Thursday, August 23, 2012

ഒരു അവാഹന ക്രിയ

പണ്ട് എന്‍റെ കൂട്ടിയിട്ടിരുന്ന വസ്ത്രങ്ങള്‍ എടുത്തു അലക്കാന്‍ കൊണ്ടുപോകുമ്പോള്‍ ഒരിത്തിരി വാത്സല്യത്തോടെ അമ്മ പറയാറുണ്ടായിരുന്നു  കാച്ചിയ പാലിന്റെ മണമായിരുന്നു  വസ്ത്രങ്ങളില്‍ പറ്റിയ എന്‍റെ വിയര്‍പ്പിന് എന്ന് .അന്ന് ഞാന്‍ മുറ്റത്തെ പേര മരത്തിലിരുന്നു ചാമ്പക്ക തിന്നുകയായിരുന്നു .ആ പേര മരം നിന്നിരുന്ന സ്ഥലത്ത് പിന്നീടു ഒരു പന്തല്‍ ഉയര്‍ന്നു .ഇളം പച്ച നിറത്തിലുള്ള തിര ശീലകള്‍ ഇട്ട മുറിയിലേക്ക് ഞാന്‍ കയറിച്ചെന്നു.


അന്ന് എന്‍റെ വിവാഹം ആയിരുന്നു .മുല്ല പൂക്കളേക്കാള്‍ ഹരം എന്‍റെ വിയര്‍പ്പു മണത്തിനാണ് എന്ന്  പുറം ചെവിയില്‍ ഒരു മന്ത്രണം ഞാന്‍ കേട്ടു .അന്ന് മുതല്‍ ഞാന്‍ എന്‍റെ ഗന്ധത്തെ സ്നേഹിച്ചു തുടങ്ങി .


 .പിന്നീടൊരിക്കല്‍ ഒരു അത്തറു കുപ്പി എനിക്ക് സമ്മാനമായി ലഭിച്ചു .നീല നിറത്തില്‍ സ്വര്‍ണ്ണ അരികുകളുള്ള  ഒരു അത്തറു കുപ്പി . .എന്‍റെ ഇരുണ്ട നിറത്തിന്റെ പോരായ്മകള്‍ ആ ഗന്ധം പരിഹരിച്ചു കൊള്ളും എന്ന് ഞാന്‍ വിശ്വസിച്ചു .പിന്നീടു ഞാന്‍ കടകള്‍ കയറി ഇറങ്ങി പല തരത്തിലുള്ള സുഗന്ധ ലേപനങ്ങള്‍ വാങ്ങിച്ചു കൂട്ടി .ഇപ്പോള്‍ എന്‍റെ വിയര്‍പ്പിന് സ്വന്തം എന്ന് അവകാശപ്പെടാന്‍ ഒരു ഗന്ധം ഇല്ല .കാരണം വിയര്‍പ്പു പേറ്റന്റ്‌ എടുത്തിട്ടില്ലായിരുന്നു.എന്‍റെ ശരീരം നിറയെ ഇപ്പോള്‍ കുത്തക കമ്പനികളുടെ ഗന്ധമാണ് .പക്ഷെ അവയ്ക്കൊന്നിനും എനിക്ക് പരിചിതമായ ഒരു മണവും ഇല്ലായിരുന്നു .

പണ്ടത്തെ പേര മരം വക്രിച്ചു വളരുന്ന ശുഷ്കിച്ച ശിഖരങ്ങള്‍ വളച്ചു എന്നെ തഴുകി .അതിന്റെ വേരുകള്‍ മണ്ണിന്റെ പുറത്തു ഭൂപടം വരച്ചിരുന്നു .ആ തണലില്‍ കിടന്നു വേരുകള്‍ കെട്ടിപിടിച്ചു ഞാന്‍ ഉറങ്ങി പോയി .ഒരുപക്ഷെ ഉണരുമ്പോള്‍ പേരമരത്തില്‍ നൂല്‍പാലം കെട്ടുന്ന ചിലന്തികള്‍ എന്‍റെ പഴയ ഗന്ധത്തെ ആവാഹിച്ചു എന്നോട് ചേര്‍ത്ത് വല കേട്ടുമായിരിക്കും .