(ജോജോ - ഒരു ഫയല്‍ ചിത്രം )
ഒരു പൂച്ച കാട് കയറുക എന്നത് അമ്മയെ സംബന്ധിച്ചടുത്തോളം ഒരു വലിയ കാര്യം അല്ലായിരിക്കാം .അതുകൊണ്ടാണല്ലോ ജോജോ കാടു കയറി എന്ന് വളരെ ലാഘവത്തോടെ പറഞ്ഞത് .കടലുകടന്നു ത്രിജി വഴി ആ വാര്‍ത്ത കേട്ടപ്പോള്‍ എനിക്കുണ്ടായ സങ്കടം നിങ്ങളില്‍ ചിരി ഉണര്‍ത്തിയെക്കാം .കാരണം ജോജോ എന്‍റെ മാത്രം സ്വകാര്യ ദുഖം ആണല്ലോ .
ഈ ജോജോ ആരാ? എന്താ? എന്നൊക്കെ പറയുന്നതിന് മുന്‍പ് എന്‍റെ പൂച്ച പ്രേമത്തെ കുറിച്ച് നിങ്ങള്‍ അറിയണം .ഇല്ലെങ്കില്‍ പലര്‍ക്കും എന്‍റെ മനോ നിലയില്‍ നേരിയ സംശയം തോന്നാം .സ്വാഭാവികം .
പണ്ട് അതായതു ഞാന്‍ എന്‍റെ പ്രൈമറി വിദ്യാഭ്യാസ കാലം മുതല്‍ ആരംഭിച്ചതാണ് ഈ പൂച്ചകളുടെ പുനരധിവസിപ്പിക്കല്‍.എന്‍റെ ഗ്രാമത്തില്‍ നിന്നും ഏകദേശം ഒരു മണിക്കൂര്‍ "ചോറ്റാനിക്കര അമ്മ ","മീന മോള്‍" തുടങ്ങിയ ബസ്സുകളില്‍ സഞ്ചരിച്ചാലെ നഗരാതിര്‍ത്തിയില്‍ നിന്നും പരിഷ്ക്കാരിയായ സ്കൂള്‍ ബസ്സ് കിട്ടുകയുള്ളൂ .അന്ന് ആ ഗ്രാമത്തില്‍ നിന്നും പട്ടണത്തില്‍ പോയി പഠിക്കുന്ന കുട്ടികള്‍ വിരളം .തിരിച്ചു വരും നേരം ഇതേ ബസ്സ് സ്റ്റോപ്പില്‍ ഒരു നീണ്ട കാത്തു നില്‍പ്പാണ് .എന്‍റെ ഗ്രാമത്തിലേക്കുള്ള ബസ്സ് കാത്തു ...
അവിടെ നഗരസഭയുടെ ഒരു ഭീമന്‍ ചവറ്റു കുട്ടയുണ്ട് .പ്ലാസ്റ്റിക് കൂട്ടില്‍ കെട്ടിയ നിലയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പാട് പൂച്ച കുഞ്ഞുങ്ങളെ അതില്‍ നിന്നും ഞാന്‍ പോക്കിയെടുത്തിടുണ്ട് .പിന്നെ അവയെ ഞാന്‍ സ്കൂള്‍ ബാഗിനുള്ളില്‍ ആക്കും .ബസ്സിലെ യാത്രക്കിടയില്‍ "മ്യാവു ,മ്യാവു " ശബ്ധം കേട്ട് പരിഭ്രാ ന്തരായ യാത്രക്കാര്‍ ഷേര്‍ ലക് ഹോംസ് നെ പ്പോലെ എന്നെ കണ്ടുപിടിക്കും .കണ്ണും തള്ളി ബാഗും കെട്ടിപിടിച്ചു നില്‍ക്കുന്ന കുഞ്ഞു കുട്ടിക്ക് ഇരിക്കാന്‍ സീറ്റ് കൊടുത്തു പണിക്കാര്‍ തമ്മില്‍ ചിരിക്കും .കവലയില്‍ ബസ്സിറങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ പടിക്കലെത്തിയാല്‍ സഹയാത്രികരാരെങ്കിലും അമ്മ കേള്‍ക്കാന്‍ പാകത്തിന് നീട്ടി വിളിച്ചു പറയും "ടീച്ചറെ ,,കുട്ടി സ്കൂളില്‍ നിന്നും കൂട്ടുകാരെ കൊണ്ട് വന്നിടുണ്ട് ട്ടോ ".കല്ലെടുത്തെറിയാന്‍ തോന്നിയിട്ടുണ്ട് എനിക്ക് .പിന്നെ ഈ പൂച്ചകളെ വീട്ടില്‍ കയറ്റാന്‍ ഞാന്‍ നിരാഹാരം,മണ്ണില്‍ കിടന്നുരുളിച്ച ,തുടങ്ങിയ സമരമുറകള്‍ പയറ്റണം.
ജോജോ യെ ഞാന്‍ കണ്ടെത്തുന്നത് ഏതാണ്ട് ഇതേ പശ്ചാത്തലത്തില്‍ ആണ് .സ്ഥലവും ,സന്ദര്‍ഭവും മാത്രം വ്യതാസം .പിന്നെ ഞാനും ആ പഴയ സ്കൂള്‍ കുട്ടിയില്‍ നിന്നും ഒരു ഉദ്യോഗസ്ഥയായി വളര്‍ന്നു . .കൂടിനുള്ളില്‍ ശ്വാസം മുട്ടി കണ്ണ് ചിമ്മിയ വലിയ ആകര്‍ഷണീയത അവകാശ പ്പെടനില്ലാത്ത ഒരു പൂച്ച ക്കുട്ടി. അതായിരുന്നു അവന്‍ .വീട്ടില്‍ എത്തി വണ്ടിയില്‍ നിന്നും അവനെ എടുത്തു കൂള്‍ ആയി അകത്തേക്ക് കയറി പ്പോയ എന്നെ കണ്ടു ഞെട്ടിയതും കണ്ണ് തള്ളിയതും അമ്മയ്ക്കാണ് .
പിന്നെ പേരിടല്‍ കര്‍മ്മമായിരുന്നു .നാടന്‍ പേരുകള്‍ മടുത്തത് കൊണ്ട് കണ്ടു മറന്ന ഇംഗ്ലീഷ് പടങ്ങളിലെ നായകന്മാരുടെ പേര് വിളിച്ചു നോക്കി .സ്റ്റീവ് ,എറിക് മുതലായവ .ഒരു ഗമ വേണ്ടേ .ഒരു രക്ഷയുമില്ല .പൂച്ച തിരിഞ്ഞു നോക്കുന്നില്ല .അവസാനം വായില്‍ വന്ന പേരാണ് ജോജോ .അത് സംഗതി ക്ലിക്ക് ആയി .
പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു .കൊടുക്കുന്ന പാല്‍ തീര്‍ത്തും കുടിച്ചു അവന്‍ അമ്മയെ കയ്യിലെടുത്തു .മനുഷ്യനായാലും ,മൃഗമായാലും കൊടുക്കുന്നത് മുഴുവന്‍ തിന്നുന്നവര്‍ അമ്മയ്ക്ക് പ്രിയപ്പെട്ടവര്‍ ആയിരുന്നു .അവന്‍ പ്ലേറ്റ് നക്കിതുടച്ച് അമ്മയെ നോക്കി പുഞ്ചിരിക്കും .അമ്മയും ഹാപ്പി .അച്ഛന്‍റെ വണ്ടിയുടെ ശബ്ധം കേട്ട് ചാടി മുറ്റത്തേക്കിറങ്ങി അവന്‍ അച്ഛന്‍റെ പ്രീതി സമ്പാദിച്ചു പലതരത്തിലുള്ള വണ്ടികള്‍ ചീറിപ്പായുന്ന ആ വഴിയില്‍ അച്ഛന്‍റെ വണ്ടി മാത്രം വേര്‍തിരിച്ചറിയുന്ന വിദ്യ ഇന്നും എനിക്ക് അജ്ഞാതമാണ് ..പതുക്കെ അവന്‍ ആ വീട്ടിലെ സെറ്റിയില്‍ കയറി കിടന്നു ഭരിച്ചു തുടങ്ങി.പിന്നെ മുയല്‍ പുതപ്പ് എന്ന് ഞാന്‍ വിളിക്കുന്ന എന്‍റെ പതുപതുത്ത പുതപ്പിനുള്ളില്‍ ജോജോ ഉറങ്ങി തുടങ്ങി .
ഇതൊക്കെയാണെങ്കിലും മറ്റുള്ളവര്‍ക്ക് അവന്‍ ഒരു ചാവാലി പൂച്ച ആയിരുന്നു .ഒരു തരത്തില്‍ അത് നേരാണ് കേട്ടോ .എത്ര തിന്നാലും അവന്‍റെ ദേഹത്ത് കാണില്ല.Dr ,ചീരന്റെ പെറ്റ് ഷോപ്പില്‍ നിന്നും പേര്‍ഷ്യന്‍ പൂച്ചകള്‍ മാത്രം ഭക്ഷിക്കുന്ന വിലകൂടിയ പെല്ലെട്സ് എന്ന പൂച്ച ഭക്ഷണം വാങ്ങി കൊടുത്തിട്ടും ഒരു രക്ഷയുമില്ലായിരുന്നു .. . അവനു പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ മൃഗാശുപത്രിയില്‍ ച്ചെന്ന എന്നെ അവിടുത്തെ തൂപ്പു ക്കാരി അദ്ഭു ത തോടെ നോക്കിയതും എനിക്ക് ഓര്‍മയുണ്ട് .ആ നാട്ടില്‍ പൂച്ചക്ക് കുത്തിവെപ്പ് എടുത്ത ആദ്യത്തെ ഒരു പക്ഷെ അവസാനത്തെ ആള്‍ ഞാനാണെന്ന് അവര്‍ പറഞ്ഞാണ് പിന്നീടു ഞാന്‍ അറിയുന്നത് .
എന്‍റെ കല്യാണ ദിവസം ഒരുങ്ങി കഴിഞ്ഞു ഫോട്ടോ ക്ക് pose ചെയ്യുമ്പോള്‍ അവന്‍ ഓടി വന്നു ആ റോസ് നിറത്തിലുള്ള സാരിയുടെ മുന്താണി യിലുള്ള മുത്തുക്കള്‍ പിടിച്ചു തൂങ്ങി ആടിയതും,ഫോടോഗ്രഫെര്‍ അത് പകര്‍ത്തിയതും നല്ല ഓര്‍മ്മയുണ്ട് .
എന്‍റെ പൂച്ച വിരോധിയായ husband വരെപല്ലിറുക്കി ജോജോയെ സ്നേഹിച്ചു .പുള്ളി വിദേശ ത്തേക്ക് തിരിച്ചു പോയിട്ടും എന്‍റെ പാവം (?) അമ്മായിഅമ്മയെ സോപ്പിട്ടു,ഞാന്‍ ജോജോയുടെ കൂടെ കളിച്ചും മുയല്‍ പുതപ്പില്‍ ഉറങ്ങിയും എന്‍റെ വീട്ടില്‍ തന്നെ നിന്നു.
ഈ സമയത്താണ് ജോജോയുടെ ജീവിതത്തിലെ സുപ്രധാനമായ ആ സംഭവം .അതിനു കാരണഭൂതന്‍ ഗോപാലന്‍ ചേട്ടനാണ് .പണ്ട് കാലം മുതല്‍ വീട്ടില്‍ തെങ്ങുകള്‍ക്ക് ആഴത്തില്‍ കുഴിയെടുക്കുകയും ,പീപ്പി ,മച്ചിങ്ങ വണ്ടി മുതലായവ ഉണ്ടാക്കി തരുകയും ചെയ്തിരുന്ന ഗോപാലന്‍ ചേട്ടന് അന്നൊക്കെ സൂപ്പര്‍ മാന്‍ ,ഹീ മാന്‍ തുടങ്ങിയ കഥാപാത്രത്തോളം ഉയരത്തിലായിരുന്നു സ്ഥാനം .പുള്ളിക്കാരന്‍ കൂടെ കൂടെ ജോജോയെ ആണത്തമില്ലത്തവന്‍ എന്ന് വിളിച്ചു പരിഹസിച്ചിരുന്നു .സംഗതി ശരി യാണ് .വീടിന്‍റെ നാല് അതിരുകള്‍ വിട്ടവന്‍ പുറത്തേക്കിറങ്ങില്ലയിരുന്നു .മറ്റു പൂച്ചകളുടെ നിഴല്‍ വെട്ടം കണ്ടാല്‍ ഓടി അകത്തു കയറും .ഈ പരിഹാസം കേട്ട് മടുത്തിട്ടോ എന്തോ ഒരു ഉത്തരം എന്നോണം കുറച്ചപ്പുറത്തെ ജോര്‍ജേട്ടന്റെ വീട്ടിലെ കുറിഞ്ഞിക്ക് ജോജോയുടെ ച്ചായയുള്ള രണ്ടു കുഞ്ഞുങ്ങള്‍ ജനിച്ചു .അത് അവന്‍റെ കുഞ്ഞുങ്ങള്‍ ആണെന്ന് ആ വീട്ടിലെ ചേച്ചി പറയുന്നതില്‍ സത്യം ഉണ്ടായിരുന്നു .കാരണം ഒരിക്കല്‍ ആ വീട്ടിലെ ചെമ്പകത്തിന്റെ ചുവട്ടില്‍ ഞാന്‍ ഇവരെ കണ്ടിട്ടുണ്ട് .പലപ്പോഴായി മറ്റുപലരും ഇതേ സീന്‍ കാണുകയുണ്ടായി
ഇതൊക്കെയാണെങ്കിലും ജോജോ വളരെ അഭിമാനിയായിരുന്നു .ഭാര്യ വീട്ടില്‍ ഒരു രാത്രി പോലും അവന്‍ തങ്ങി യിട്ടില്ല കുറിഞ്ഞിയുടെയും,കുഞ്ഞുങ്ങളുടെയും കാര്യം തിരക്കി ഭാര്യ സുഖം അനുഭവിച്ചു "ശ്ശടെ " ന്നു തിരിച്ചു വരും.അവന്‍റെ ഈ യാത്രകളെ എന്‍റെ സുഹൃത്തുക്കള്‍ "സമ്മന്ധ" വുമായി ഉപമിച്ചിരുന്നു .
.ഈ മരുഭൂമിയില്‍ വന്നിട്ടും എല്ലാ ദിവസും അമ്മയോട് സംസാരിച്ചു കഴിഞ്ഞാല്‍ അവന്‍ "മ്യാവു " എന്ന് വിളിച്ചു അവന്‍റെ വിശേഷങ്ങള്‍ പറയും. ആ ജോജോയാണ് ആരോടും പറയാതെ ഒരു ദിവസം കാട് കയറിയത് .
ഇതിനെ കുറിച്ച് പലരും പല അഭിപ്രായ പ്രകടനങ്ങളും നടത്തി .ജോജോക്ക് വിരക്തി പ്രാപിച്ചതാണ് എന്നും ,അതല്ല തലയിണ ഉപയോഗിക്കുന്നവര്‍ അല്ലെങ്കിലും കുറിഞ്ഞിയുടെ തലയിണ മന്ത്രത്തില്‍ മയങ്ങി മറ്റെവിടെയോ ഒരു അണുകുടുംബമായി അവര്‍ കഴിയുന്നുണ്ടാകും എന്നും കേള്‍ക്കുന്നു .
എന്തൊക്കെയായാലും എന്‍റെ വീട്ടിലെ ഫ്രിഡ്ജില്‍ ഒരു ഗ്ലാസ് പാലും അവനു ഇഷ്ടമുള്ള പെല്ലെറ്സും എപ്പോ ഴും സൂക്ഷിക്കാന്‍ ഞാന്‍ അമ്മയോട്പറഞ്ഞിട്ടുണ്ട് .ഇനി ചിലപ്പോള്‍ അവന്‍ ഒരു വേള തിരിച്ചു വന്നാലോ ,,,,,,,,,,,,,,
വാല്‍കഷ്ണം :
എന്‍റെ വീട്ടില്‍ ആദ്യമായാണ് ഒരു പൂച്ച കാട് കയറുന്നത് .പണ്ടൊരു പൂച്ച ദിവംഗ തനായപ്പോള്‍ അന്നേരം "പൂച്ച മരണം " എന്ന കവിത എഴുതി .പിന്നീട് പൂച്ചയുടെ പര്യായം ക്ലാസ്സില്‍ പഠിച്ചപ്പോള്‍ അത് "മാര്‍ജ്ജാര മരണം" ആയി .