Tuesday, March 17, 2015

ഒരു ചുംബന സമരം
“തെരുവില്‍ ഒരു പെണ്‍കുട്ടി ആണ്‍കുട്ടിയെ ആലിംഗനം ചെയ്യുന്നതോ ചുംബിക്കുന്നതോ കെട്ടിപ്പിടിച്ച് സ്നേഹം ആവിഷ്ക്കരിക്കുന്നതോ നല്ലതല്ലേ ? സ്നേഹ മുഹൂര്‍ത്തങ്ങള്‍ വളരെ കുറവായ മലയാളി സമൂഹത്തില്‍ അതൊരു നല്ല കാര്യമല്ലേ “ പ്രശസ്ഥനായ ഒരു സാഹിത്യകാരന്‍ തലേന്നു ചുംബന സമരത്തെ അനുകൂലിച്ചു പറഞ്ഞ വാക്കുകള്‍ ഓഫീസിലെ മുഴുവന്‍ പേരുടെയും മുന്നിലേക്ക്‌ ഒരു ചര്‍ച്ചക്കായി ഇട്ടു കൊടുത്ത് വിമല്‍ തനയന്‍ കാത്തു നിന്നു

“കഴപ്പ് ...അല്ലാതെന്താ പറയാ ഇതിനെയൊക്കെ “ ഉടനെ വന്നു ചാക്കോ സാറിന്റെ അഭിപ്രായം .

“കഴപ്പ് “ എന്ന വാക്ക് പൊടുന്നനെ ഒരു നിശ്ശബ്ദത സൃഷ്ട്ടിച്ചു .ചാക്കോ സാറിന്റെ ഇടത് വശത്തെ കസേരയിലിരുന്ന നന്ദിനി ഒരു ഗ്ലാസ്‌ വെള്ളം കുടിക്കാന്‍ കൂജ ഇരിക്കുന്ന മൂലയിലേക്ക് നടന്നു .എതിര്‍ വശത്ത് ഇരിന്നിരുന്ന ഗിരിജ മൊബൈലില്‍ എന്തോ തോണ്ടി കൊണ്ടിരുന്നു .മീര ഏതോ ഒരു ഫയലില്‍ മുഖം പൂഴ്ത്തി .ചില നേരത്ത് സ്ത്രീകള്‍ ഇങ്ങനെയാണ് .ആമയെപ്പോലെ തല ഉള്ളിലേക്ക് വലിച്ചു കളയും.

വിമല്‍ തനയന്‍ ആ നിശ്ശബ്ദത ഭേദിച്ചു


“എന്റെ ചാക്കോ സാറേ ..ഒന്ന് കെട്ടിപിടിച്ചു ചുംബിച്ചാല്‍ ഇടിഞ്ഞു വീഴുന്നതാണോ ഇവിടുത്തെ സദാചാരം ? അല്ലേലും നിങ്ങള് കുറേ ആളുകളാ മലയാളികളുടെ പേര് ചീത്തയാക്കുന്നെ.ചാക്കോ സാറിന് ആഗ്രഹം ഇല്ലേ ...ഒരു സന്ധ്യാ നേരത്ത് ഈ നഗരത്തിന്റെ തിരക്കുകള്‍ക്ക് ഇടയില്‍ വച്ച് ഭാര്യക്ക് ഒരു ചുംബനം കൊടുക്കണം എന്ന് .അതിലൂടെ നിങ്ങള്‍ നടത്തുന്ന സ്വതന്ത്ര പ്രഖ്യാപനം ...അതേ...ഈ പട്ടണം നോക്കി നില്‍ക്കേ ഏറ്റവും മധുരമായ ഒരുമ്മ “ഒന്ന് പോടാ കൊച്ചനേ..അവള്‍ക്ക് ഞാന്‍ ആയ കാലം മുതല് കൊടുക്കേണ്ടത് കൊടുക്കുന്നുണ്ട് .എന്റെ വീട്ടില് ,ഞങ്ങടെ മുറീല് .ഇതൊക്കെ നാട്ടാരെ കാണിച്ചിട്ട് പറ്റ്വോ “ചാക്കോ സാര്‍ ഒരു വലിയ ചിരിയോട് കൂടി പറഞ്ഞു നിര്‍ത്തി 


നാണവും ജാള്യതയും കലര്‍ന്ന ഒരു ചിരി അവിടുത്തെ സ്ത്രീ ജീവനക്കാരുടെ മുഖങ്ങളില്‍ മിന്നി മറഞ്ഞു 

“അല്ലാ നടാഷ ഒന്നും പറഞ്ഞില്ലാലോ “വിമല്‍ തനയന്‍ നടാഷയുടെ മേശക്ക് അരികിലേക്ക് കസേര വലിച്ചിട്ടിരുന്നു .


ആ ഓഫീസില്‍ അങ്ങനെയാണ് .നാല് സ്ത്രീകളും മൂന്നു പുരുഷന്‍മാരും അടങ്ങുന്ന കളക്ട്ടറേറ്റിലെ ഒരു ചെറിയ മുറി .പുതുതായി വന്ന വിമല്‍ തനയന്‍ എന്ന ചെറുപ്പക്കാരനും റിട്ടയര്‍മേന്ടിനോടടുത്ത ചാക്കോ സാറും തമ്മില്‍ അന്നത്തെ പത്രത്തിലെ വാര്‍ത്തകളെ പറ്റി അങ്ങോട്ടും ഇങ്ങോട്ടും ഒന്നും രണ്ടും പറയാറുണ്ട്‌ .മൂന്നാമത്തെ പുരുഷനായ ചന്ദ്രന് ഇത്തരം സാമൂഹിക വിഷയങ്ങളില്‍ ഒന്നും താല്പര്യം പോരാ .എങ്കിലും അയാളും ഗിരിജയും നന്ദിനിയും മീരയും ചാക്കോ സാറിന്റെയോ വിമലിന്റെയോ പക്ഷം പിടിച്ച് ചര്‍ച്ചകള്‍ കൊഴിപ്പിക്കാറുണ്ട് .ചിലപ്പോഴൊക്കെ നല്ല ഉശിരന്‍ അഭിപ്രായ പ്രകടനങ്ങളുമായി ചായ കൊണ്ട് വരുന്ന മാധവേട്ടനും അവര്‍ക്കൊപ്പം ചേരും

ഇന്ന് പതിവിനു വിപരീതമായി ചര്‍ച്ച ചാക്കോ സാറും വിമല്‍ തനയനും തമ്മിലായിഒതുങ്ങി .വിഷയം ചുംബനം ആയതു കൊണ്ട് മറ്റുള്ളവര്‍ വലിയ പ്രതികരണത്തിന് നിന്നില്ല .ചന്ദ്രന്‍ ലീവിലും ,മാധവേട്ടന്‍ വൈകിയതും കാരണം വിമല്‍ തനയന്‍ തന്റെ കക്ഷി ചേരാനായി നടാഷയെ സമീപിച്ചതാണ് .

ആ ഓഫീസില്‍ മറ്റുള്ളവരുമായി കൂടുതല്‍ സംസാരിക്കാത്തതും അഭിപ്രായ പ്രകടനങ്ങള്‍ നടത്താത്ത ഒരു വ്യക്തിയാണ് നടാഷ .എന്ന് കരുതി നടാഷ ഒട്ടും വിവരമില്ലാത്തവളും, മൂരാച്ചിയുമാണെന്ന് ധരിക്കരുത് .

നടാഷയുമായി ഇടഞ്ഞു നില്‍ക്കുന്ന രണ്ടേ രണ്ടു സംഗതികളേ ഉള്ളൂ .അതിലൊന്ന് നടാഷയുടെ മുറിച്ചുണ്ടാണ് .അതിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നടാഷക്ക് അടക്കാനാവാത്ത ദേഷ്യം വരും .മുറിച്ചുണ്ടുമായി ജനിച്ച ആദ്യത്തെ മോളെ പറ്റി ചിന്തിക്കാതെ വീണ്ടും വീണ്ടും ഒരു വൈകല്യങ്ങളും ഇല്ലാത്ത മൂന്ന് കുഞ്ഞുങ്ങളെ പടച്ചുണ്ടാക്കിയ അപ്പനമ്മമാരെ നടാഷക്ക് ഉള്ളാലേ നല്ല വെറുപ്പായിരുന്നു .


രണ്ടാമത്തെ പ്രശ്നം നടാഷയുടെ പേരാണ് .ആരെങ്കിലും പേര് ചോദിച്ചാല്‍ നടാഷക്ക് പേര് പറയാന്‍ മടിയാണ് .”നഷാഷ” എന്നേ പുറത്തു വരൂ .

വലിയ കമ്യൂണിസ്റ്റ് റ ഭക്തനായ അപ്പാപ്പന്‍ ഇട്ട റഷ്യന്‍ പേരാണ് .പറഞ്ഞിട്ടെന്ത് കാര്യം .

ഇതൊന്നുമല്ലാത്ത മറ്റു പ്രശ്നങ്ങളായ നിറക്കുറവും 4 അടി 11 ഇഞ്ച് പൊക്കവും മുപ്പത് പിന്നിട്ടിട്ടും അവിവാഹിതയായി കഴിയുന്നതും നടാഷ മറന്നു കഴിഞ്ഞു .ആദ്യത്തെ രണ്ട് പ്രശ്നങ്ങള്‍ക്ക് മുന്നില്‍ ഇവയൊക്കെ നിസ്സാരമാണെന്നാണ് നടാഷയുടെ വയ്പ്പ് .

ഡിഗ്രി വരെ നടാഷ പഠിച്ചത് പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലായിരുന്നു .അക്കാലങ്ങളില്‍ ശിവ് ഖേരയുടെ “യു കാന്‍ വിന്‍ “

റോബിന്‍ ശര്‍മ്മയുടെ “ദി മോങ്ക് ഹു സോള്‍ഡ്മൈ ഫെരാരി “,ടോണി റോബിന്‍സ് .സ്റ്റിഫെന്‍കോ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ നടാഷയുടെ അലമാരകളില്‍ നിറഞ്ഞിരുന്നു .അന്ന് നടാഷക്ക് ഈ പ്രശ്നങ്ങളൊന്നും തന്നെ ഒരു പ്രശ്നങ്ങളേ അല്ലായിരുന്നു .ആ പ്രശ്നങ്ങളെ അവള്‍ തിരിച്ചറിഞ്ഞത് പിജി ക്ലാസ്സില്‍ വച്ച് അവളുടെ സഹപാഠിയായ തോമസ്‌ കുരുവിള പറഞ്ഞപ്പോഴാണ് .

അന്നുതൊട്ട് നടാഷ ഒരു ചെപ്പിനുള്ളില്‍ ഒളിക്കാന്‍ തുടങ്ങി .

“നടാഷ ഇത് വെറും ചുംബനം മാത്രമല്ല .നോക്കൂ ഫാസിസത്തോടുള്ള വെല്ലുവിളി കൂടിയാണ് .”

വിമല്‍ തനയന്‍ നടാഷയെ ചെപ്പിനുള്ളില്‍ നിന്നും പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചു

അന്നേരം എന്താണ് ഫാസിസം എന്ന് ചോദിയ്ക്കാന്‍ നടാഷ ആഗ്രഹിച്ചു .


പക്ഷെ ചോദ്യം ചുണ്ടത്ത് എത്തി മുറിഞ്ഞു പുറത്തേക്ക് തെറിക്കുമോ എന്ന് പേടിച്ചു നടാഷ വിഴുങ്ങി.നടാഷയുടെ സംസാരം അവള്‍ക്ക് തന്നെ ഭയമായിരുന്നു .മുറിഞ്ഞു മുറിഞ്ഞു പുറത്തേക്ക് തള്ളുന്ന അസ്പഷ്ട്ടമായ വാക്കുകള്‍ !!!


"ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം സമര മുറകള്‍ നടക്കുന്നു .നമ്മള്‍ മാത്രം ഇത് കണ്ടില്ലെന്നു നടിക്കരുത് .അല്ലെങ്കില്‍ തന്നെ ഒരാണും പെണ്ണും ഒരുമിച്ചു നടക്കുന്നത് കണ്ടാല്‍ സദാചാരക്കാരുടെ കുരു പൊട്ടും.ഈ വ്യവസ്ഥിതിക്ക് ഒരു മാറ്റം വേണ്ടേ ?ഇറ്റ്‌ ഈസ്‌ ആന്‍ ഇന്‍ഫ്രിന്ജ്മെന്റ് ടുവേര്‍ഡ്സ് ദി റൈറ്റ് ടു ഫ്രീഡം ..”

വിമല്‍ തനയന്‍ കത്തി കയറി 

“എന്നാലും എന്റെ വിമല്‍ ഈ പൊതു ഇടത്തിലൊക്കെ വച്ച് ഇങ്ങനെ ....ഇത് അമേരിക്കയൊന്നും അല്ലല്ലോ ”

നന്ദിനി ഒട്ടൊരു സംശയത്തോടെ പറഞ്ഞു നിര്‍ത്തി .


“എന്റെ നന്ദിനി സാറേ നിങ്ങളൊക്കെ എന്താ ഇങ്ങനെ .നിങ്ങളുടെ കുഞ്ഞിനെ നിങ്ങള്‍ പൊതുഇടത്തില്‍ വച്ച് ഉമ്മ വയ്ക്കുന്നു..അമ്മയെ ഉമ്മ വയ്ക്കുന്നു .അതിലൊന്നും ഇല്ലാത്ത തെറ്റ് ഇപ്പോള്‍ എങ്ങനെ വന്നു ?”

വിമല്‍ നിരാശനായി 
നടാഷ അപ്പോള്‍ ആലോചിച്ചത് ചുംബനങ്ങളെ കുറിച്ചാണ്

നടാഷക്ക് ചുംബനങ്ങളോട് ഇഷ്ട്ടക്കേടൊന്നും ഇല്ല .പലതരം ചുംബനങ്ങളെ കുറിച്ച് നടാഷ വായിച്ചിട്ടുണ്ട്

നടാഷക്ക് പ്രിയം സിംഗിള്‍ ലിപ് കിസ്സിനോടായിരുന്നു .തന്റെ മുറിച്ചുണ്ട് ഒരു പുരുഷന്റെ ചുണ്ടുകള്‍ക്കിടയില്‍ സാന്റ്വിച്ച് ചെയ്യപ്പെടുന്നത് നടാഷ ഇഷ്ട്ടപ്പെട്ടിരുന്നു .

ഫ്രഞ്ച് കിസ്സ്‌ നടാഷക്ക് പേടി ആയിരുന്നു .എങ്ങാനും വികാരം കൂടി അവന്‍ നാവ് കടിക്കുമോ എന്നായിരുന്നു നടാഷയുടെ പേടി

ഇയര്‍ ലോബ് കിസ്സും ,ബട്ടര്‍ഫ്ലയ്‌ കിസ്സും അവള്‍ക്കു ഇഷ്ട്ടം തന്നെ

എന്നാല്‍ ലോവര്‍ ജോ കിസ്സ്‌ ചെയ്‌താല്‍ കൂടുതല്‍ രസകരം .

ഇന്ത്യന്‍ സിനിമകളിലെ ഇപ്പോള്‍ ലിപ് ലോക്ക് എന്ന പേരില്‍ ഇറങ്ങുന്ന ചുംബനങ്ങള്‍ നടാഷക്ക് പുച്ഛമായിരുന്നു .”എന്ത് ഇന്ത്യ അതൊക്കെ അമേരിക്ക” ഈ കാര്യത്തില്‍ നടാഷയുടെ നിലപാട് അതാണ്‌ .ചുംബന രംഗങ്ങളില്‍ ഏറ്റവും കേമന്‍ ഡ്രാക്കുളയാണെന്നാണ് നടാഷ വാദിക്കുന്നത് .ഇത്തിരി ചോര പൊടിഞ്ഞാലെന്താ,നല്ല ഒന്നാം ക്ലാസ്സ്‌ ചുംബനം !!!


പക്ഷെ ഈ ചിന്തകളൊന്നും തന്നെ നടാഷ ആരോടും പങ്കു വയ്ക്കാറില്ല.

ചുമ്മാ ആലോചിച്ചു താന്‍ അണിഞ്ഞിരുന്ന വി സ്റ്റാര്‍ അടിയുടുപ്പ് നനയ്ക്കുക എന്നതിനപ്പുറം ഈ ചിന്തകള്‍ക്കൊന്നും ആയുസ്സില്ലായിരുന്നു .“നടാഷ ,എല്ലാരും ചിന്തിക്കുന്ന പോലെ ചുംബന സമരത്തിന് വരുന്നത് ചുമ്മാ കിസ്സടിച്ചു കളിക്കാനല്ല .ഇതൊരു വിപ്ലവമാണ് .ഇന്നലെ ഒരുത്തന്‍ എന്നോട് ഫേസ് ബുക്കില്‍ ചോദിക്കുവായിരുന്നു “നിന്റെ അമ്മയേയും പെങ്ങളേയും അവിടെ വച്ച് കണ്ടാല്‍ എന്ത് ചെയ്യും എന്ന് “


വിമല്‍ തനയന്‍ ഒരു പങ്കാളിത്തവും പ്രതീക്ഷിക്കാതെ തന്നെ നടാഷയോട് സംസാരിച്ചു കൊണ്ടേയിരുന്നു 

അന്നേരം നടാഷ അതേ കുറിച്ച് കൌതുകത്തോടെ ചിന്തിച്ചു .വിമല്‍ തനയന്റെ അമ്മയും പെങ്ങളും ചുംബന സമരത്തിനു വന്നാല്‍ എങ്ങനെയിരിക്കും ?

വിമല്‍ തനയന്‍ അത് വിപ്ലവത്തോടെ സ്വാഗതം ചെയ്യുമോ ? അതോ അവരെ തന്റെ പഴയ സാന്‍ട്രോ കാറില്‍ വലിച്ചു കയറ്റി കൊണ്ട് പോകുമോ


നടാഷ വിമലിന്റെ ചുവന്ന മുഖത്തേക്ക് നോക്കിയിരുന്നു

നോക്കുന്തോറും അവന്റെ റോസ് ചുണ്ടുകള്‍ വിടരുന്നതായി നടാഷക്ക് തോന്നി .

നടാഷയുടെ മേല്‍ച്ചുണ്ട് വിയര്‍ത്തു .വിമല്‍ തുടര്‍ന്നു” കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിലര്‍ എന്നോട് ഫേസ് ബുക്കില്‍ മുട്ടുന്നുണ്ട് .എന്റെ പ്രൊഫൈലില്‍ പോയി നോക്കൂ .നിങ്ങളുടെയൊക്കെ മനസിലുള്ള ഓരോ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമുണ്ട്”


നടാഷക്ക് ഫേസ്ബുക്ക്‌ ഉണ്ട് .പക്ഷെ അവളുടെ പേരില്‍ അല്ല “ഡാലിയ മേരി “അതാണ്‌ പ്രൊഫൈല്‍ നെയിം .പൂക്കളുടെ പടം .കുറച്ചു ഷെയര്‍ ചെയ്ത പ്രശസ്സ്തരുടെ വാക്യങ്ങള്‍ അത്രേ ഉണ്ടായിരുന്നുള്ളൂ ആ പ്രൊഫൈല്‍ .

അതിലൂടെയായിരുന്നു നടാഷ മറ്റുപലരുടെയും ഫേസ്ബുക്ക്‌ സന്ദര്‍ശിച്ചിരുന്നത് .ഇന്ന് വൈകുന്നേരം വിമല്‍ തനയന്റെ പ്രൊഫൈല്‍ സന്ദര്‍ശിക്കണം എന്ന് നടാഷ തീരുമാനിച്ചു .വിമല്‍ തന്റെ പ്രൊഫൈല്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ പാകത്തില്‍ പബ്ലിക്‌ ഓപ്ഷനില്‍ ആയിരിക്കും സെറ്റ് ചെയ്തിട്ടുണ്ടാകുക എന്ന് നടാഷക്ക് ഉറപ്പായിരുന്നു

“നാളെയാണ് ആ ദിനം .എല്ലാവരും മ്യുസിയം പാര്‍ക്കില്‍ വരണം .ഞായരാഴ്ചയല്ലേ .പങ്കെടുത്തില്ലെങ്കിലും കാണൂ ..ഫാസിസത്തിന്റെ നേരെയുള്ള ഞങ്ങളുടെ കാറി തുപ്പല്‍ “

വിമല്‍ എല്ലാവരോടുമായി പറഞ്ഞു ഓഫീസില്‍ നിന്നും ഇറങ്ങി

“എന്റെ കര്‍ത്താവേ ഇനി എന്തൊക്കെ സമര മുറകള്‍ കാണേണ്ടി വരും ?

പൊതു നിരത്തില്‍ തൂറാനും,സെക്സ് ചെയ്യാനും ഇനി എന്നാ സമരമുറകളാണ് നിങ്ങള്‍ സ്വീകരിക്കുക ?”

പിന്നില്‍ നിന്നും ചാക്കോ സര്‍ യാതൊരു സങ്കോചവും കൂടാതെ വിളിച്ചു ചോദിച്ചു .


അന്ന് രാത്രി നടാഷ മനോഹരമായ ഒരു സ്വപ്നം കണ്ടു

കടല്‍ തീരത്ത്‌ ഒരു ചുംബനം!!!

തണുത്ത കാറ്റേറ്റ് കുതിര്‍ന്ന ഒരു ചുംബനം

ചുംബിക്കുന്ന ആളുടെ മുഖം നടാഷ വ്യക്തമായി കണ്ടില്ല .എന്നാലും ഒട്ടും മോശമല്ലാത്ത ഒരാളായിരുന്നു എന്ന്‍ നടാഷക്ക് തോന്നി

പിന്നെ നടാഷക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല .

കാരണം അതൊരിക്കലും നടാഷ വായിച്ചോ കേട്ടോ പരിചയമുള്ള ചുംബനമായിരുന്നില്ല


വെളുപ്പാംകാലത്തെ മഞ്ഞിലെക്ക് ജനല്‍ തുറന്നിട്ടു കൊണ്ട് നടാഷ ചിന്തിച്ചു

“സമരത്തിനു പോകണോ വേണ്ടയോ “

എന്തായാലും അതി രാവിലെയുള്ള കുര്‍ബാനക്ക് നടാഷ പോയി .


“വിണ്ണിലെ ഏക താരമേ

മണ്ണില്‍ വന്നു നീ തരുമൊരു

സ്നേഹചുംബനം ....

ഭക്തിയിന്‍ നിറവില്‍

ഞങ്ങള്‍ ഏറ്റുവാങ്ങി സ്തുതി പാടിടുമേ “

ദേ ആ പാട്ടിലും ചുംബനം .നടാഷക്ക് ചിരി വന്നു

കുര്‍ബാനക്ക് ശേഷം മ്യുസിയം പാര്‍ക്ക് ലക്ഷ്യമാക്കി നടാഷ സ്കൂട്ടി ഓടിച്ചു ,

ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു ..കൂട്ടത്തില്‍ പോലീസും

“പെങ്ങളേ ഞങ്ങള്‍ക്കും തര്വോ “

ഏതോ ഒരുത്തന്‍ ആള്‍ കൂട്ടത്തില്‍ നിന്നും സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ സ്ത്രീകളോട് വിളിച്ചു ചോദിച്ചു .

മിക്കവരുടെയും കയ്യില്‍ മൊബൈല്‍ ഫോണ്‍ റെഡി ആയിരുന്നു

സമരക്കാരില്‍ പെണ്ണുങ്ങളും ആണുങ്ങളും ഉണ്ടായിരുന്നു .പലരും പ്ലകാര്‍ഡുകള്‍ കയ്യില്‍ പിടിച്ചിട്ടുണ്ട് .ചിലര്‍ നാടന്‍ പാട്ടിന്റെ ശീലുകള്‍ പാടി തുടങ്ങി .

നടാഷ സമരക്കാര്‍ക്ക് ഇടയിലേക്ക് ഇറങ്ങി .

സമര വീര്യവും ശാന്തതയും ഒത്തു ചേര്‍ന്ന ഒരു വികാരമായിരുന്നു അവരുടെ മുഖത്ത്


വിമല്‍ തനയന്‍ കണ്ടാല്‍ എന്ത് വിചാരിക്കും എന്ന് നടാഷ പെട്ടെന്ന്‍ ആലോചിച്ചു .ഓ എന്ത് പറയാന്‍ .സമരത്തിനു ഐക്യ ദാര്‍ദ്യം പ്രഖ്യാപിച്ചു പങ്ക് ചേര്‍ന്നതായി പറയാം .അല്ലെങ്കിലും താന്‍ ഈ സമരത്തില്‍ പങ്കെടുക്കാനുള്ള കാരണവും പ്രചോദനവും ആര്‍ക്കും കണ്ടുപിടിക്കാനേ കഴിയില്ല എന്നവള്‍ക്ക് ഉറപ്പുണ്ടായിരുന്നു

ജീവിതത്തിലെ ആദ്യ ചുംബനം നേടാന്‍ നടാഷ ഒരുങ്ങി 

കാണികളില്‍ പലരും മൊബൈല്‍ ക്യാമറ സൂം ചെയ്തു പിടിച്ചു

പെട്ടെന്നായിരുന്നു ആ ആക്രമണം .നിര നിരയായി കല്ലുകള്‍ പറന്നു വന്നു

“ഫ!! പന്നന്മാരെ സംസ്കാരം തകര്‍ക്കുന്നോടാ ..അടിയടാ “

നടാഷ അത് പ്രതീക്ഷിച്ചില്ല 

കുറേയാളുകള്‍ സമരക്കാര്‍ക്ക്നേരെ പാഞ്ഞു വന്നു .ആളുകള്‍ ചിതറിയോടി അതോടെ പോലീസുകാര്‍ ഇറങ്ങി .അടിയുടെയും ഏറിന്റേയും ഇടയില്‍ നിന്നും സമരക്കാരെ വാനില്‍ കയറ്റി .കല്ലേറ് പലര്‍ക്കും കിട്ടി .നടാഷ ഏറു കൊള്ളാതെ സ്കൂട്ടിക്ക് നേരെ ഓടി 

അപ്പോള്‍ വളരെ അപ്രതീക്ഷിതമായി അത് സംഭവിച്ചു

നടാഷയുടെ ആദ്യ ചുംബനം

ഒരു പെണ്‍കുട്ടി ..അവള്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു

“ഫാസിസം തുലയട്ടെ “

അവള്‍ വീണ്ടും വീണ്ടും നടാഷയെ ചുംബിച്ചു

ആദ്യം എന്താണ് സംഭവിക്കുന്നത്‌ എന്ന് നടാഷക്ക് മനസിലായില്ല .നടാഷക്ക് കഠിനമായ ദേഷ്യം വന്നു

നടാഷ അവളെ പറിച്ചെറിഞ്ഞു ഓടി ...

സ്കൂട്ടിയുടെ ചാവി കയ്യിലിരുന്നു വിറച്ചു .

പിറ്റേന്ന് വിമല്‍ തനയന്‍ ഓഫീസില്‍ എത്തിയത് നെറ്റിയില്‍ ഒരു മുറിവുമായിട്ടായിരുന്നു

“ഫാസിസം ആക്രമിച്ചോ കുഞ്ഞേ “ചാക്കോ സാര്‍ ചിരിയോടെ ചോദിച്ചു

നന്ദിനിയും ഗിരിജയും അവനെ സഹതാപത്തോടെ നോക്കി .മീര ,ചന്ദ്രന് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു 

"എന്നാലും ഇതിന്റെ വല്ല കാര്യോണ്ടോ ഈ പിള്ളേര്‍ക്ക് “

ഉള്ളി വട കൊടുത്തു കൊണ്ട് മാധവേട്ടന്‍ പറഞ്ഞു .

“നോക്കൂ ഞാന്‍ വീണ്ടും പറയുന്നു .ഞങ്ങളുടെ സമര വീര്യം തകര്‍ക്കാനാവില്ല .ചുംബനം ഒരു സമര രീതി മാത്രമാണ് .ചില വൃത്തികെട്ട മനസുകള്‍ക്ക് നേരെ ഞങ്ങള്‍ വീണ്ടും സംഘടിക്കും “

വിമല്‍ തനയന്‍ വേദന കടിച്ചു പിടിച്ചു അവസാനിപ്പിച്ചു 

“കഴപ്പാ ..കട്ട കഴപ്പ് “

ആ വാക്കുകള്‍ നടാഷയില്‍ നിന്നായിരുന്നു .എല്ലാവരും അത്ഭുതത്തോടെ നിശ്ശബദ്ധരായി .ഓ നിങ്ങളും ഇവരുടെ കൂടെ കൂടിയോ എന്നൊരു ഭാവം വിമലിന്റെ കണ്ണുകളില്‍ നിഴലിച്ചു

അങ്ങനെ ജീവിതലാദ്യമായി വാക്കുകളെ ഒട്ടും മുറിഞ്ഞു പോകാതെ തന്നെ സ്പഷ്ട്ടമായി നടാഷ തന്റെ മുറിച്ചുണ്ട് വഴി പുറത്തേക്കെടുത്തു.#### ### ## ## ##
10 comments:

 1. Harsha... Once again a beautiful story from you. Liked alot dear. A relevant one Harsha

  ReplyDelete
 2. കഥയും അത് അവതരിപ്പിച്ച രീതിയും ഇഷ്ടായി... ഹര്‍ഷ

  ReplyDelete
 3. ഹര്‍ഷയൊക്കെ കഥ എഴുതാതിരിക്കുന്നത് വളരെ മോശമാണെന്നേ ഞാന്‍ പറയൂ. എത്ര രസകരമായാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ത്തന്നെ വേദനയുടെ ഒരു കാണാച്ചരടും ചേര്‍ത്ത് തുന്നിയിരിക്കുന്നു.

  ReplyDelete
 4. മികച്ച എഴുത്ത്. അഭിനന്ദനങ്ങള്‍

  ReplyDelete
 5. നല്ലെഴുത്ത്.
  പ്രകൃതിയുടെ വ്യത്യസ്തത, അത് ഒരു മനുഷ്യനെ മറ്റൊരു മനുഷ്യന് തിരിച്ചറിയാന്‍ പ്രയാസം വരുത്തുന്നതാണ്.

  ReplyDelete
 6. നല്ല അവതരണശൈലി...

  ReplyDelete
 7. ഓഫീസുകളിൽ സാധാരണ ഉണ്ടാവുന്ന സംസാരത്തിന്റെ ഒരു നേർക്കാഴ്ച !

  നന്നായിട്ടുണ്ട് ..അഭിനന്ദനങ്ങൾ

  ReplyDelete
 8. ആകര്‍ഷകമായ ശൈലിയില്‍ രസകരമായി അവതരിപ്പിച്ച നല്ലൊരു കഥ.
  ആശംസകള്‍

  ReplyDelete
 9. വല്ലപ്പോഴുമേ എഴുതുന്നുള്ളു എങ്കിലും എഴുത്തിലെ മൂർച്ച കുത്തിത്തുളച്ചു കളയുന്ന രീതിയിലാണു.

  മടി പിടിച്ചിരിക്കാതെ ഇനിയും എഴുതുമെന്നുള്ള പ്രതീക്ഷയോടെ ഫോളോ ചെയ്യുന്നു.

  ReplyDelete