ deers നെ തെളിച്ചു കൊണ്ട് സമ്മാന പൊതികളുമായി നീങ്ങുന്ന സാന്താക്ലോസ് ഞങ്ങള്‍ക്ക് നേരെ കൈവീശി ഉറക്കെ പറയും "മെറിക്രിസ്ത്മസ് "
ഒരു കുഞ്ഞു വൈന്‍ ഗ്ലാസ്സുമായി ഞാന്‍ വീണ്ടും അകത്തെ മുറിയില്‍ എന്നെ കാത്തു നില്‍ക്കുന്ന ആ നെഞ്ചിലേക്ക് ചായുമ്പോള്‍ മുല്ല വള്ളി ജനലിനപ്പുറത്ത് നിന്നും പിറുപിറുക്കും..നെഞ്ചില്‍ പടര്‍ന്നു കിടക്കുന്ന രോമങ്ങളില്‍ വൃത്തം വരച്ചു കൊണ്ട് ഞാന്‍ മുല്ല വള്ളിയോടു പറയും..."വീണ്ടും വസന്തം വരട്ടെ ...നിന്‍റെ തേന്‍ കുടിക്കാന്‍ ഒരു വണ്ടിനെ ഞാന്‍ വളര്‍ത്താം.."

  ഒരുപാട് വസന്തങ്ങള്‍ വിരിയിച്ചു കൊണ്ട് ഞാനും മുല്ലവള്ളിയും അങ്ങനെ അങ്ങനെ ......



photo courtesy www.google.com

Friday, February 15, 2013

ഉണ്ണി

ഞാന്‍ അന്ന് ഒരു രാജ്ഞിയെപ്പോലെ ഉപവിഷ്ട്ടയായി .എനിക്ക് ചുറ്റും തളികയില്‍ പലഹാരങ്ങളും പഴങ്ങളുമായി പരിവാരങ്ങള്‍ ,എങ്ങും പൊട്ടിച്ചിരിയും ആഹ്ലാദവും ,നിറഞ്ഞ പുഞ്ചിരിയില്‍ തലയാട്ടി എന്റെ മുറ്റത്തെ തുളസി ചെടി തലപ്പ്‌ നീട്ടി എന്നെ അനുഗ്രഹിച്ചു .വീട്ടില്‍ വരുന്ന പുതിയ ഉണ്ണിയെ വരവേല്‍ക്കാന്‍ ഞാന്‍ പിച്ചി പൂവിനെ ചട്ടം കെട്ടി

. അടുക്കളയിലെ കുഞ്ഞു വട്ട ചെരുവം ചോദിച്ചു "കുറുക്ക്  
 ഞാന്‍ ഉണ്ടാക്കിയാല്‍ മതിയോ ".എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല .ഞാന്‍ പറഞ്ഞു നീയെനിക്ക് പായസമാണ് തരേണ്ടത്‌ .നല്ല വിളഞ്ഞ മത്തങ്ങ കൊണ്ടുള്ള പായസം .അപ്പോഴേക്കും എനിക്ക് പുളിച്ചു തികട്ടി വന്നു .കണ്ണി മാങ്ങാ കൊണ്ടുള്ള രസികന്‍ അച്ചാര്‍ കഴിച്ചു ഞാന്‍ ചാര് കസേരയില്‍ നീണ്ടു കിടന്നു .

കാര്‍മേഘങ്ങള്‍ പറന്നു കിടന്ന ആകാശം പതുക്കെ പതുക്കെ വെളുത്ത നിറമാകുന്നതു കാണാന്‍ എന്ത് രസം ..ഉണ്ണി നിന്റെ വരവ് ഒരു ആഘോഷമാണല്ലോ !!!എനിക്ക് നഷ്ട്ടപെട്ട സന്തോഷങ്ങള്‍ ആണോ നീ തിരിച്ചു നല്‍കുന്നത് ?എന്നും ഒരകലം കാത്തു സൂക്ഷിച്ച ബന്ധങ്ങള്‍ പയ്യെ പയ്യെ ഉറുമ്പി നെപോലെ വരിവരിയായി എനിക്കരികിലേക്ക് വരുന്നത് ഞാന്‍ കണ്ടു .എന്റെ കുഞ്ഞു വയറില്‍ തലോടി കൊണ്ട് ഞാന്‍ പറഞ്ഞു "ഉണ്ണി, അവരൊക്കെ വരുന്നുണ്ട് ".അവരുടെ കയ്യിലെ പൊതികെട്ടില്‍ നിറയെ പലഹാരങ്ങളും പച്ചമാങ്ങയും ആയിരുന്നു .ആരോ എനിക്ക് കുറച്ചു ധന്വന്തരം ഗുളികകള്‍ തന്നു .സ്നേഹപൂര്‍വ്വം എന്നെ തലോടി .ഉണ്ണി ,ഇവര്‍ക്ക് വഴികാട്ടിയ ധ്രുവ നക്ഷത്രം നീയാണോ ?

എപ്പോഴാണ് ഞാന്‍ ഉറങ്ങിയത് എന്നറിയില്ല ..അസഹ്യമായ ഒരു കൂര്‍ത്ത വേദന എന്നെ ഉണര്‍ത്തി .ഞെരമ്പുകള്‍ പൊട്ടി ചോരചിതരുന്ന പ്രതീതി .ഞാന്‍ വയര്‍ ഞെക്കി പിടിച്ചു ..മകനെ നിനക്കെന്തു പറ്റി??ഒരു യാത്രാമൊഴി പറഞ്ഞു കൊണ്ട് എന്റെ കാലുകള്‍ക്കിടയിലൂടെ രക്തം ഒലിച്ചിറങ്ങി ..അവയങ്ങനെ തളംകെട്ടി തറയില്‍ കിടന്നു .അവയ്ക്കിടയില്‍ നിന്റെ കുഞ്ഞു നുറുങ്ങുകള്‍ ഉണ്ടോ ?ഞാന്‍ ഒരു നനഞ്ഞ പക്ഷികുഞ്ഞിനെപോലെ കൂനി ഇരുന്നു .എനിക്ക് ചുറ്റും വീശിയ കാറ്റില്‍ എന്റെ മാതൃത്വം പറന്നകന്നു പോയി ...പുതുതായി വരുന്ന ഇളം പച്ച നിറത്തിലുള്ള നാമ്പുകള്‍ കാണിച്ചു തുളസി ചെടി എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു ......

Wednesday, December 5, 2012

അയാള്‍ ..........













അയാള്‍ ഒരു രാജ കുമാരനൊന്നും അല്ലായിരുന്നു .കുതിരപ്പുറത്തു വന്നു
എന്നെ വലിച്ചെടുത്തു വിദൂരതയിയെക്ക് കുതിരയെ തെളിക്കുന്ന യോദ്ധാവിന്റെ വീര്യവും അയാള്‍ക്കില്ലായിരുന്നു.അഗ്രങ്ങളില്‍ മൂര്‍ച്ചയുള്ള വാക്കുകളാല്‍ അയാള്‍ പറഞ്ഞു


"എന്റെ ജീവിതത്തിലേക്ക് നീ വരിക

നഗ്നയായ്‌ കടന്നു വരിക

നിന്റെ തണുപ്പുള്ള മേനിയില്‍

ഉരസി വേദനിപ്പിക്കുന്ന ആടയാഭരണങ്ങള്‍

ഇല്ലാതെ നീ കടന്നു വരിക ...

നിന്നെ അലോസരപ്പെടുത്തുന്ന നൂലിഴയെപ്പോലും

പറിച്ചെറിയുക.....

എന്റെ നീളമുള്ള കൈകളാല്‍

പതുപതുത്ത നേര്‍ത്ത കംബളം

ഞാന്‍ നിന്നെ പുതപ്പിക്കാം

അതിനുള്ളില്‍ സുരക്ഷിതയായ നിന്നെയും

എടുത്തു ഞാന്‍ മഞ്ഞു മൂടിയ മലകളിലേക്ക് നടക്കും "



എന്തോ അന്നെനിക്ക് ആ വാക്കുകളെ തീര്‍ത്തും അവഗണിക്കാനാണ് തോന്നിയത് .ഞാന്‍ ക്രൂരയാണെന്നു എന്റെ കഴുത്തില്‍ ഒട്ടികിടന്ന പലക്കമാല മന്ത്രിച്ചു .എന്റെ കഴുത്തില്‍ ഭാരം കൂടിയോ ?


നാഗപടം ഒന്ന് കൂടിഅമര്‍ന്നിരുന്നു .കാശി മാല ഒന്ന് ചിണുങ്ങി .എന്റെ കഴുത്തിനെ ഞെരുക്കി കൊണ്ട് ഇളക്കതാലിയും കൈകളെ തളര്ത്തികൊണ്ടു കാപ്പുകളും മുരണ്ടു "പോരാ ..നിന്റെ മേനിയില്‍ മഞ്ഞ തിളക്കം പതിക്കാനേറെ സ്ഥലം ബാക്കിയുണ്ട് ".ആരൊക്കെയോ കൂടി എന്‍റെ ആഭരണങ്ങളുടെ അളവും തൂക്കവും തുലാസ്സില്‍ തിട്ടപ്പെടുത്തുന്നുണ്ടായിരുന്നു .




അവ്യക്തമായി ഞാന്‍ അയാളെ ഒരിക്കല്‍ കൂടി കണ്ടു .അയാള്‍ തിരിച്ചു നടക്കുകയായിരുന്നു .നേര്‍ത്ത കംബളം ചുമലിലിട്ടുകൊണ്ട് ,,,ഏകനായി ..മഞ്ഞു മലകളിലേക്ക് ..
എനിക്കിക്കയാളെ തിരിച്ചു വിളിക്കണം എന്നുണ്ടായിരുന്നു .പക്ഷെ അപ്പോഴേക്കും കുരവയും

അര്‍പ്പുമായി ആരോ എന്റെ കഴുത്തില്‍ ഒരു സ്വര്‍ണ്ണ ചങ്ങല ചാര്‍ത്തിയിരുന്നു ........



photo courtesy -google.com

മുഖക്കുരു



എനിക്ക് കവിളുകള്‍ നിറയെ


മുഖക്കുരുക്കള്‍ വേണം

റോസ് നിറത്തിലുള്ള


തുടുത്ത കുരുക്കള്‍


ഞാന്‍ ചിരിക്കുമ്പോള്‍


അവയങ്ങനെ ചുവക്കണം


ചെറിയ നീറ്റല്‍ ഉണ്ടാകും


എന്നാലും സാരമില്ല


മനസ്സിലെ പ്രണയം


മുഖത്തിടുന്ന പൂക്കളമല്ലേ...

Friday, September 14, 2012

പ്രണയത്തില്‍ നിന്നും പ്രണയത്തിലേക്കുള്ള ദൂരം .............




 ഒരര്‍ത്ഥത്തില്‍  പറഞ്ഞാല്‍ അയാളായിരുന്നു എന്നെ ആ ദൂരം അളക്കാന്‍ പഠിപ്പിച്ചത് .അതില്‍ എനിക്ക് അയാളോട് അളവറ്റ നന്ദിയുണ്ട് .ഒരിക്കല്‍ ഞാനയാളെ പ്രണയിച്ചിരുന്നു . അത് എന്‍റെ ആദ്യ പ്രണയമായിരുന്നു . .അത് പ്രണയമായിരുന്നോ ആരാധനയായിരുന്നോ എന്ന് ഇന്നും എനിക്കറിയില്ല .


എന്തിനാണ് ഞാന്‍ അയാളെ പ്രണയിച്ചത് എന്നതിന് പോലും എനിക്കുത്തരമില്ലായിരുന്നു.ഒരു പക്ഷെ അയാളിലെ ആശയങ്ങളാകാം,അല്ലെങ്കില്‍ ഞാന്‍ ഏറെ ആരാധിക്കുന്ന മീനിന്‍റെ പോലെ ചെറിയ ,എന്നാല്‍ തീക്ഷണം എന്ന് തോന്നുന്ന കണ്ണുകളാകാം ,ഇതുമല്ലെങ്കില്‍ അയാള്‍ എന്നേക്കാള്‍ എത്രയോ ഉയര്‍ന്നവനാണെന്ന എന്‍റെ എളിയ ചിന്തയാകാം എന്നെ അയാള്‍ എന്ന നങ്കൂരത്തില്‍ ബന്ധിച്ച കപ്പല്‍ ആക്കിയത് .അതിനാല്‍ തന്നെ വിവാഹ ശേഷവും ഞാന്‍ അയാളുടെ ഈ മെയിലുകള്‍ക്കും സ്നേഹന്വേഷനങ്ങള്‍ക്കും വളരെ കൃത്യമായി മറുപടി അയച്ചു കൊണ്ടേ ഇരുന്നു .എന്‍റെ പ്രണയം അയാള്‍ അറിയരുത് എന്ന ഒരു നിര്‍ബന്ധം എനിക്കുണ്ടായിരുന്നു .എന്നെ വലയം ചെയ്തിരുന്ന ഒരു അപകര്‍ഷത ബോധം കൊണ്ടായിരുന്നു അത് .



ആനുകാലികങ്ങളെ കുറിച്ചും ,സാഹിത്യ രചനകളെ കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു .എന്‍റെ ചെറിയ  ചെറിയ ലേഖനങ്ങളെയും അടുത്തിടെ പ്രസിദ്ധീകരിച്ച എന്‍റെ കവിത സംഹിതയെയും അയാള്‍ വളരെ പ്രശംസിച്ചു സംസാരിക്കുകയുണ്ടായി .അയാള്‍ എന്നെ പ്രണയിക്കുന്നുണ്ടോ എന്ന സംശയം ഈയിടെയായി എനിക്ക് തോന്നിയിരുന്നു .


അല്ലെങ്കില്‍ പിന്നെ എന്തിനാണ് തന്റെ ഒഴിവുകാല യാത്രയില്‍ കുടകില്‍ എത്തിയപ്പോള്‍ അവിടുത്തെ സ്ത്രീകള്‍ സുന്ദരികള്‍ ആണെങ്കിലും അവര്‍ക്കൊന്നും നിന്നെപോലെ ചുരുളിമ ഇല്ലാത്ത മുടിയിഴകളോ,നീളമുള്ള അറ്റം കൂര്‍ത്ത വിരല്‍ത്തുമ്പുകളോ ഇല്ല എന്ന് പറഞ്ഞത് ?


എന്‍റെ സംശയം കേട്ട സുഹൃത്ത്‌ ദക്ഷ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു "മടയി,നീ അയാളുടെ ജീവനുള്ള ഒരു ഡയറി മാത്രമാണ് "എന്ന് .എങ്കിലും എന്നില്‍ നിഗൂഡമായ ഒരു ആനന്ദം ഉണ്ടായി .ഒപ്പം എന്‍റെ ഇത്തരം വിലകുറഞ്ഞ എന്ന് ഞാന്‍ സംശയിക്കുന്ന ഈ സന്ദേഹങ്ങള്‍ അയാള്‍ അറിഞ്ഞാല്‍ ഉണ്ടാകുന്ന ജാള്യത ഓര്‍ത്തു ഞാന്‍ എന്‍റെ മറുപടികളിലും,സംസാരങ്ങളിലും ഒരു സുഹൃത്തിന്റെ അല്ലെങ്കില്‍ ഒരു അഭ്യുതയാകംഷി യായ ഒരു ആരാധികയുടെ കുപ്പായം മനപൂര്‍വം ധരിച്ചു .


                                              ഇന്നലെ നല്ല മഴയുണ്ടായിരുന്നു .ഒരു സിമ്പോസിയത്തില്‍ പങ്കെടുക്കാന്‍  തൊട്ടടുത്ത നഗരത്തില്‍ എത്തിയതായിരുന്നു ഞാന്‍ .അവിടെ പ്രശസ്തമായ ഒരു ലൈബ്രറി ഉണ്ടായിരുന്നു .ബ്രിട്ടിഷുകാരുടെ കാലത്ത് പണികഴിപ്പിച്ചതായിരുന്നു അത് .പണ്ട് വെള്ളക്കാരന്റെ വേനല്‍ക്കാല  വസതി  ആയിരുന്നു ,പില്‍കാലത്ത് സര്‍ക്കാര്‍ അത് ഒരു ലൈബ്രറി ആക്കുകയായിരുന്നു .തികച്ചും വിക്ടോറിയന്‍ ശൈലിയില്‍ പണിത കെട്ടിടം .നടന്നു കാണാന്‍ ഏറെയുണ്ട് .ദക്ഷ പറഞ്ഞു കേട്ട വിവരം അനുസരിച്ച് ഞാന്‍ മഴയായിട്ടുകൂടി ഒരു ഓട്ടോറിക്ഷ പിടിച്ചു അവിടേക്ക് പോകാന്‍ തീരുമാനിച്ചു കാരണം എന്‍റെ തീവണ്ടി വരാന്‍ പിന്നെയും സമയം ഉണ്ടായിരുന്നു .



റീഡിംഗ് ഹാളിലെക്കുള്ള പിരിയന്‍ ഗോവണി പടി കയറാന്‍ ഭാവിക്കവേ ആരോ എന്നെ പിന്നില്‍ നിന്നും പേര് ചൊല്ലി വിളിക്കുന്നത്‌ കേട്ടു.ഒന്ന് ഞെട്ടാതിരുന്നില്ല .കാരണം ആ നഗരത്തില്‍ എനിക്കറിയാവുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല .തിരിഞ്ഞു നോക്കി .വിടര്‍ന്ന കണ്ണുള്ള ഒരു സ്ത്രീ ."നളിനാക്ഷി" എന്ന് വിളിച്ചാല്‍ ഒട്ടും തെറ്റ് പറയില്ല .നീല സാരിയുടുത്ത് കണ്ണില്‍ നിറഞ്ഞ ആരാധനയുമായി ഒരുവള്‍ .


അവള്‍ മൊഴിഞ്ഞു "വായിക്കാറുണ്ട് ..എഴുതുന്നവയൊക്കെയും.ആളെ മാത്രം ഇത് വരെ കണ്ടിട്ടില്ല എന്നെ ഉള്ളു "എന്‍റെ പല നോവലുകളെ കുറിച്ചും അവള്‍ വാചാലയായി .പൊതുവേ പെണ്ണെഴുത്തിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് കത്തുകള്‍ വരാറുണ്ട് എങ്കിലും ഒരു ആരാധികയെ ആദ്യമായാണ് ഞാന്‍ നേരില്‍ കാണുന്നത് .എന്‍റെ തെറ്റ് .കാരണം ഞാന്‍ ആള്‍കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞു മാറിയാണ് എന്നും നില്ക്കാന്‍ ഇഷ്ട്ടപ്പെട്ടിരുന്നത് .അയാള്‍ ഒരിക്കല്‍ അത് പറഞ്ഞു എന്നെ കളിയാക്കിയത് ഞാന്‍ ഓര്‍ത്തു "നീ നിന്‍റെ ചിപ്പിക്കുള്ളില്‍ ധ്യാനിച്ച് കൂട്ടി ഒരു സന്യാസിനി ആകുമോ "എന്ന് ,,

                                                 
അവര്‍    കുറച്ചപ്പുറത്ത്‌  ജനലുകള്‍ക്കരികില്‍ മാറിനില്‍കുന്ന ഭര്‍ത്താവിനെ പരിചയപ്പെടുത്താനായി വിളിച്ചു .അത് അയാളായിരുന്നു .

എനിക്ക് അത്ഭുതം  തോന്നി .അയാള്‍ ഈ നഗരത്തിലാണ് വസിക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു .ഇന്നലെ ഞാന്‍ ഇങ്ങോട്ട് പോരുന്നു എന്ന് ചാറ്റ് ബോക്സില്‍ ടൈപ്പ് ചെയ്തപ്പോഴും അയാള്‍ ഒന്നും പറഞ്ഞില്ലായിരുന്നു .അയാളുടെ മുഖത്ത് നല്ല വിമ്മിഷ്ട്ടം ..ഒരു പരുങ്ങല്‍ ..ഏതോ തുരുത്തില്‍ ഒറ്റയ്ക്ക് അകപ്പെട്ടവനെപ്പോലെ ...ആ സ്ത്രീയുടെ സാരിത്തുമ്പില്‍ തൂങ്ങി നിന്ന കൊച്ചുകുട്ടിയെ വലിച്ചെടുത്തു അയാള്‍ മുരണ്ടു "പോകാം ".ഗുഹയുടെ ഉള്ളില്‍ നിന്നും പുറത്തേക്കു തള്ളിയ ഒരു ശബ്ധം.നാളിതു വരെ എന്നോട് സംസാരിച്ചിരുന്ന പതിഞ്ഞ എന്നാല്‍ ചെറിയ മുഴക്കമുള്ള ...വാക്കുകളുടെ അവസാനത്തില്‍ ചെറിയ സീല്‍ക്കാരമുള്ള സ്വരം ആയിരുന്നില്ല അത് .തീര്‍ത്തും അപരിചിതം 


         .അകെ അപമാനിക്കപെട്ട പോലെ തോന്നി എനിക്ക് .ആള്‍ കൂട്ടത്തിനു നടുവില്‍ വച്ചു നഗ്നയാക്കപ്പെട്ട പോലെ .മഴയുടെ മേലങ്കി ധരിച്ചു ഞാന്‍ ലൈബ്രറിയുടെ പടവുകള്‍ ഇറങ്ങി .മഴയത്ത് കരഞ്ഞു നടക്കുന്നതിന്‍റെ സുഖം അന്ന് ഞാന്‍ അറിഞ്ഞു .കുടപിടിച്ച് ധ്രിതിയില്‍ എന്‍റെ അരികിലൂടെ പോയവരാരും എന്‍റെ കരച്ചില്‍ അറിയുന്നുണ്ടായിരുന്നില്ല .ഞാന്‍ തീര്‍ത്തും സ്വതന്ത്ര യായി കരഞ്ഞു എന്ന് വേണമെങ്കില്‍ പറയാം .ഇടിമുഴക്കത്തില്‍ എന്‍റെ എങ്ങലുകള്‍ മുങ്ങിപ്പോയി ,എങ്ങനെയോ തീവണ്ടി കയറി ഞാന്‍ എന്‍റെ നഗരത്തിലെത്തി .

                                          
 ഇന്ന് കാലത്ത് എന്‍റെ  മെയില്‍ബോക്സില് അയാളുടെ ഒരു ഇമെയില്‍ വന്നു കിടക്കുന്നുണ്ടായിരുന്നു ."ക്ഷമിക്കണം ..ഇന്നലെ ഞാന്‍ പേടിച്ചു പോയി .നീയെങ്ങാനും എന്നോട് പരിചയം കാണിക്കുമോ എന്ന് .അതിനാലാണ് ഞാന്‍  വേഗം അവരെയും കൊണ്ട് അവിടെ നിന്നും പോയത് .നീ വളരെ മെലിഞ്ഞിരിക്കുന്നു ..ആശ്വാസം നമ്മളുടെ ബന്ധം അവള്‍ അറിഞ്ഞില്ല "
                                                എനിക്ക് അയാളോടാണോ എന്നോടാണോ പുച്ഛം തോന്നിയത് എന്നറിയില്ല .ഒരു സുഹൃത്തായി പോലും എന്നെ പരിചയപ്പെടുത്താന്‍ അയാള്‍ മുതിരാത്തതില്‍ എനിക്ക് അളവറ്റ ദുഃഖം തോന്നി .അപ്പോള്‍ ഞാന്‍ അയാള്‍ക്ക്‌ ആരായിരുന്നു ?രോഷം ,സങ്കടം ,അപമാനം ഇവ മൂന്നും ചേര്‍ന്ന് ഒരു മറുപടി എഴുതി "ഞാന്‍ ലജ്ജിക്കുന്നു ..ഒരിക്കല്‍ നിങ്ങളെ പ്രണയിച്ചതില്‍,ആരാധിച്ചതില്‍ "അന്നേരം ആരും അറിയാതെ ഞാന്‍ സൂക്ഷിച്ചിരുന്ന എന്‍റെ ആദ്യ പ്രണയം അത്മഹത്യ ചെയ്തു .
                                                     അത് വെറുമൊരു ഭ്രമമായിരുന്നു എന്ന് പിന്നീടു എന്‍റെ ഭര്‍ത്താവു എനിക്ക് പറഞ്ഞു തരികയുണ്ടായി ..എന്‍റെ വയറില്‍ ചുറ്റിപ്പിടിച്ചു മുടികള്‍ വകഞ്ഞു മാറ്റി പിന്‍കഴുത്തില്‍ ചുണ്ടുകള്‍ ചേര്‍ത്ത് അദ്ദേഹം പറഞ്ഞു "പ്രണയം എന്താണെന്നു നീ അറിയാന്‍ പോകുന്നതെ ഉള്ളു" എന്ന് .പുറത്തു മഴ ശക്തിയായി പെയ്യുകയും ജനാലയിലൂടെ എന്‍റെ മേല്‍ ചാറ്റല്‍ വീഴ്ത്തുകയും ചെയ്തു ....
                                 

Thursday, August 23, 2012

ഒരു അവാഹന ക്രിയ

പണ്ട് എന്‍റെ കൂട്ടിയിട്ടിരുന്ന വസ്ത്രങ്ങള്‍ എടുത്തു അലക്കാന്‍ കൊണ്ടുപോകുമ്പോള്‍ ഒരിത്തിരി വാത്സല്യത്തോടെ അമ്മ പറയാറുണ്ടായിരുന്നു  കാച്ചിയ പാലിന്റെ മണമായിരുന്നു  വസ്ത്രങ്ങളില്‍ പറ്റിയ എന്‍റെ വിയര്‍പ്പിന് എന്ന് .അന്ന് ഞാന്‍ മുറ്റത്തെ പേര മരത്തിലിരുന്നു ചാമ്പക്ക തിന്നുകയായിരുന്നു .ആ പേര മരം നിന്നിരുന്ന സ്ഥലത്ത് പിന്നീടു ഒരു പന്തല്‍ ഉയര്‍ന്നു .ഇളം പച്ച നിറത്തിലുള്ള തിര ശീലകള്‍ ഇട്ട മുറിയിലേക്ക് ഞാന്‍ കയറിച്ചെന്നു.


അന്ന് എന്‍റെ വിവാഹം ആയിരുന്നു .മുല്ല പൂക്കളേക്കാള്‍ ഹരം എന്‍റെ വിയര്‍പ്പു മണത്തിനാണ് എന്ന്  പുറം ചെവിയില്‍ ഒരു മന്ത്രണം ഞാന്‍ കേട്ടു .അന്ന് മുതല്‍ ഞാന്‍ എന്‍റെ ഗന്ധത്തെ സ്നേഹിച്ചു തുടങ്ങി .


 .പിന്നീടൊരിക്കല്‍ ഒരു അത്തറു കുപ്പി എനിക്ക് സമ്മാനമായി ലഭിച്ചു .നീല നിറത്തില്‍ സ്വര്‍ണ്ണ അരികുകളുള്ള  ഒരു അത്തറു കുപ്പി . .എന്‍റെ ഇരുണ്ട നിറത്തിന്റെ പോരായ്മകള്‍ ആ ഗന്ധം പരിഹരിച്ചു കൊള്ളും എന്ന് ഞാന്‍ വിശ്വസിച്ചു .പിന്നീടു ഞാന്‍ കടകള്‍ കയറി ഇറങ്ങി പല തരത്തിലുള്ള സുഗന്ധ ലേപനങ്ങള്‍ വാങ്ങിച്ചു കൂട്ടി .ഇപ്പോള്‍ എന്‍റെ വിയര്‍പ്പിന് സ്വന്തം എന്ന് അവകാശപ്പെടാന്‍ ഒരു ഗന്ധം ഇല്ല .കാരണം വിയര്‍പ്പു പേറ്റന്റ്‌ എടുത്തിട്ടില്ലായിരുന്നു.എന്‍റെ ശരീരം നിറയെ ഇപ്പോള്‍ കുത്തക കമ്പനികളുടെ ഗന്ധമാണ് .പക്ഷെ അവയ്ക്കൊന്നിനും എനിക്ക് പരിചിതമായ ഒരു മണവും ഇല്ലായിരുന്നു .

പണ്ടത്തെ പേര മരം വക്രിച്ചു വളരുന്ന ശുഷ്കിച്ച ശിഖരങ്ങള്‍ വളച്ചു എന്നെ തഴുകി .അതിന്റെ വേരുകള്‍ മണ്ണിന്റെ പുറത്തു ഭൂപടം വരച്ചിരുന്നു .ആ തണലില്‍ കിടന്നു വേരുകള്‍ കെട്ടിപിടിച്ചു ഞാന്‍ ഉറങ്ങി പോയി .ഒരുപക്ഷെ ഉണരുമ്പോള്‍ പേരമരത്തില്‍ നൂല്‍പാലം കെട്ടുന്ന ചിലന്തികള്‍ എന്‍റെ പഴയ ഗന്ധത്തെ ആവാഹിച്ചു എന്നോട് ചേര്‍ത്ത് വല കേട്ടുമായിരിക്കും .

Saturday, July 28, 2012

നീല കടുക്കനിട്ട പപ്പടങ്ങള്‍



                                                       

പതിവ് പോലെ എന്‍റെ ഒരു ബന്ധു നാട്ടില്‍ നിന്നും വന്നപ്പോള്‍ അമ്മയുടെ വക ഒരു കുഞ്ഞു പൊതിക്കെട്ട്   ഉണ്ടായിരുന്നു .."ഉണ്ണി മോള്‍ക്ക്‌ " എന്നെഴുതിയ കുറിപ്പടിയോടെ.പ്രായം മുപ്പതിനോടടുത്തെങ്കിലും ,മുടിയിഴകളില്‍ വെള്ള വീഴുന്നുണ്ടോ എന്ന് ആകുലതയോടെ നോക്കുമ്പോഴും അമ്മയുടെ ഈ "ഉണ്ണി മോള്‍ക്ക്‌ " എന്ന എഴുത്ത് കാണുമ്പോള്‍ ഞാന്‍ പഴയ വെള്ള കമ്മിസ് ഇട്ട, കറുത്ത് മെലിഞ്ഞ, ചെറിയ ഞാവല്‍പ്പഴ കണ്ണുള്ള കുട്ടിയാകും .ആ പൊതിക്കെട്ടില്‍ നിറയെ പപ്പടങ്ങള്‍ ആയിരുന്നു .എന്തോ ..പണ്ടത്തെ പോലെ എനിക്ക് ആവേശവും ആഹ്ലാദവും തോന്നിയില്ല .കാരണം അവ നീല കടുക്കനിട്ട പപ്പടങ്ങള്‍ ആയിരുന്നില്ല .
പണ്ട് അതായതു  ഞാന്‍ സ്കൂളില്‍ പോയിതുടങ്ങുന്നതേ ഉള്ളു .ഒരിക്കല്‍ ഞാന്‍ വീടിന്‍റെ ഉമ്മറത്ത്‌ ഒറ്റയ്ക്ക് നൂറാം കോല്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ വിളി ആദ്യമായി കേട്ടത് ."പപ്പടം വേണോ".പടിക്കല്‍ സഞ്ചിയും തൂക്കി ഒരാള്‍ .വിളി കേട്ട് അമ്മമ്മ പടിക്കല്‍ എത്തി .ഒറ്റ ഓട്ടത്തിന് പിറകെ ഞാനും .അമ്മമയുടെ പിന്നില്‍ ചുറ്റിപിടിച്ചു ഞാന്‍ തല നീട്ടി .എന്‍റെ കണ്ണുകള്‍ ആദ്യം കണ്ടു പിടിച്ചത് അയാളുടെ നീല കടുക്കനുകള്‍ ആയിരുന്നു .പിന്നെ വാത്സല്യം നിറഞ്ഞ കണ്ണുകളും .ഞങ്ങളുടെ ഗ്രാമത്തിലെ പുതിയ താമസക്കാര്‍ ആയിരുന്നു അയാളും കുടുംബവും .ഒരു കേട്ട് പപ്പടം വാങ്ങി നല്ലതാണെങ്കില്‍ ഇനിയും വാങ്ങാം എന്ന വാഗ്ദാനത്തോടെ അമ്മമ്മ തിരിച്ചു നടന്നു .

ആ നാളു വരെ കവലയിലെ അവരാച്ചന്‍ മാപ്പിളയുടെ കടയിലെ ചുവന്ന പപ്പടങ്ങള്‍ ആയിരുന്നു എന്‍റെ വീട്ടില്‍ എത്തിയിരുന്നത് ."ഇവിടെ പപ്പടത്തിനു അധികം ആവശ്യക്കാര്‍ ഇല്ല " എന്ന ന്യായ മായിരുന്നു അയാള്‍ക്ക് ചുവന്ന പപ്പടങ്ങളെ കുറിച്ച് പറയാനുണ്ടായിരുന്നത് .ഒരര്‍ത്ഥത്തില്‍ അത് ശരിയയിരുന്നു.ആ നാട്ടിലെ മിക്ക കുടുംബങ്ങളിലും പാകം ചെയ്തിരുന്നത്   കപ്പ ,കിഴങ്ങ് ,ചക്ക ,കാച്ചില്‍ ,കഞ്ഞി തുടങ്ങിയവയായിരുന്നു .പിന്നെ ഞായറാഴ്ചകളില്‍ പോത്തിറച്ചിയും .മധ്യ തിരുവിതകൂറില്‍ നിന്നും കുടിയേറിയ കുടുംബങ്ങള്‍ ആയിരുന്നു മിക്കതും .പപ്പടം ഒരു അധിക പറ്റു ആണെന്ന് പലരും വിശ്വസിച്ചു പോന്നിരുന്ന കാലം .(ഇന്ന് സ്ഥിതി മാറി കേട്ടോ .).അയാള്‍ വന്നു പോയ ദിവസം അമ്മ പപ്പടം കാച്ചി ...സുഗകരമായ ഒരു മണം അന്തരീക്ഷത്തിലാകെ പൊങ്ങി ..പോളച്ച പപ്പടങ്ങള്‍ .എനിക്ക് വേണ്ടി അമ്മമ്മ  പപ്പടങ്ങള്‍ പ്രത്യേകം നെയ്യില്‍ വറുത്തു കോരി ..അവയൊക്കെ നീലകടുക്കനിട്ടു എന്നെ നോക്കി പുഞ്ചിരിക്കുന്ന പോലെ തോന്നി .
അന്ന് മുതല്‍ സ്ഥിതിയാകെ മാറി .ഞാന്‍ ചോറ് നന്നായി പപ്പടം പൊട്ടിച്ചു കുഴച്ചുന്നുവാന്‍ തുടങ്ങി .പൊന്തി പൊള്ളാച്ച പപ്പടങ്ങള്‍ക്കുള്ളില്‍ ചോറ് നിറച്ചു കടിച്ചു തിന്നുവാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു ..


ഒരാഴ്ചകൊണ്ട് പപ്പടങ്ങള്‍ എല്ലാം തീര്‍ന്നു .പിന്നെ ഞങ്ങള്‍ അയാള്‍ക്കായുള്ള കാത്തിരിപ്പു തുടങ്ങി .അയാളുടെ വരവ് വൈകിയപ്പോള്‍ ഞാനും അമ്മമ്മയും കൂടെ അയാളുടെ വീട് അന്വേഷിച്ചു പോയി .ആ ചെറിയ ഗ്രാമത്തില്‍ അയാളെ കണ്ടുപിടിക്കുക അത്ര ശ്രമകരമായ ജോലി ആയിരുന്നില്ല .നിറയെ സ്നേഹപുല്ലുകള്‍ നിറഞ്ഞ ഇടവഴിയിലൂടെ ഞങ്ങള്‍ നടന്നു .ചെന്നെത്തിയത് ഓടിട്ട ഒറ്റമുറി വീട്ടിലായിരുന്നു .ചീര തൈകള്‍ക്ക് വെള്ളമൊഴിച്ച് കൊണ്ടിരുന്ന ഒരു സ്ത്രീ ഓടി വന്നു .അയാളുടെ ഭാര്യ.ഓടു മേയല്‍ കാരണം വൈകിയതിനു ക്ഷമ ചോദിച്ചു അയാള്‍ ഞങ്ങള്‍ക്ക് പപ്പടം എടുത്തു തന്നു

.ആ സ്ത്രീ എനിക്ക് കുടിക്കാന്‍ പഞ്ചസാരയിട്ട വെള്ളം തന്നു .അത്തരം പഞ്ചാര വെള്ളം ആദ്യമായിട്ടാണ് ഞാന്‍ കുടിക്കുന്നത് .നടന്നതിന്‍റെ ക്ഷീണം നന്നായി ഉണ്ടായിരുന്നു താനും .ഫോറെസ്റ്റ് ആഫീസിന്റെ മുന്‍പിലുള്ള ചായക്കടയെത്തിയപ്പോള്‍ എന്‍റെ കാലില്‍ അമ്മി കെട്ടിയിട്ടത് പോലെയായി .പതിയെ പതിയെ ഞാന്‍ ചിണുങ്ങി തുടങ്ങി ."വീട്ടില്‍ നിന്നും ഒന്നും കഴിക്കില്ല ...പുറം തീറ്റ അത്ര നല്ല ശീലമല്ല കുട്ട്യേ " എന്നും പറഞ്ഞു അമ്മമ്മ പാലിന്‍ വെള്ളവും  അപ്പവും വാങ്ങി തന്നു .കുറച്ചു പൊതിഞ്ഞെടുത്തു ..അന്നും ഇന്നും ഞാന്‍ അങ്ങനെ തന്നെ യാണ് .നല്ല ഭക്ഷണം കൊടുക്കുന്ന കട കണ്ടാല്‍ ഇപ്പോഴും എന്‍റെ കാലില്‍ ആരോ അമ്മി കെട്ടും .

അന്ന് തൊട്ടു  അയാളുടെ പപ്പടം വീട്ടില്‍ പതിവായി .സ്കൂളില്‍ കൊണ്ടുപോകുന്ന ചോറ്റു പാത്രത്തില്‍ ചോറും ഉപ്പേരിയോ മെഴുക്കു വരട്ടിയോ നിരത്തി കഴിഞ്ഞാല്‍ അമ്മ ഒരു പപ്പടം വയ്ക്കും.ഉച്ചക്ക് പാത്രം തുറക്കുമ്പോള്‍ ആ പപ്പടം തണുത്തു ഇരിക്കുന്നുണ്ടാകും  .അത് കഴിക്കാന്‍ നല്ല രസമായിരുന്നു .പിന്നീടു എന്‍റെ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന കുട്ടികള്‍ അത്തരത്തില്‍ പപ്പടം കൊണ്ട് വരുമായിരുന്നു .


നീല കടുക്കനിട്ട പപ്പടങ്ങള്‍ എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി .അയാള്‍ പപ്പടവുമായി വരുന്ന സമയത്ത് ഓടി മുറ്റത്തെത്തി പപ്പടം വാങ്ങി അമ്മമ്മക്ക് കൊടുക്കാന്‍ നല്ല  ആവേ ശ മായിരുന്നു .അതിനു ശേഷം  ഞാന്‍ ആട്ടിന്‍ കുട്ടിയെപ്പോലെ തുള്ളിച്ചാടി അയാളുടെ പുറകെ അടുത്ത വീടിന്‍റെ പടി വരെ പോകും .ഇടക്കിടെ അയാള്‍ വീട്ടില്‍ നിന്നും ചീര ,മത്തങ്ങാ മുതലായവ അമ്മമ്മക്ക് കൊടുക്കാറുണ്ടായിരുന്നു.പറഞ്ഞതില്‍ കൂടുതല്‍ പണം പപ്പടങ്ങള്‍ക്കായി അമ്മയും അമ്മമ്മയും നല്‍കാറുണ്ടായിരുന്നു .

ആയിടക്കാണ്‌ ഞാന്‍ അഞ്ചു പപ്പടങ്ങള്‍ ഒന്നിന് മുകളിലായി നിരത്തി വച്ച് കരാട്ടെ ക്കാര്‍ ഓടു പൊട്ടിക്കുന്നത് പോലെയുള്ള വിദ്യ കണ്ടു പിടിച്ചത് .അങ്ങനെ എന്തൊക്കെ പപ്പട സാഹസങ്ങള്‍ ..
കാലം ഒരു പാട് കഴിഞ്ഞെങ്കിലും നീലകടുക്കനിട്ട പപ്പടത്തോടുള്ള എന്‍റെ കൊതിക്കു  ഒരു അറുതിയും ഉണ്ടായില്ല.പുറത്തു നിന്നും ചോറ് കഴിക്കുമ്പോള്‍ ഞാന്‍ പപ്പടം മാറ്റി വയ്ക്കും .വെറുതെ എന്തിനാ മറ്റു പപ്പടങ്ങള്‍ തിന്നു എന്‍റെ നീല കടുക്കനിട്ട പപ്പടത്തിന്റെ രുചി നാവില്‍ നിന്നും കളയുന്നത് ?ഹോസ്റ്റലില്‍ നിന്ന് പഠിക്കുമ്പോള്‍ ഞാന്‍ എല്ലാ   ആഴ്ചാവസാനത്തിലും ഞാന്‍ വീട്ടില്‍ എത്തുമായിരുന്നു .തിരിച്ചു പോകമ്പോള്‍ അമ്മ എനിക്ക് ഒരു കവറില്‍ പപ്പടങ്ങള്‍ വറുത്തു നല്‍കും .പൊടിഞ്ഞ പപ്പടങ്ങള്‍ തിരുമ്മി കൂട്ടി ഹോസ്റ്റലിലെ വെള്ള ചോറ് ഞാനും എന്‍റെ കൂട്ടുകാരും ഒരുപാടു തിന്നിടുണ്ട്


.  എന്‍റെ കല്യാണത്തിനും നീല കടുക്കനിട്ട പപ്പടം ഉണ്ടായിരുന്നു .. .ഒരിക്കല്‍ ഞാന്‍ ഓഫീസില്‍ നിന്നും മടങ്ങി വരുമ്പോള്‍ നല്ല മഴക്കാറ് ഉണ്ടായിരുന്നു .ഇടി വെട്ടും തുടങ്ങി .വേഗത്തില്‍ ഗിയര്‍ മാറ്റി വളവു തിരിക്കുമ്പോള്‍ പ്രാഞ്ചി പ്രാഞ്ചി പോകുന്ന  രണ്ടു കാലുകള്‍ .അത് അയാളായിരുന്നു .നിര്‍ബന്ധിച്ചു വണ്ടിയില്‍ കയറ്റുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു ...അയാള്‍ ഒരു പടു വൃദ്ധന്‍ ആയിരിക്കുന്നു .സഞ്ചിയില്‍ കുറച്ചു പപ്പടങ്ങള്‍ .പഴയ നീല കടുക്കന്റെ പ്രഭ മങ്ങിയിരിക്കുന്നു ..ആ പപ്പടങ്ങള്‍ മുഴുവന്‍ എടുത്തു ഞാന്‍ ഡാഷില്‍ വച്ചു കുറച്ചു രൂപ ഞാന്‍ അയാളുടെ കയ്യില്‍ കൊടുത്തു ."ഒന്നും വേണ്ട കുട്ട്യേ " എന്ന് പറഞ്ഞെങ്കിലും എനിക്ക് കൊടുക്കാതിരിക്കാനായില്ല...

പണ്ടത്തെ ഓര്‍മ വച്ചു ഞാന്‍ അയാളുടെ വീട് കണ്ടു പിടിച്ചു .വഴികളൊക്കെ മാറിയിരുന്നു .അമ്മമ്മയുടെ കൈ പിടിച്ചു പോയ നാട്ടു വഴികള്‍  ആയിരുന്നില്ല അത് .മതിലുകളാല്‍ ചുറ്റപെട്ട സാമാന്യം നല്ല ഒരു ഒറ്റ നില വര്‍ക്ക വീടിന്‍റെ പോര്‍ച്ചി ലേക്ക് വണ്ടി കയറ്റി നിര്‍ത്തുമ്പോള്‍ അയാളുടെ ഭാര്യ ഓടി വന്നു .എന്നെ പരിചയപെടുത്തി ഞാന്‍ അവരുടെ  ഓര്‍മ പുതുക്കി ."കുട്ട്യോളൊക്കെ വലുതായി .ഈ വയസു കാലത്ത് ഈ പണിക്കു നില്‍ക്കണ്ടാന്നു പറഞ്ഞാ കേക്കില്ല .അല്ല ഇതിന്‍റെ ഒരു ആവശ്യവും ഇല്ല്യേ " അവര്‍ എനിക്ക് കുടിക്കാന്‍ ഓറഞ്ചു നിറമുള്ള ഒരു പാനിയം തന്നു .അതിനു പക്ഷെ പണ്ടത്തെ ആ പഞ്ചാര വെളളത്തിന്റെ രുചി ഇല്ലായിരുന്നു .

കുറച്ചു കാലത്തേക്ക് ആ പപ്പടങ്ങള്‍ വീട്ടില്‍ നിന്നും അപ്രത്യക്ഷമായി ..പിന്നീടു ഞാന്‍ ഈ മരുഭൂമിയിലേക്കുള്ള യാത്രക്കുള്ള ഒരുക്കത്തിലായി ..തലേ ദിവസം സന്ധ്യക്ക്‌ ഒരു വിളി "പപ്പടം വേണോ"...ഞാന്‍ ഓടി പണ്ടത്തെപ്പോലെ ഒറ്റ ഓട്ടത്തിന് പടിക്കലെത്തി ..മങ്ങിയ നീല കടുക്കനുകള്‍ ."നാളെ പോവല്ലേ ...കുട്ടിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാ..കുറച്ചേ ഉള്ളു .."പഴയ സഞ്ചിയില്‍ കുറച്ചു പപ്പടങ്ങള്‍ ....വാത്സല്യത്തോടെ എന്‍റെ തലയില്‍ തൊട്ടു അയാള്‍ പറഞ്ഞു "നന്നായി വരും ..." അമ്മ കൊടുത്ത കാശു നിരസിച്ചു അയാള്‍ തിരിച്ചു നടന്നു .വണ്ടിയെടുത്തു അയാളെ വീട്ടില്‍ കൊണ്ട് വിടാന്‍ അച്ഛനോട് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ എന്‍റെ കണ്ണുനീര്‍ വീണു   ആ പപ്പടങ്ങള്‍ മുഴുവന്‍ നനഞ്ഞിരുന്നു 
ഇവിടെ എത്തിയിട്ട് ഞാന്‍ നീല കടുക്കനിട്ട പപ്പടങ്ങളുടെ പുരാണം പറഞ്ഞു അവ വറുത്തു ഞാന്‍ ഭര്‍ത്താവിനു കൊടുക്കുമായിരുന്നു .വളരെ വേഗം അവ തീര്‍ന്നു .പിന്നീടൊരിക്കലും വന്‍കിട സൂപ്പെര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് പോലും എന്‍റെ പപ്പടങ്ങളെ വെല്ലുന്ന ,അല്ല അവയെപ്പോലെ രുചിയും പോള്ളപ്പും ഉള്ള പപ്പടങ്ങള്‍ കിട്ടിയില്ല  .നീല കടുക്കനിട്ട പപ്പടങ്ങള്‍ കിട്ടാന്‍ വല്ല വഴിയും ഉണ്ടോ എന്ന് ഞാന്‍ അമ്മ ഒരിക്കല്‍ വിളിച്ചപ്പോള്‍ ചോദിച്ചു ."അയാള്‍ കിടപ്പിലായി .അന്ന് നിനക്ക് തന്നു വിട്ടതിനു ശേഷം പിന്നീടു പപ്പടം ഉണ്ടാക്കിയിട്ടില്ലെന്ന അയാള്‍ടെ ഭാര്യ പറഞ്ഞെ "
നെഞ്ചത്ത് എന്തോ ഭാരം കയറ്റി വച്ച പോലെ .അയാള്‍ക്ക് ഇനി എന്ത് സംഭവിച്ചാലും എന്നോട് പറയരുത് എന്ന് ഞാന്‍ അമ്മയോട് പറഞ്ഞു .കാരണം എപ്പോഴെങ്കിലും നാട്ടില്‍ ചെല്ലുമ്പോള്‍ "പപ്പടം വേണോ " എന്ന ചോദ്യവുമായി അയാള്‍ പണ്ടത്തെപോലെ  വീണ്ടുമെത്തും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം .

ഇപ്പോള്‍ ഞാന്‍ പപ്പടം കഴിക്കാറില്ല .എങ്കിലും അമ്മ മുറക്ക് കൊടുത്തു വിടുന്നുണ്ട് .എനിക്ക് അവ കഴിക്കാന്‍ തോന്നാറില്ല .കാരണം അവ എന്‍റെ നീല കടുക്കനിട്ട പപ്പടങ്ങള്‍ ആയിരുന്നില്ല ..................