Saturday, June 9, 2012

അരികുകള്‍ ഇല്ലാത്ത കിണര്‍

ഇന്നലെ രാത്രി മഴപെയ്തപ്പോള്‍ പെട്ടെന്ന് മനസ്സില്‍ ഓടിക്കയറി വന്നതാണ്‌ ഈ ഓര്‍മ്മകള്‍ .....


പണ്ട് വീടിന്റെ പുറകു വശത്തു ഒരു കിണര്‍ ഉണ്ടായിരുന്നു .കൈവരികള്‍ ഇല്ലാത്ത കിണര്‍ .മുകളില്‍ നിന്നും നോക്കിയാല്‍ വളര്‍ന്നു നില്‍ക്കുന്ന പുല്‍ജാതികളും ,വെട്ടം പ്രതിഫലിപ്പിക്കുന്ന പാറകളും,നല്ല ഉറവയും ഉള്ള ഒരു കിണര്‍ ..നല്ല മഴയുള്ള രാത്രികളില്‍ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടുമ്പോള്‍ മനസിലെ ചിന്ത രാവിലെ കിണറിലെ വെള്ളത്തിന്റെ അളവിനെ കുറിച്ചാവും .നിലയ്ക്കാത്ത പേമാരി ആണെങ്കിൽ  ഉണങ്ങാത്ത തുണികളെ കുറിച്ചും ,അടുപ്പില്‍ വച്ചാല്‍ കത്താതെ പുകയുന്ന വിറകിനെ കുറിച്ചും അമ്മ വേവലാതിപ്പെടുമ്പോള്‍ ഞാന്‍ മനോഹരമായ ഒരു സ്വപ്നം കാണുകയായിരിക്കും .വെള്ളം നിറഞ്ഞു കിടക്കുന്ന കിണറും ..കപ്പു കൊണ്ട് വെള്ളം കോരി പട്ടികുഞ്ഞിനെ കുളിപ്പിക്കുന്ന ഞാനും .


രാവിലെ എഴുന്നേറ്റു ഒരു ഓട്ടമാണ് പുറകുവശത്തേക്ക് ...മഴകൊണ്ട്‌ ഉറങ്ങിപ്പോയ തോട്ടവാടികളെ ചവിട്ടി മെതിച്ചും ,തെങ്ങില്‍ തടത്തില്‍ ഇറങ്ങി ചെളിയും തെറുപ്പിച്ച് കൊണ്ട് ..അപ്പോള്‍ ആ കിണറില്‍ നിറയെ നീല നിറത്തിലുള്ള വെള്ളം നിറഞ്ഞിരിക്കും ..അല്ല ,അത് നിറഞ്ഞു കവിഞ്ഞിരിക്കും എന്ന് പറയുന്നതാണ് ശരി .കിണറിന്റെ ഓരത്ത് മാക്രി കുഞ്ഞുങ്ങള്‍ ചാടി മറയുന്നത് കാണാം .എന്റെ ഉടുപ്പിന്റെ അരികു പറ്റി പട്ടികുഞ്ഞും കിണറിലേക്ക് എത്തി നോക്കും .സി .വി രാമന്‍ ഇഫ്ഫെക്റ്റ് പഠിക്കുന്നതിനു വളരെ മുന്‍പ് ഞാന്‍ ആലോചിക്കാറുണ്ട് ഈ വെള്ളത്തിന്‌ ഇങ്ങനെ  നീല നിറം എന്തുകൊണ്ടാണ് എന്ന് ..ഇത്തരം ചിന്തകളില്‍ മുഴുകി ഞാനും പട്ടികുഞ്ഞും കിണറ്റിന്‍കരയില്‍ ഇരിക്കുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് നീരോലി വടി കൊണ്ട് പുറത്തു നല്ല വീ ശിയുള്ള അടി ..തിരിഞ്ഞു നോക്കുമ്പോള്‍ രണ്ടു കയ്യിലും നീരോലി വടിയുമായി അമ്മയുണ്ടാകും .അടികൊള്ളാന്‍ എന്നെ തനിയെ വിട്ടിട്ടു പട്ടികുഞ്ഞു ഓടി മറയും .അന്നേരം അമ്മയ്ക്കും ബാലരമയിലെ ഡാകിനിക്കും ഒരേ ച്ഛായയാണെന്ന് എനിക്ക് തോന്നാറുണ്ട് .


അമ്മ എന്നെ തല്ലാന്‍ സ്ഥിരമായി ചൂരല്‍ വാങ്ങാറുണ്ടായിരുന്നു.അമ്മ അറിയാതെ ഞാന്‍ ആ ചൂരല്‍ ബ്ലേട്‌ കൊണ്ട് വരഞ്ഞു വെക്കാറുണ്ടായിരുന്നു .ഒരു അടി കൊണ്ട് കഴിയുമ്പോഴേക്കും ഒടിഞ്ഞു പോകാനുള്ള വിദ്യ .സഹികെട്ട് അമ്മ പറമ്പിന്റെ അതിരില്‍ നില്‍ക്കുന്ന നിരോലി വടികള്‍ ഒടിച്ചു അടിക്കാന്‍ തുടങ്ങി .അതിനു നല്ല വേദനയും ഉണ്ടായിരുന്നു .അടികൊണ്ടു ചുവന്ന വടുക്കള്‍ നോക്കി ഉമ്മറത്ത്‌ എങ്ങലടിക്കുമ്പോള്‍ പറ്റി ക്കൂടാന്‍ പട്ടികുഞ്ഞും വരും .
അപ്പോഴേക്കും ആവി പറക്കുന്ന ചായ,ദോശ,പഞ്ചസാര മുതലായവയുമായി അമ്മയെത്തും .ഒരു കഷ്ണം ദോശ പട്ടികുഞ്ഞിനു കൊടുത്തു മറ്റുള്ളവ പഞ്ചസാര യില്‍ മുക്കി കഴിക്കുമ്പോള്‍ വീണ്ടും ഇടി വെട്ടാന്‍ തുടങ്ങും .അടുത്ത മഴക്ക് മുന്നോടിയായി ,,,,

7 comments:

 1. ഓര്‍ക്കാപുറത്ത് നീരോലി വടി കൊണ്ട് പുറത്തു നല്ല വീ ശിയുള്ള അടി ..തിരിഞ്ഞു നോക്കുമ്പോള്‍ രണ്ടു കയ്യിലും നീരോലി വടിയുമായി അമ്മയുണ്ടാകും .അടികൊള്ളാന്‍ എന്നെ തനിയെ വിട്ടിട്ടു പട്ടികുഞ്ഞു ഓടി മറയും .അന്നേരം അമ്മയ്ക്കും ബാലരമയിലെ ഡാകിനിക്കും ഒരേ ച്ഛായയാണെന്ന് എനിക്ക് തോന്നാറുണ്ട് .

  ReplyDelete
 2. ഹര്ഷാ.. ഞാന്‍ വായിച്ചു... സൂപ്പര്‍ ഓര്‍മ്മകള്‍... ഇത് വായിക്കുന്ന ആര്‍ക്കും ഈ അനുഭങ്ങളുടെ ഒര്മാകലുണ്ടാകും...നന്ദി ഒര്മാപ്പെടുത്തളുകള്‍ക്ക്..

  Majeed Kallingal Abu Faiz

  ReplyDelete
  Replies
  1. ഒരു മഴ ചാറ്റല്‍ കൊണ്ടപ്പോള്‍ വന്ന ഒര്മയാണിത് .thank u

   Delete
 3. ഹ ഹ ഹ ഹ ഹര്ഷാ, അടിക്കുമ്പോള്‍ അമ്മയ്ക്കും ബാലരമയിലെ ഡാകിനിക്കും ഒരേ ച്ഛായ ...."അരികുകള്‍ ഇല്ലാത്ത കിണര്‍", നല്ല അവതരണം ...അഭിനന്ദനങ്ങള്‍:)


  Saleem Kottarakkara

  ReplyDelete
 4. അമ്മയുടെ സ്നേഹം അതിരുകളില്ലാത്ത ഒരു കിണർ പോലെ തന്നെയാണ്.. ജലനിരപ്പ്‌ അല്പം താഴ്ന്നാലും ഒരിക്കലും വറ്റാത്തത്. നാമോരോരുത്തരും അത് നിറഞ്ഞു കവിഞ്ഞു കാണാനാണ് ആഗ്രഹിക്കുക. പ്രതീക്ഷ കെടുത്താതെ അത് എന്നും വഴിഞ്ഞുകൊണ്ടേ ഇരിക്കും.

  ReplyDelete