Friday, February 15, 2013

ഉണ്ണി

ഞാന്‍ അന്ന് ഒരു രാജ്ഞിയെപ്പോലെ ഉപവിഷ്ട്ടയായി .എനിക്ക് ചുറ്റും തളികയില്‍ പലഹാരങ്ങളും പഴങ്ങളുമായി പരിവാരങ്ങള്‍ ,എങ്ങും പൊട്ടിച്ചിരിയും ആഹ്ലാദവും ,നിറഞ്ഞ പുഞ്ചിരിയില്‍ തലയാട്ടി എന്റെ മുറ്റത്തെ തുളസി ചെടി തലപ്പ്‌ നീട്ടി എന്നെ അനുഗ്രഹിച്ചു .വീട്ടില്‍ വരുന്ന പുതിയ ഉണ്ണിയെ വരവേല്‍ക്കാന്‍ ഞാന്‍ പിച്ചി പൂവിനെ ചട്ടം കെട്ടി

. അടുക്കളയിലെ കുഞ്ഞു വട്ട ചെരുവം ചോദിച്ചു "കുറുക്ക്  
 ഞാന്‍ ഉണ്ടാക്കിയാല്‍ മതിയോ ".എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല .ഞാന്‍ പറഞ്ഞു നീയെനിക്ക് പായസമാണ് തരേണ്ടത്‌ .നല്ല വിളഞ്ഞ മത്തങ്ങ കൊണ്ടുള്ള പായസം .അപ്പോഴേക്കും എനിക്ക് പുളിച്ചു തികട്ടി വന്നു .കണ്ണി മാങ്ങാ കൊണ്ടുള്ള രസികന്‍ അച്ചാര്‍ കഴിച്ചു ഞാന്‍ ചാര് കസേരയില്‍ നീണ്ടു കിടന്നു .

കാര്‍മേഘങ്ങള്‍ പറന്നു കിടന്ന ആകാശം പതുക്കെ പതുക്കെ വെളുത്ത നിറമാകുന്നതു കാണാന്‍ എന്ത് രസം ..ഉണ്ണി നിന്റെ വരവ് ഒരു ആഘോഷമാണല്ലോ !!!എനിക്ക് നഷ്ട്ടപെട്ട സന്തോഷങ്ങള്‍ ആണോ നീ തിരിച്ചു നല്‍കുന്നത് ?എന്നും ഒരകലം കാത്തു സൂക്ഷിച്ച ബന്ധങ്ങള്‍ പയ്യെ പയ്യെ ഉറുമ്പി നെപോലെ വരിവരിയായി എനിക്കരികിലേക്ക് വരുന്നത് ഞാന്‍ കണ്ടു .എന്റെ കുഞ്ഞു വയറില്‍ തലോടി കൊണ്ട് ഞാന്‍ പറഞ്ഞു "ഉണ്ണി, അവരൊക്കെ വരുന്നുണ്ട് ".അവരുടെ കയ്യിലെ പൊതികെട്ടില്‍ നിറയെ പലഹാരങ്ങളും പച്ചമാങ്ങയും ആയിരുന്നു .ആരോ എനിക്ക് കുറച്ചു ധന്വന്തരം ഗുളികകള്‍ തന്നു .സ്നേഹപൂര്‍വ്വം എന്നെ തലോടി .ഉണ്ണി ,ഇവര്‍ക്ക് വഴികാട്ടിയ ധ്രുവ നക്ഷത്രം നീയാണോ ?

എപ്പോഴാണ് ഞാന്‍ ഉറങ്ങിയത് എന്നറിയില്ല ..അസഹ്യമായ ഒരു കൂര്‍ത്ത വേദന എന്നെ ഉണര്‍ത്തി .ഞെരമ്പുകള്‍ പൊട്ടി ചോരചിതരുന്ന പ്രതീതി .ഞാന്‍ വയര്‍ ഞെക്കി പിടിച്ചു ..മകനെ നിനക്കെന്തു പറ്റി??ഒരു യാത്രാമൊഴി പറഞ്ഞു കൊണ്ട് എന്റെ കാലുകള്‍ക്കിടയിലൂടെ രക്തം ഒലിച്ചിറങ്ങി ..അവയങ്ങനെ തളംകെട്ടി തറയില്‍ കിടന്നു .അവയ്ക്കിടയില്‍ നിന്റെ കുഞ്ഞു നുറുങ്ങുകള്‍ ഉണ്ടോ ?ഞാന്‍ ഒരു നനഞ്ഞ പക്ഷികുഞ്ഞിനെപോലെ കൂനി ഇരുന്നു .എനിക്ക് ചുറ്റും വീശിയ കാറ്റില്‍ എന്റെ മാതൃത്വം പറന്നകന്നു പോയി ...പുതുതായി വരുന്ന ഇളം പച്ച നിറത്തിലുള്ള നാമ്പുകള്‍ കാണിച്ചു തുളസി ചെടി എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു ......