Saturday, June 9, 2012

ഗന്ധങ്ങള്‍

അയാള്‍ അന്ന് പതിവിലും നേരത്തെ മുറ്റത്ത്‌ ഉലാത്താനിറങ്ങി.ആ സമയത്ത് ഒരു ഉലാത്തലും ,കിളികള്‍ക്ക് തീറ്റ കൊടുക്കലും ,ചെടി നനയ്ക്കലും അയാള്‍ക്ക് പതിവായിരുന്നു .ഈ "അയാള്‍"ആരാണെന്നു പറഞ്ഞില്ലല്ലോ .ഒരു ആഡ്യത്തമുള്ള പേര് അയാള്‍ക്കുണ്ട് .പേരിലെന്തിരിക്കുന്നു അല്ലെ?സന്ധ്യാ നേരത്തുള്ള ഉലാത്തലും മറ്റും കേള്‍ക്കുമ്പോള്‍ അയാള്‍ ഒരു തൊഴില്‍രഹിതനായ മധ്യവയസ്കനാണെന്ന് തെറ്റിദ്ധരിക്കരുത് .പാതി ശരിയാണ് .അയാള്‍ ഒരു മധ്യവയസ്കനാണ് .പാരമ്പര്യമായി സ്വത്തു വകകള്‍ ധാരാളമുള്ള ,വിതക്കാതെ കൊയ്യുന്ന ഒരു സമ്പന്നന്‍ ..വിപണിയുടെ കയറ്റിറക്കങ്ങള്‍ ബാധിക്കാത്ത ഒരു വന്‍ മതില്‍ .
ഇനി അയാള്‍ ഉലാത്തുന്നതിന്റെ രഹസ്യത്തിലേക്ക് വരാം.അത് അയാളുടെ ഭാര്യ,പ്രശസ്തയായ ഡോക്ടറുടെ കണ്‍സല്‍ട്ടിങ്ങ് ടൈം ആണ് .അത് ഒരു പ്രത്യേക കെട്ടിടം ആണെങ്കിലും പോക്ക് വരവ് ഈ മുറ്റത്ത്‌ കൂടെയാണ് .

അയല്‍പക്കത്തെ പെണ്ണുങ്ങളുടെ കുനിട്ടും കുശുമ്പും അറിയുവാനുള്ള വെമ്പല്‍ പോലെയാണ് അയാള്‍ക്ക് ആ നേരങ്ങള്‍ ....അയാള്‍ ഒരു സംശയാലു ഒന്നും അല്ല കേട്ടോ ..എന്തോ അയാള്‍ അങ്ങിനെയാണ് ...അത് ഒരു വായ്നോട്ടമോ ,വികരത്തള്ളിപ്പോ ഒന്നുമല്ല .ഒരു കൌതുകം !അതെ ,അതാണ് ശരിയായ വാക്ക് ....ഇനി ഭാര്യയിലേക്ക് വരാം .അവര്‍ക്ക് ഇതൊന്നും ഒരു വിഷയമല്ല .ഒരു ഡോക്ടറുടെ ഗൌരവം നിറച്ച കണ്ണുകള്‍ അവര്‍ തന്റെ വട്ട കണ്ണാട കൊണ്ട് മറച്ചിരുന്നു .അധികം സംസാരിക്കാത്ത അവരെക്കുറിച്ച് ഞാന്‍ എന്തെഴുതാന്‍ ?സന്ദര്‍ശകര്‍ക്ക് അയാള്‍ ഒരു പരിചാരകനോ ,തോട്ടക്കാരനോ ആയി തോന്നാതിരിക്കാന്‍ ഉലാത്തുമ്പോള്‍ ധരിക്കാന്‍ അയാള്‍ക്ക് അവര്‍ മുന്തിയ കമ്പനി മുദ്രകള്‍ പതിപ്പിച്ച ടീ ഷര്‍ട്ടുകള്‍ സമ്മാനിക്കാറുണ്ടായിരുന്നു .


അന്നാദ്യമായാണ് അയാള്‍ ഭാര്യയെ കാണാന്‍ വന്ന ആ സ്ത്രീയുടെ വട്ടപ്പോട്ടിലേക്ക് ഏറെ നേരം നോക്കി നിന്നത് അയാള്‍ അപ്പോള്‍ ചെടി നനയ്ക്കുകയായിരുന്നു .."അല്ല,ഇത് അവളല്ല".അയാള്‍ സ്വയം പറഞ്ഞു .അവള്‍ക്കു കണ്ണാട ഇല്ലായിരുന്നല്ലോ .മാത്രമല്ല അവളുടെ മാറിടം ഇത്ര പതിഞ്ഞതല്ല .നിറം ഇതിലും ഉണ്ട്.പിന്നെ നടപ്പിന്റെ താളവും ശരിയല്ല .പക്ഷെ ,റോസയും ,പിച്ചിയും അന്ധൂറിയവും ചേര്‍ന്ന് വര്‍ഷങ്ങള്‍ ആ സ്ത്രീയില്‍ വരുത്തിയ മാറ്റങ്ങള്‍ അയാള്‍ക്ക് പറഞ്ഞു കൊടുത്തു .അത് അയാള്‍ പണ്ട് ഒരുപാടു മനസ്സില്‍ ആഗ്രഹിച്ചു മനസ്സില് കൊണ്ട് നടന്ന  അയാളുടെ പഴയ കാമുകി തന്നെയാണെന്ന് എവര്‍ഗ്രീന്‍ ചെടി ആണയിട്ടു.. ഈ കാമുകി പ്രയോഗം ശരിയാണോ എന്നറിയില്ല കാരണം അവർ ഒരിക്കലും അയാളെ സ്നേഹിച്ചതായി അറിവില്ല . കാരണം അത് തുറന്നു പറയാൻ അയാളും മുതിർന്നിട്ടില്ലല്ലൊ 


."അല്ലെങ്കിലും അയാള്‍ എന്നും അങ്ങനെയാ..ഒരു എലിയുടെ മട്ട്" മുല്ലവള്ളി ഏന്തി വലിഞ്ഞു പിറുപിറുത്തു 

.അയാള്‍ ഒരു തണുപ്പനാണെന്ന് ഒരിക്കല്‍ ഡോക്ടര്‍ കാറിലിരുന്നു തന്റെ പുറത്തു വിരലോടിക്കുന്ന സഹപ്രവര്‍ത്തകനോട് പറഞ്ഞതും അവര്‍ ഒരുമിച്ചു ചിരിച്ചു തന്നെ കുലുക്കിയതും മുറ്റത്ത്‌ പാര്‍ക്ക്‌ ചെയ്തിരുന്ന കാര്‍ ഓര്‍ത്തു .ആ വിദ്വാന്‍ പൂശിയ അഫ്റെര്‍ ഷേവ് ലോഷന്റെ ഗന്ധം അതിനു ഇഷ്ട്ടമല്ലായിരുന്നു .ആ ഗന്ധവുമായി കിടപ്പുമുറിയില്‍ വരുന്ന ഭാര്യയോടു അയാളും ഒന്നും ചോദിക്കാറില്ലായിരുന്നു .

ആ സ്ത്രീ ഈ നഗരത്തിലേക്ക് താമസം മാറിയിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ എന്നും അവരുടെ ഭര്‍ത്താവ് ഇപ്പോഴും ഒരു പ്രവാസിയാണെന്നും അറിഞ്ഞു .പിന്നീടയാള്‍ അവരുടെ കാലടികള്‍ പിന്തുടര്‍ന്നു.അവരുടെ തവിട്ടു നിറമുള്ള ഗേറ്റ് തുറന്നു അയാള്‍ അവരുടെ സ്വകാര്യതയിലേക്ക് കടക്കുക പതിവായി ,

അയാളുടെ വീട്ടിലെ ചെടികൾക്കും ചുവരുകൾക്കും ഇപ്പോൾ ഗന്ധങ്ങൾ ഇഷ്ട്ടമല്ല  .കാരണം അപരിചിതമായ ഗന്ധങ്ങള്‍ പേറി ആ വീട്ടുകാര്‍ തിരിച്ചെത്തുമ്പോള്‍ അവയ്ക്ക് ഓക്കാനം വരുമത്രേ .. 

No comments:

Post a Comment