Saturday, October 3, 2015

വെളുത്ത കൊക്കുള്ള ഡോള്‍ഫിന്‍


ഓഫ് വൈറ്റ് പശ്ചാത്തലത്തില്‍ “വചന ദീപം ” എന്ന്‍ ബെയ്ജ് നിറത്തില്‍ എഴുതിയ കെട്ടിടത്തിന്‍റെ സന്ദര്‍ശക മുറിയേതാണെന്ന് ആദ്യം കണ്ട കന്യാസ്ത്രീയോട് ഞാന്‍ ചോദിച്ചു ഒപ്പം എന്നെ അവര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു..

തറയോടുകള്‍ പാകിയ പഴയൊരു മുറിയായിരുന്നു അത് .എന്നെ അവിടെയിരുത്തി അവര്‍ അകത്തേക്ക് പോയി .ചെറിയൊരു പൂപ്പാത്രത്തില്‍ ആസ്റ്റര്‍ പൂക്കളോട് സാദൃശ്യമുള്ള പുഷ്പ്പങ്ങള്‍ ഭംഗിയായി ഒരുക്കിയിരിക്കുന്നു

ഇന്‍റര്‍നെറ്റ് കവറേജ് കുറവായതിനാല്‍ അജിത്തിന് വാറ്റ്സ്അപ്പ് അയക്കാന്‍ എനിക്ക് കുറച്ച് ക്ലേശിക്കേണ്ടി വന്നു . “ഞാന്‍ ഇവിടെ എത്തിയിരിക്കുന്നു “ എന്ന സന്ദേശത്തോടൊപ്പം എന്ത് സ്മൈലി ചേര്‍ക്കണം എന്ന ചിന്തയിലായി ഞാന്‍

ഞാന്‍ അക്ഷമയാണ് , കാണാന്‍ പോകുന്ന വ്യക്തിയോട് എനിക്ക്കടുത്ത വെറുപ്പുണ്ട് ,അയാളുടെ പ്രതികരണത്തെ കുറിച്ച് ആകാംഷയുണ്ട് ,സര്‍വോപരി കാലങ്ങള്‍ക്ക് ശേഷം അയാളെ കണ്ട് പിടിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യവും അഭിമാനവുമുണ്ട് . ഈ വികാരങ്ങളെല്ലാം ചേര്‍ന്നൊരു സ്മൈലി ലഭ്യമല്ലാത്തതിനാല്‍ സ്മൈലി ചേര്‍ക്കാതെ തന്നെ ഞാന്‍ ആ സന്ദേശം അജിത്തിനയച്ചു. .

കുറച്ചു സമയം കഴിഞ്ഞിട്ടും അജിത്തിന്റെ മറുപടി ലഭിക്കാത്തതിനാല്‍ ഞാന്‍ മൊബൈല്‍ ഓഫ് ഓണ്‍ ചെയ്ത് അവിടെയുള്ള നെറ്റ് വര്‍ക്കിനായി പരതി

“തുരുത്തേലച്ചന്‍ പറഞ്ഞിരുന്നു നിങ്ങള്‍ വരുമെന്ന്.ഈ ചായ കഴിക്കൂ .പ്രാര്‍ഥനാ സമയമാകുന്നു .അതിനു ശേഷം ഇങ്ങോട്ട് പറഞ്ഞു വിടാം “

മുറിയിലേക്ക് അല്പം പ്രായമായൊരു സിസ്റ്റര്‍ കടന്നു വന്നു

ഞാന്‍ ചായ കയ്യിലെടുത്തത്തിന് ശേഷമാണ് അവര്‍ മുറി വിട്ട് പോയത്

ചായക്കൊപ്പം കിട്ടിയ കേക്കില്‍ ഒരളവില്‍ കൂടുതല്‍ മുട്ടയുടെ മഞ്ഞക്കുരു ചേര്‍ത്തത് കൊണ്ടാവാം അത്രക്ക് ആസ്വാദ്യകരമല്ലാത്ത ഗന്ധമുണ്ടായിരുന്നു അതിന്.

“ഡോണ്ട് ബ്ലാസ്റ്റ് , കൂട്ടി വച്ച ദേഷ്യവും വെറുപ്പും നിന്നെ കരയിക്കുമോ എന്ന്‍ ഞാന്‍ സംശയിക്കുന്നു “
അജിത്തിന്റെ മറുപടി .

ഏകദേശം മൂന്ന്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ അജിത്തിനോട് അയാളെ അന്വേഷിച്ച് കണ്ടുപിടിക്കുന്ന കാര്യം സംസാരിച്ചത്

അന്ന്‍ ഞങ്ങള്‍ ഹിറ്റ്ലറും ഇന്ത്യന്‍ രാഷ്ട്രീയവും എന്ന വിഷയത്തെ കുറിച്ച് മുണ്ടശ്ശേരി ഹാളില്‍ നടന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു .

കഴിഞ്ഞ ടിബറ്റ് യാത്രയില്‍ കണ്ട് മുട്ടിയ ഒരു യൂറോപ്യന്‍ പത്രപ്രവര്‍ത്തകന്‍ അയാളുടെ മുത്തച്ഛന് ജര്‍മ്മന്‍ പട്ടാളത്തില്‍ നിന്നും നേരിടേണ്ടി വന്ന യാതനകളെ കുറിച്ച് സംസാരിച്ചത് അജിത്ത് ഞാനുമായി പങ്ക് വച്ചു

“അജിത്ത്, ഇന്നും എന്നെ കുഴക്കുന്ന ഒരു ചോദ്യമുണ്ട് എന്ത് കൊണ്ട് ഈവബ്രൌണ്‍ ഹിറ്റ്ലറെ പ്രണയിച്ചു”

അന്നേരം ഞങ്ങള്‍ ഹോണസ്റ്റ് ബേക്കറിയിലിരുന്ന് പേസ്ട്രി കഴിക്കുകയായിരുന്നു .“ഒരു കാര്യം ചോദിക്കട്ടെ .നമ്മള്‍ എന്തിനാണ് ജീവിക്കുന്നത്?”

അജിത്തിന്റെ മറുചോദ്യം

എനിക്ക് ഉത്തരം വളരെ എളുപ്പമായിരുന്നു

“മരിക്കാന്‍ “

“എങ്കില്‍ ചരിത്രത്തെ ആശയക്കുഴപ്പത്തിലാക്കി മരിക്കുവാന്‍ വേണ്ടിയാകാം ഈവ ഹിറ്റ്ലറെ പ്രണയിച്ചതും വിവാഹം ചെയ്തതും “

അജിത്ത് രണ്ട് ചായ പറഞ്ഞു

“പക്ഷേ ഇവിടെ ഈവയുടെ പ്രണയത്തില്‍ ദുരൂഹതയുണ്ട് “
ചായക്ക് നല്ല ചൂടുണ്ടായിരുന്നു . എന്റെ നാവ് ചെറുതായി പൊള്ളി

പേസ്ട്രി കഴിച്ചതിന് ശേഷം ചായ കുടിക്കുന്നതിലെ മധുരക്കുറവിനെ ഞാന്‍ വിസ്മരിച്ചു

“ഉണ്ണിയുടെ “ലീല “ വായിച്ചോ “

അജിത്തിന്റെ ചോദ്യം

അപ്പോഴാണ് അജിത്ത് എന്നെ ഏല്‍പ്പിച്ച “ദ്രൌപതി “യെ കുറിച്ച് ഓര്‍ത്തത് .അതെന്നെ ഏല്‍പ്പിച്ചിട്ട് കാലം കുറച്ചാകുന്നു . വായിച്ചു തീര്‍ന്നതിനു ശേഷം എന്റെ അഭിപ്രായം കഴിഞ്ഞ മാസം ടൌണ്‍ഹാളില്‍ വച്ച് നടന്ന മാതൃഭൂമി പുസ്തക മേളയില്‍ പങ്കെടുത്ത് തിരിച്ചിറങ്ങുമ്പോള്‍ ഞാന്‍ അജിത്തിനോട് വിശദമായി പറഞ്ഞതുമാണ് .

എന്നിട്ടിന്നും പുസ്തകം ഭദ്രമായി എന്റെ അലമാരിയിലുണ്ട് .എനിക്ക് ജാള്യത തോന്നി .

അജിത്ത് “ലീല”യെക്കുറിച്ച് വാചാലനായി

“വായിച്ചിട്ടില്ലെങ്കില്‍ വായിക്കണം .വിചിത്രമായ ആഗ്രഹങ്ങളുടെ ഭണ്ഡാരമാണ് കുട്ടിയപ്പന്‍ .സ്മേര നേരത്തെ പറഞ്ഞ ഉത്തരമുണ്ടല്ലോ.മരിക്കാനായാണ് മനുഷ്യന്‍ ജീവിക്കുന്നതെന്ന് . കുട്ടിയപ്പന്‍ അതിനൊരു തിരുത്ത് പറഞ്ഞു തരും .ആഗ്രഹം പോലെ ജീവിച്ച് മരിക്കാനായാണ് മനുഷ്യന്‍ ജനിക്കുന്നതെന്ന് “

പിന്നീട് ഞങ്ങള്‍ സംസാരിച്ചത് മഴക്കാലത്ത് മുളച്ചു പൊന്തുന്ന വിവിധയിനം കൂണുകളെ പറ്റിയാണ്

കൂണിന്റെ ആകൃതിയിലുള്ള ഒരു വീടിന്റെ മുകളില്‍ മഴ പെയ്യുന്ന ചിത്രം വരക്കുവാനാണ് അന്നേരം എനിക്ക് തോന്നിയത്

മഴത്തുള്ളികള്‍ വൃത്താകൃതിയില്‍ നൃത്തം ചെയ്യുന്ന വീട് !!!

ഞങ്ങളുടെ പേസ്ട്രിയും ചായയും തീര്‍ന്നിട്ട് ഏറെ നേരമായെന്നും .എന്നിട്ടും കുറച്ചധികം സമയം അവിടെയിരിക്കുന്നതില്‍ എന്തോ പന്തികേടുണ്ടല്ലോ എന്ന സംശയം കുറച്ചപ്പുറത്തെ സീറ്റിലിരുന്ന ചെറുപ്പകാരുടെ മുഖത്ത് പ്രകടമായിരുന്നു .

അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് കുറച്ചുകൂടി സമയം അവിടെ ഇരിക്കണമെന്നുണ്ടായിരുന്നു .പക്ഷേ ഞാന്‍ സംസാരിക്കാന്‍ പോകുന്ന വിഷയം അവിടെ വച്ച് അവതരിപ്പിക്കുവാന്‍ ഞാന്‍ ഇഷ്ട്ടപ്പെട്ടില്ല.

“അജിത്ത് എനിക്കൊരു വലിയ ആഗ്രഹമുണ്ട് ഒരുപക്ഷേ നിങ്ങള്‍ക്കെന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും “

ബില്‍ നല്‍കി ഞങ്ങള്‍ പുറത്തിറങ്ങി

പാര്‍ക്ക് ചെയ്ത കാര്‍ എടുക്കാന്‍ മിനക്കെടാതെ ഞാന്‍ അജിത്തിനെയും കൊണ്ട് ആ തിരക്കുള്ള റോഡിലൂടെ നടന്നു

കാരണം എനിക്കത് പരിപൂര്‍ണ്ണമായ നിശ്ശബ്ദതയില്‍ അവതരിപ്പിച്ച് മുഴുവനാക്കാന്‍ കഴിയില്ലായിരുന്നു .

ഏകദേശം ഇരുപത്തിയൊന്ന് വര്‍ഷം പഴക്കമുള്ള ഒരന്വേഷണത്തിനാണ് ഞാന്‍ അജിത്തിന്റെ സഹായം തേടിയത്

പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു അജിത്ത് ഒരു നല്ല പത്രപ്രവര്‍ത്തകനാണെന്ന് എനിക്ക് സമ്മതിച്ച് കൊടുക്കേണ്ടി വന്നു.

ഞങ്ങളുടെ അന്വേഷണം ജയില്‍ പുള്ളികളുടെ പുനരധിവാസ കേന്ദ്രമായ “വചന ദീപ”ത്തില്‍ .അവസാനിച്ചു .

ഒരു പ്രോജറ്റിന്റെ ഭാഗമായി എത്തിയ MSW അധ്യാപിക .അതായിരുന്നു എന്റെ വിലാസ ചുരുക്കം . പ്രോജക്റ്റ് എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കിയെല്ലാം സത്യം .

തുരുത്തേലച്ചനെ കണ്ട് എന്റെ പ്രോജക്റ്റിന്റെ ഗൌരവ സ്വഭാവം അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ എനിക്ക് അധികം ക്ലേശിക്കേണ്ടി വന്നില്ല

വരാന്തയിലൂടെ ഒരു കൂട്ടം ആളുകള്‍ വരിവരിയായി കടന്നു പോയി .ആരേയും ഇനി അഭിമുഖീകരിക്കാന്‍ വയ്യെന്ന മട്ടില്‍ ഭൂമിയിലേക്ക് നോട്ടമുറപ്പിച്ചാണ് അവരില്‍ പലരും നടന്നിരുന്നത്

“എന്നെ തിരക്കിയതായി സിസ്റ്ററമ്മ പറഞ്ഞു “
നേര്‍ത്തോരു ശബ്ദം !!!

അയാള്‍ !!!

വളരെ മെലിഞ്ഞു മുഖത്ത് നിറയെ ആകുലതയുമായൊരു മനുഷ്യന്‍ !!

അജിത്ത് സംഘടിപ്പിച്ച പഴയ പത്രതാളിലെ മുഖം ഞാനോര്‍മ്മിച്ചു

അന്നയാള്‍ മുപ്പതുകളിലാണ് .

“ഞാന്‍ വേട്ടക്കാരനെ തേടിയെത്തിയ ഇരയാണ് “ ,

”എന്റെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ child abusing കേസിന്റെ ഇരയായ അന്നത്തെ കുഞ്ഞ് ഞാനാണ്”

എന്നോ മറ്റോ നാടകീയമായി എനിക്കെന്നെ പരിചയപ്പെടുത്താം .

പക്ഷേ “ഇര” എന്ന്‍ എന്നെത്തന്നെ അഭിസംബോധന ചെയ്യാന്‍ മനസനുവദിച്ചില്ല .

പകരം പറഞ്ഞത് ഇങ്ങനെയാണ്

“ഞാന്‍ മൂലമാണ് നിങ്ങള്‍ ജയിലിലായത് “

എനിക്ക് മുഖം തരാതെ അയാള്‍ നില്‍ക്കുന്നു

വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നിങ്ങള്‍ എന്നോട് ചെയ്ത തെറ്റിന്റെ മുറിവ് വൃണപ്പെട്ടുകൊണ്ടേയിരുന്നു . പിന്നെ ഓരോ മുറിവിനും ഉണങ്ങാന്‍ ഓരോ സമയമുണ്ട് .എന്റെ മുറിവ് പൂര്‍ണമായുണങ്ങുവാനായി നിങ്ങളെ കാണേണ്ടത് അത്യാവശ്യമാണെന്ന് തോന്നി ..

അജിത്ത് കരുതിയ പോലെ എനിക്ക് അടക്കി വയ്ക്കാനാവാത്ത കോപമോ ,വികാരമാധീകരിച്ചു കരച്ചിലോ വന്നില്ല

ഞാന്‍ അയാളുടെ വിരല്‍ തുമ്പ് വിറക്കുന്നത് ആസ്വദിക്കുകയായിരുന്നു

ആസ്മയുടെ ആസ്ക്യതയുണ്ടെന്ന് തോന്നിക്കും വിധം ദൈര്‍ഖ്യമുണ്ടായിരുന്നു അയാളുടെ ശ്വാസത്തിന്.

വെള്ള കൊക്കുള്ള ഡോള്‍ഫിനെ വേട്ടയാടുന്ന ധ്രുവക്കരടിയുടെ

കൂര്‍ത്ത പല്ലുകള്‍ !!!!

ഡോള്‍ഫിന്റെ കണ്ണുകള്‍ തുറിച്ച് കൂമ്പിയടയുന്നു

ഇനി പ്രതികരിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷം ഡോള്‍ഫിന്റെവെളുത്ത കൊക്കിന്റെ അറ്റത്ത് പിടിച്ച് വലിച്ചു കൊണ്ട് പോകുന്ന ധ്രുവക്കരടി .

അന്നേരം എന്റെ ഞെരമ്പിലൂടെ ദ്രുത ഗതിയില്‍ രക്തപ്രവാഹമുണ്ടായി തണുത്ത രക്തം !!

ആ ചാനല്‍ കാഴ്ചയാണ് എന്റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ലെന്ന് എന്നോട് പറഞ്ഞത്

നിസ്സഹായതയുടെ ഒരു വലിയ കമ്പളം പുതച്ച് ഏതോ അദൃശ്യമായ വന്യതയില്‍ നിന്നും രക്ഷപ്പെടാനാവാതെ കിതച്ചു കൊണ്ടാണ് ഞാനാ ദിവസം തള്ളി നീക്കിയത്

ഞാന്‍ അയാളെ ശ്രദ്ധിച്ചു

“ഞാന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്ന്‍ നിങ്ങള്‍ അറിയണമെന്ന് തോന്നി .എനിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും നിങ്ങളെ ബോധ്യപ്പെടുത്തണം .അതാണ് എന്റെ ഉദ്ദേശം “

എന്റെ സ്വരത്തിന് കൂര്‍മ്മത കൈവന്നുവോ ?

അജിത്തിന്റെ വാക്കുകള്‍ ഓര്‍മ്മ വന്നു

“ചിലതൊക്കെ മറന്നേ പറ്റൂ സ്മേരാ..നിര്‍ബന്ധപൂര്‍വ്വം ചില ബന്ധനങ്ങളില്‍ നിന്നും നാം പുറത്ത് കടക്കണം “

“അജിത്ത് ,അയാളെ കണ്ട് മുട്ടിയാല്‍ ,ഞാന്‍ ജീവിതത്തില്‍ തോറ്റുപോയിട്ടില്ലെന്ന് അയാളോട് പറഞ്ഞാല്‍ ഒരുപക്ഷേ എന്റെ അവശേഷിച്ച മുറിവുകള്‍ കൂടി കരിയുമായിരിക്കും .”

അജിത്തിനോടങ്ങനെ പറയുമ്പോള്‍ പോലും എനിക്കുറപ്പുണ്ടായിരുന്നില്ല ഞാനിങ്ങനെ ആത്മവിശ്വാസത്തോടെ അയാളെ നേരിടുമെന്ന്

എനിക്കയാളോട് കുറച്ചുകൂടി സംസാരിക്കണമെന്ന് തോന്നി

“അന്ന്‍ നിങ്ങളെന്നെ കൊന്നിരുന്നെങ്കില്‍ എന്ന്‍ കുറേ കൊല്ലം മുന്‍പ് വരെ ഞാന്‍ ആശിച്ചിരുന്നു.നിങ്ങള്‍ ജയിലില്‍ അനുഭവിച്ചതിലും തീവ്രമായവയിലൂടെ ഞാന്‍ കടന്നു പോയിരുന്നു . പ്രാര്‍ഥനകള്‍ക്കും ,സഹതാപ പ്രകടനങ്ങള്‍ക്കും ,അടക്കം പറച്ചിലുകള്‍ക്കും വിട്ടു കൊടുക്കാതെ ഒരു വിധത്തില്‍ ഞാന്‍ എന്നെ തിരിച്ചെടുക്കുകയായിരുന്നു .”വേട്ടക്കാരന്റെ മുന്നിലെ ഇരയുടെ ദൈന്യത അയാളില്‍ ഞാന്‍ കണ്ടു .

അതൊന്നുകൂടി ഉറപ്പിക്കുവാന്‍ ഞാന്‍ അയാളുടെ കണ്ണിലേക്ക് ആഴ്ന്നിറങ്ങി കൊളുത്തി വലിച്ചു .ഒരു മനുഷ്യന്റെ നിസ്സഹായത ഞാനദ്യമായാണ് എത്രയും കൌതുകത്തോടെ നോക്കി കാണുന്നത് .മതി ഇത്രയും മതി

അയാളുടെ ശ്വാസത്തിലൂടെ കരച്ചിലിന്റെ എങ്ങലുകള്‍ പുറത്തു വരാന്‍ തുടങ്ങിയപ്പോള്‍ അയാളെ അവഗണിച്ച് ഞാന്‍ പുറത്തേക്കിറങ്ങിമുറ്റത്ത് റോസാച്ചെടികള്‍ക്ക് വെള്ളമൊഴിച്ചു കൊണ്ട് നിന്ന കന്യാസ്ത്രീ എന്നെ നോക്കി പുഞ്ചിരിച്ചു .ചാപ്പലില്‍ നിന്നും പിയാനോയുടെ സ്വരം കേള്‍ക്കാമായിരുന്നു

:”അവിടുന്ന് ഹൃദയം തകര്‍ന്നവരെ സൌഖ്യപ്പെടുത്തുകയും മുറിവുകള്‍ വച്ചു കെട്ടുകയും ചെയ്യുന്നു സങ്കീര്‍ത്തനം 147:5”

“വചനദീപ”ത്തിന്റെ പുറം മതിലിലെ വാചകങ്ങള്‍ !!!

നഗരാതിര്‍ത്തിയിലെത്തിയപ്പോള്‍ ഞാന്‍ ഫേസ്ബുക്ക് തുറന്ന് സ്റ്റാറ്റസ് അപ്പ്ഡേറ്റ് ചെയ്തു

“ചില ദിവസങ്ങള്‍ നമ്മളുടേതാണ്

ഒരു നൂറു വര്‍ഷം കൂടി തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള ആര്‍ജവം തരുന്ന നിമിഷങ്ങള്‍ !!!

അത്തരം കുറച്ചു നിമിഷങ്ങള്‍ ഇന്നീ ദിവസം എനിക്ക് സമ്മാനിക്കയുണ്ടായി “

ആ വാക്കുകള്‍ക്ക് ആദ്യത്തെ ലൈക്ക് അജിത്തിന്റെ വകയായിരുന്നു. .

ഒപ്പം ഒരു സന്ദേശവും

“മനുഷ്യനെ അലട്ടികൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ക്കും കെടുതികള്‍ക്കും ഒരേയൊരു പ്രതിവിധി ജോലിയാണ് .-തോമസ് കാര്‍ലൈന്‍

സോ ഗെറ്റ് ബാക്ക് ടു യുവര്‍ വര്‍ക്ക് അറ്റ് ദി എര്‍ളിയസ്റ്റ് ആന്‍ഡ് ഫോക്കസ് ഓണ്‍ സംത്തിംഗ് യു ലവ്”

രണ്ടാഴ്ചകള്‍ക്ക് ശേഷം എനിക്കൊരു കത്ത് വന്നു

“വചന ദീപ “ത്തില്‍ നിന്നും !!

ഉരുണ്ട കൈപ്പട

“കുഞ്ഞേ ,ജീവിതത്തില്‍ എപ്പോഴെങ്കിലും കണ്ട് ക്ഷമ ചോദിക്കണം എന്ന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു .എന്നെ തേടിയെത്തിയതിന് നന്ദി .ചില ജന്മങ്ങള്‍ ഇങ്ങനെയുമുണ്ട് കുഞ്ഞേ .ഒരു തരത്തിലുള്ള ന്യായീകരണമോ ,പ്രായശ്ചിത്തമോ അര്‍ഹിക്കാത്ത തെറ്റുകള്‍ ചെയ്യുന്നവര്‍

എന്നിട്ടും അവര്‍ ഭൂമിയില്‍ തുടര്‍ന്നു പോകുന്നു

പക്ഷെ ഒന്നുണ്ട്

ചെയ്ത തെറ്റിന്റെ ആഴം തിരിച്ചറിഞ്ഞാല്‍ പിന്നെ ജീവിക്കാന്‍ പ്രയാസമാണ്

കാരണം ,ചെന്നായയില്‍ നിന്നും മനുഷ്യനിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടവേ മൃദുലമായോരു മനസ്സ് ദൈവം സമ്മാനിക്കും .

കുഞ്ഞേ ,ഇതൊന്നുമല്ലാത്ത വിശുദ്ധരായ ആണ്‍ ജന്‍മങ്ങളും ഈ ഭൂമിയിലുണ്ട്

എന്റെ ജീവന്റെ ഓരോ അംശവും ,പ്രാര്‍ഥനയുടെ വിശുദ്ധിയും ,മനസ്സിന്റെ ശേഷിച്ച സ്പന്ദനവും കുഞ്ഞിന്റെ നന്മയ്ക്കായി നേരുന്നു .

ഈ ജീവിതം ഇങ്ങനെയങ്ങു അവസാനിക്കട്ടെ

ദൈവ നാമത്തില്‍ പൊറുക്കുക “

സന്ദര്‍ശകമുറിയിലെ ബുക്കില്‍ നിന്നാകാം അയാള്‍ക്കെന്റെ വിലാസം ലഭിച്ചത്

ആ കത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് കൂടുതല്‍ ചിന്തിക്കുവാന്‍ ഞാന്‍ മനസിനെ അനുവദിച്ചില്ല

ഒട്ടും പരിചിതമല്ലാത്ത രീതിയില്‍ ഒരിക്കലെന്നെ മുറിവേല്‍പ്പിച്ച അപരിചിതനായ മനുഷ്യാ നിങ്ങളിനി എന്റെ ചിന്തകളിലില്ല

അത്രമേല്‍ ആശ്വാസം കൊള്ളുന്ന ഹൃദയത്തെ വീണ്ടും ചിന്തകളുടെ ഭാരം പേറി നടത്തേണ്ടതില്ലെന്ന് എന്റെ തലച്ചോര്‍ അനുശാസിച്ചു

കാരണം ,ഞാന്‍ എന്നെ ഒരുപാട് സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു .

7 comments:

 1. ഹൃദ്യമായിരിക്കുന്നു ഈ രചന.
  ആശംസകള്‍

  ReplyDelete
 2. കഥ നന്നായിട്ടുണ്ട് .. :)

  ReplyDelete
 3. വളരെ നന്നായിട്ടുണ്ട്... കഥയിലൂടെ സഞ്ചരിച്ച അനുഭവം..

  ReplyDelete
 4. കഥ നന്നായിട്ടുണ്ട്

  ReplyDelete

 5. “ചില ദിവസങ്ങള്‍ നമ്മളുടേതാണ്

  ഒരു നൂറു വര്‍ഷം കൂടി തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള ആര്‍ജവം തരുന്ന നിമിഷങ്ങള്‍ !!


  വളരെ നല്ല കഥ..


  പിന്നെന്തേ എഴുതാത്തത്‌???

  ReplyDelete