Saturday, August 17, 2013

മരിയയും മെഗ്രിറ്റയും നൃത്തം ചെയ്യുമ്പോൾ

     
                            മരിയയും മെഗ്രിറ്റയും നൃത്തം ചെയ്യുമ്പോള്‍ 


"ഇനിയും ഏറെയുണ്ടോ ഫില്‍ട്ടണിലേക്ക്" അടുത്തിരിക്കുന്ന സാമാന്യം തടിച്ച സഹയാത്രികയോട് ഞാന്‍ ചോദിച്ചു .അവര്‍ ടോസ്റ്റ് ചെയ്ത ഒരു ക്രംബറ്റ് എനിക്ക് നീട്ടി കൊണ്ട് പറഞ്ഞു "ഇത് കഴിക്കു ,അപ്പോഴേക്കും തീവണ്ടി ഒരു കൊച്ചു തുരങ്കം താണ്ടും ..പിന്നെ കുറച്ചു സ്ട്രോബെറി  തോട്ടങ്ങള്‍ ..സെന്റ്‌  ബര്‍ണാഡ്  കത്തീഡ്രല്‍  ..അപ്പോഴേക്കും നിങ്ങള്‍ക്കിറങ്ങാറാകും .ഇന്ന് തണുപ്പ് .കൂടുതലുണ്ട് ..ഒരു നിമിഷം !ഞാന്‍ കുറച്ചു ചീസ് നല്‍കാം "


അവര്‍ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു .എന്റെ കയ്യിലെ ക്രംബറ്റിലേക്കും പിന്നീട് എനിക്ക് നേരെയും മാര്‍ക്കസ് ദേഷ്യ ത്തോടെ നോക്കി .ലണ്ടനില്‍  നിന്നും കയറിയപ്പോള്‍ മുതല്‍ മാര്‍ക്കസ് ഇങ്ങനെ കല്ലച്ച  മുഖത്തോടെ  ഒറ്റയിരുപ്പായിരുന്നു .ട്രെയിന്‍ ബ്രിസ്റ്റന്‍ നഗരം പിന്നിട്ടു  അവോണ്‍  നദിക്കു കുറുകെയുള്ള വീതിയേറിയ പാലത്തിലേക്കു കടന്നപ്പോള്‍ വീശിയടിച്ച കടുത്ത തണുപ്പുള്ള കാറ്റത്തു  ഞാന്‍ മാര്‍ക്കസിന്റെ കൈകളില്‍ മുറുക്കെ പിടിച്ചു .പക്ഷെ ,ഒരു ഭാവ മാറ്റവും ഉണ്ടായില്ല 


അല്ലെങ്കിലും മാര്‍ക്കസിനു ഈ യാത്രയില്‍ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ലല്ലോ .ഞാനായിരുന്നു മുന്‍കൈ എടുത്തത് .ഒരാഴ്ച മുന്‍പായിരുന്നു ലെറ്റര്‍ ബോക്സില്‍ നിന്നും മനോഹരമായ കൈപ്പടയില്‍ എഴുതിയ പിങ്ക് നിറത്തിലുള്ള ക്രിസ്തുമസ്  ആശംസ കാര്‍ഡു  എനിക്കു ലഭിക്കുന്നതു . 


പ്രിയ മാര്‍ക്കസ് ,എലിസ 

"മെറി  ക്രിസ്ത്മസ്!
വളരെ കഷ്ട്ടപ്പെട്ടാണ് നിങ്ങളുടെ വിലാസം കണ്ടുപിടിച്ചത് 
മനോഹരമായ ക്രിസ്ത്മസ്   സുദിനം നമ്മള്‍ക്ക് ഒന്നിച്ചഘോഷിക്കാം . .നിങ്ങള്‍ വരുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ നക്ഷത്ര വിളക്കുകള്‍ തൂക്കുന്നു "
സസ്നേഹം ,
മിഷേല്‍ ബാഡ്ജര്‍ ഒപ്പം മെരിയയും മെഗ്രിറ്റയും ..

വളരെ പണ്ട് ,അതായത് ഞാന്‍ ഹൂസ്റ്റണില്‍ ഉള്ള ഒരു കൊച്ചു ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് ആദ്യമായി  മിഷേല്‍ ബാഡ് ജറെ കുറിച്ച് വായിക്കുന്നതും അറിയുന്നതും .

എപ്പോഴോ ഒരിക്കല്‍ ഓഫീസിലെ ഒരു ഒഴിവു വേളയില്‍ "ദി  ഗാര്‍ഡിയനില്‍ " കണ്ണോടിക്കവേ അവരെ ഞാന്‍ ആദ്യമായി കണ്ടു ..ബോക്സ്‌ ബര്‍ഗിലെ മൈന്‍ തൊഴിലാളികളുടെ മക്കളെ കെട്ടിപിടിച്ചു കൊണ്ടുള്ള ഒരു ചിത്രം .അവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനായുള്ള മിഷേല്‍ ബാഡ്ജരുടെ സംരംഭത്തെയും അവരുടെ സാമൂഹ്യ പ്രതിപദ്ധതയെയും കുറിച്ച്  ഒരു ലേഖനവും ..പിന്നീട്  ഞാന്‍ അവരെകുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ താല്പര്യത്തോടെ ശ്രദ്ധിക്കാന്‍ തുടങ്ങി .വളരെ ബഹുമാന്യയായ സ്ത്രീ ,സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനം വളരെ വലുതായിരുന്നു .

അവര്‍ അഭിമുഖങ്ങളോ ചര്‍ച്ചകളിലോ സജീവമായിരുന്നില്ല .എങ്കിലും മിഷേല്‍ ബാഡ്ജര്‍ ഞാനടക്കം പലരുടെയും മനസ്സില്‍ സ്ഥിര പ്രതിഷ്ടനേടിയിരുന്നു  .ഒരുകാലത്ത് അമിനിസ്ടി ഇന്റര്‍നാഷണല്‍ലിന്റെ നാഡിയിടുപ്പയിരുന്നു  അവര്‍ .പിന്നീട് കുറെ കാലത്തേക്ക് അവരെ കുറിച്ച് ഒരു വിവരവുമില്ലയിരുന്നു .ആയിടക്കാണ്‌ മാര്‍ക്കസ് എന്റെ  ജീവിതത്തിലേക്ക്  കടന്നു വരുന്നത് .സംഭാഷണങ്ങള്‍ക്കിടയിലെപ്പോഴോ  മാര്‍ക്കസ് ഒരിക്കല്‍ മിഷേല്‍ ബാഡ്ജറെ പറ്റി പരാമര്‍ശിച്ചു .അപ്പോഴാണ് അവര്‍ മാര്‍ക്കസിന്റെ  ആദ്യ ഭാര്യ യാണെന്ന്  ഞാന്‍ അറിയുന്നത് .അവരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ച് ഞാന്‍ പുകഴ്ത്തിയപ്പോള്‍ മാര്‍ക്കസ് പൊട്ടി ത്തെറിച്ചു .


"മിഷേല്‍ ബഹുമാന്യയാണ്‌ ,,ആശരണരായ മനുഷ്യരോട്  അവള്‍ക്കു കരുണയായിരുന്നു .അവര്‍ക്ക് വേണ്ടി അവള്‍ മെഴുകു തിരി പോലെ പ്രാര്‍ത്ഥിച്ചു ഉരുകുമായിരുന്നു ..അവള്‍ക്കെന്നോട്  പ്രണയമാണെന്ന്  പറയാറുണ്ട്‌  .എന്നാല്‍ അവളെ കെട്ടിപ്പിടിക്കുമ്പോള്‍   എനിക്ക് ഒരു തരം  പൊള്ളല്‍ അനുഭവപ്പെടാറുണ്ടായിരുന്നു  ,,അവള്‍ക്കെപ്പോഴും   കുന്തിരിക്കത്തിന്റെ  മണമായിരുന്നു .അവളോട്‌ മുഖം ചേര്‍ക്കുമ്പോള്‍  കുമ്പസാര കൂട്ടില്‍ നില്‍ക്കുന്ന പ്രതീതിയായിരുന്നു .ഒരു പക്ഷെ അതുകൊണ്ടൊക്കെ ആയിരിക്കാം  എനിക്കവളോട്  അടുപ്പം കുറഞ്ഞതും   അവസാനം ബാഡ് ജര്‍  വില്ല വിട്ടു ഇങ്ങോട്ട് ചേക്കേറെണ്ടി വന്നതും "


പിന്നീടു നീണ്ട ഇരുപതു വര്‍ഷങ്ങള്‍ ..ഒരിക്കല്‍ പോലും മിഷേല്‍ ബാഡ് ജര്‍ ഞങ്ങളുടെ സംസാരത്തില്‍ കടന്നു വന്നിട്ടില്ല .എങ്കിലും അവര്‍ എന്റെ ഉള്ളിലെ രൂപക്കൂടില്‍ സുരക്ഷിതയായിരുന്നു .


  "എഴുന്നേല്‍ക്കു,സ്റ്റേഷന്‍ എത്തിയിരിക്കുന്നു " സഹയാത്രിക എന്നെ തട്ടി വിളിച്ചു .അവരുടെ കയ്യില്‍ അപ്പോഴും ഒരു ചീസ് ക്രംബറ്റ് ഉണ്ടായിരുന്നു .ഞാന്‍ പുറത്തേക്കു നോക്കി .മനോഹരമായ ചിത്രം പോലെ ഒരിടം .ട്രെയിനില്‍ നിന്നും ഇറങ്ങിയപ്പോള്‍ തണുത്ത കാറ്റ് ചെവിയില്‍ ചൂളം വിളിച്ചു കടന്നു പോയി .ചെരിച്ചു വാര്‍ത്ത റെയില്‍വെ ഓഫീസിനു മുന്‍പില്‍ "ആബ് വുഡ് സ്റ്റേഷന്‍ " എന്ന് എഴുതിയിരിക്കുന്നു .വെട്ടി നിര്‍ത്തിയ ബോഗെന്‍ വില്ലകളും ചാഞ്ഞു നില്‍ക്കുന്ന മേപ്പിള്‍ മരങ്ങളും ഉള്ള റെയില്‍വേ സ്റ്റേഷന്‍ കടന്നു ഞങ്ങള്‍ അടുത്തുള്ള ഒരു കാഫറ്റീരിയയിലേക്ക് കയറി .ഞാന്‍ നന്നായി വിറക്കുന്നുണ്ടായിരുന്നു .അത്രക്ക് തണുപ്പാണ് !അവിടെ നിന്നും ഒരു കപ്പു ചൂട് വാനില ചായ കുടിക്കുമ്പോഴേക്കും മാര്‍ക്കസ് ഒരു ടാക്സി ക്യാബ് വിളിച്ചു കൊണ്ട് വന്നു .കലമ്പിച്ച ശബ്ദത്തില്‍ മാര്‍ക്കസ് ഡ്രൈവറോട് പറഞ്ഞു "ബാഡ്ജര്‍ വില്ല "                 മഞ്ഞു മൂടിയ കൊച്ചു വളവുകള്‍ താണ്ടി ഞങ്ങള്‍ ബാഡ്ജര്‍ വില്ലയില്‍ എത്തിയപ്പോഴേക്കും ഇരുട്ടു വീണിരുന്നു .സാമാന്യം വലിയ ഒരു ബംഗ്ലാവ് .നിറയെ നക്ഷത്ര വിളക്കുകള്‍ .മുറ്റത്തു  ഭംഗിയുള്ള ഒരു ക്രിസ്ത്മസ് ട്രീ .ഇത്തിരി പഴക്കം തോന്നുമെങ്കിലും നല്ല തലയെടുപ്പുള്ള വലിയ ഒരു വീട് തന്നെയായിരുന്നു അത് .


                കതകിനോട് ചേര്‍ന്നുള്ള നാഴിക മണി അടിച്ചു ഞങ്ങള്‍ കാത്തു നിന്നു.മഞ്ഞു പെയ്യുന്നത് കൊണ്ട്  മുറ്റത്തെ  ഓറഞ്ച് നിറമുള്ള ലില്ലി പൂക്കളില്‍  വെള്ള തുള്ളികള്‍ പറ്റിപിടിച്ചു നിന്നിരുന്നു .അങ്ങകലെ ഉള്ള ഏതോ ഒരു പള്ളിയില്‍ നിന്നും കരോള്‍ ഗാനങ്ങള്‍ ഒഴുകി വരുന്നത് കേള്‍ക്കാമായിരുന്നു .

 
                വാതില്‍ തുറന്നത് മിഷേല്‍ ബാഡ്ജര്‍ ആയിരുന്നു .ഒരു ചുറുചുറുക്കുളള മദ്ധ്യവയസ്ക്കയെയാണ്‌ ഞാന്‍ പ്രതീക്ഷിച്ചത് .പക്ഷെ മിഷേല്‍ തീര്‍ത്തും ക്ഷീണിതയായ ഒരു വൃദ്ധക്ക് സമമായിരുന്നു .നീളമുള്ള ഒരു കമ്പിളി കുപ്പായത്തിനുള്ളില്‍ നിറം മങ്ങിയ നീല ഉടുപ്പ് .പക്ഷെ ,മാര്‍ക്കസ് പറഞ്ഞ ഒരു കാര്യം വളരെ ശരിയായി തോന്നി .അവരുടെ മുഖം ഉരുകുന്ന മെഴുകുതിരിക്കു സമം ..കണ്ണുകളില്‍ തികഞ്ഞ സ്നേഹവും ശാന്തതയും .

              അവര്‍ ഞങ്ങള്‍ക്ക് സ്വാഗതമേകി കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു "എലിസാ..ഞാന്‍ നിന്നെ ഒരു പാട് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു .നീ വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു .നന്ദി "മിഷേല്‍  ഞങ്ങളെ അകത്തേക്ക് ആനയിച്ചു .ചെറിയ ഒരു ചായ സല്ക്കാരത്തിനു ശേഷം മിഷേല്‍ ഞങ്ങളുടെ മുറി കാണിച്ചു തന്നു ."വിശ്രമിക്കു,അപ്പോഴേക്കും അത്താഴം തയ്യാറായിരിക്കും "

അവരുടെ  സ്വരത്തില്‍ കിതപ്പും ,വിറയലും ഉണ്ടായിരുന്നു .

           മാര്‍ക്കസിന്റെ മുഖത്ത് പ്രത്യേകിച്ച് ഒരു വികാരവുമില്ലായിരുന്നു.സന്തോഷമോ ,ആശ്ചര്യമോ എന്തിനു എന്നോടുള്ള ദേഷ്യം പോലും ആ മുഖത്ത് പ്രകടമായിരുന്നില്ല .ശൂന്യം!..ഞാന്‍ പതുക്കെ ചോദിച്ചു "മാര്‍ക്കസ്, മിഷേല്‍ വീണ്ടും വിവാഹം കഴിച്ചിട്ടുണ്ടോ ?മരിയയും ,മെഗ്രിറ്റയും അവരുടെ മക്കളാണോ ?"

മാര്‍ക്കസ് മുരണ്ടു "എനിക്കെങ്ങനെ അറിയാം ?"
ഞാന്‍ പിന്നീട് ഒന്നും തന്നെ ചോദിച്ചില്ല .വസ്ത്രം മാറി മിഷേലിന്റെ അടുക്കലേക്കു പോയി .വേവിച്ച ഉരുള കിഴങ്ങിന്റെ തൊലി കളയുകയായിരുന്നു അവര്‍ .കേക്ക് ഉള്‍പ്പടെ ഒരു വിധം എല്ലാം തന്നെ തയ്യാറായിരുന്നു .വളരെ സാവധാനം അവര്‍ പ്ലേറ്റുകള്‍ തുടച്ചു .എനിക്ക് വിഷമം തോന്നി .കാരണം അവരുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.

             "മിഷേല്‍ ,മരിയയും മെഗ്രിറ്റയും എവിടെ ?ഞാന്‍ അവര്‍ക്കായി കുറച്ചു സമ്മാനങ്ങള്‍  കൊണ്ട് വന്നിട്ടുണ്ട്".

              മിഷേല്‍ പുഞ്ചിരിച്ചു "അവര്‍ ഉറക്കം തുടങ്ങി .ചെറിയ കുഞ്ഞുങ്ങളല്ലേ .രാവിലെ മുതല്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു .കുറച്ചു സോസേജും റോട്ടിയുമാണ് അവര്‍ ഇന്ന് ആകെ ഭക്ഷിച്ചത് ,മുറ്റത്തെ ആപ്രിക്കോട്ട് മരത്തിനു കീഴെ അവര്‍ നൃത്തം ചെയ്യുകയായിരുന്നു പകല്‍ മുഴുവന്‍ .മയിലുകളെ പോലെ .നിങ്ങള്‍ വരുമെന്ന് അവര്‍ക്കും ഉറപ്പായിരുന്നു .അവര്‍ക്കെപ്പോഴും നൃത്തമാണ് .വികൃതി കുഞ്ഞുങ്ങള്‍ "
         
        "മിഷേല്‍, ഇവിടെ  നിങ്ങളും കുഞ്ഞുങ്ങളും മാത്രമാണോ താമസം "എന്റെ മനസ്സില്‍ നിന്നും എങ്ങനെയോ ഈ ചോദ്യം വെളിയില്‍ ചാടി .മിഷേല്‍ തീന്‍ മേശയില്‍ വിഭവങ്ങള്‍ നിരത്തുകയായിരുന്നു .
     "അതെ ,മാര്‍ക്കസ് പോയതിനു ശേഷം ഞാനും കുട്ടികളും മാത്രമേ ഉള്ളു ഇവിടെ .ഒന്നോ രണ്ടോ ദിവസം കൂടുമ്പോള്‍ എത്തുന്ന എമ്മ എന്ന ജോലിക്കാരി മാത്രമാണ് ഇവിടെ വരുന്ന ഒരേ ഒരു പുറം ലോകക്കാരി "


 ഞാന്‍ അകെ ആശയക്കുഴപ്പത്തിലായി.അവര്‍ അതെ പറ്റി കൂടുതല്‍ ഒന്നും പറയാന്‍ താല്പര്യം കാണിക്കുന്നതായി തോന്നിയില്ല .കൂടുതല്‍ ചോദിയ്ക്കാന്‍ എനിക്കും ധൈര്യം വന്നില്ല .തീന്‍ മേശ യില്‍ അവര്‍ കൂടുതലും മരിയയെയും മെഗ്രിറ്റയെയും പറ്റിയാണ് സംസാരിച്ചിരുന്നത് .അവരുടെ നൃത്തവും പാട്ടും ,കുസൃതികളും ..മാര്‍ക്കസ്  വഴി മദ്ധ്യേ സത്രത്തില്‍  വിശ്രമിക്കാന്‍ കയറിയ ഒരു സഞ്ചാരിയുടെ മുഖഭാവത്തോടെ  വേവിച്ച ഇറച്ചി കഷ്ണങ്ങള്‍ സോസ്സില്‍ മുക്കി കഴിച്ചു .

                          ആഹാര ശേഷം കുറച്ചു നേരം സംസാരിചിരിക്കുവാനായി ഞങ്ങള്‍ നെരിപ്പോടിനടുത്തു കസേരയിട്ടിരുന്നു  .പക്ഷെ ,അല്പനേരം കഴിഞ്ഞപ്പോഴേക്കും കഠിനമായ തണുപ്പ് മൂലം മിഷേലിന്റെ കാലുകള്‍ക്ക് തരിപ്പ് അനുഭവപ്പെടുകയും അതിനാല്‍ അവര്‍ ശുഭരാത്രി ആശംസിച്ചു  കിടപ്പ് മുറിയിലേക്ക് പോകുകയും ചെയ്തു

                 മിഷേല്‍ വളരെ നേരെത്തെ എഴുനേല്‍ക്കുന്ന പ്രകൃതം ആണെന്ന് തോന്നുന്നു .അടുക്കളയില്‍ എന്തൊക്കെയോ വേവിക്കുന്ന മണം പോങ്ങുന്നുണ്ടായിരുന്നു പക്ഷെ ,.അവിടെ മിഷേല്‍ ആയിരുന്നില്ല .അവര്‍ പറഞ്ഞ ജോലിക്കാരി എമ്മ ആയിരുന്നു ."മിഷേല്‍ എവിടെ ?"

എനിക്ക് ച്ചായ കൂട്ടുന്നിതനിടക്ക് അവള്‍ പറഞ്ഞു "മിഷേല്‍ മമ്മി മുറിയില്‍ ഉണ്ടാകും .വിളിക്കാതെ ഞാന്‍ മുകളിലേക്ക് പോകാറില്ല  "
"മരിയയും മെഗ്രിറ്റയും എഴുന്നേറ്റോ ? "
അവള്‍ ആ ചോദ്യം അവഗണിച്ചു കൊണ്ട് മുറ്റത്തെക്ക് ഇറങ്ങി
                  ഞാന്‍ പതുക്കെ ഗോവണി കയറി മിഷേലിന്റെ മുറിയിലെത്തി .എന്റെ വരവ്  മിഷേല്‍  അറിഞ്ഞില്ല എന്ന് തോന്നുന്നു .ഒരു തള്ള പൂച്ചയെ പോലെ നല്ല ഉറക്കം !ആ മുറിയാകെ പാവകളും  ,കുഞ്ഞുടുപ്പുകളും ആയിരുന്നു  .ഒരു മൂലയില്‍ വലിയ ഒരു എണ്ണ ച്ചായ ചിത്രം ,നല്ല പഴക്കം തോന്നുന്ന ഒന്ന് .മിഷേലും,മാര്‍ക്കസും ,കൂടെ രണ്ടു മാലാഖ കുഞ്ഞുങ്ങളും .
അതിനു താഴെ ഒരു കട്ടി കടലാസില്‍ ഞാന്‍ കണ്ടു .പെന്‍സില്‍ കൊണ്ട് വരച്ച എന്റെ മുഖം .എന്റെ ഉടുപ്പില്‍ തൂങ്ങി നൃത്തം ചെയ്യുന്ന അതേ രണ്ടു മാലാഖ കുട്ടികള്‍ !!!!
               മറുപുറത്ത്  വടിവൊത്ത കൈയക്ഷരത്തില്‍ എഴുതിയത് ഞാന്‍ വായിച്ചു
"പ്രിയ എലിസാ ,
മരിയയും മെഗ്രിറ്റയും എന്റെ മാനസ കുഞ്ഞുങ്ങള്‍ ആണ് .മാര്‍ക്കസ് ഇവിടം വിട്ടതിന്റെ പിറ്റേന്നാണ് ഞാന്‍ ഇവരെ മനസ്സില്‍ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും .മാര്‍ക്കസ് എനിക്ക് സമ്മാനിച്ച ഏകാന്തത ! അത് എത്ര വിഷമം പിടിച്ചവയാണെന്ന് നിനക്കറിയാമോ എലിസ്സാ ? മാര്‍ക്കസിനോടുള്ള എന്റെ പ്രണയത്തിനെ ശേഷിപ്പ് കൂടിയാണ് ഈ കുട്ടികള്‍ ...എന്റെ കുട്ടികള്‍ !കുസൃതി കുരുന്നുകള്‍ !  നിനക്കറിയാമോ ,അവര്‍ ജനിച്ചിട്ടുമില്ല അതിനാല്‍ അവര്‍ക്ക് മരണവുമില്ല .അവരെ ഞാന്‍ നിന്നെ ഏല്‍പ്പിക്കുന്നു എലിസ്സാ ..ഇതിനായിരുന്നു ഞാന്‍ നിന്നെ ക്ഷണിച്ചത് ..അവര്‍ക്കെപ്പോഴും നൃത്തമാണ്..എലിസ്സാ നിനക്കെ അവരുടെ മനസ് വായിക്കാന്‍ പറ്റുകയുള്ളു ..എന്നെ പോലെ "

                എന്റെ മനസ്സില്‍ എന്തോ കൊളുത്തി വലിക്കുന്ന പോലെ .വേദനയോടെ ഞാന്‍ അവരുടെ കൈകള്‍ ചേര്‍ത്ത്പിടിച്ചു വിളിച്ചു "മിഷേല്‍ ..ഓ മിഷേല്‍ "


പക്ഷെ ,മിഷേല്‍ എഴുന്നേറ്റില്ല ..അവര്‍ ഉറങ്ങുകയായിരുന്നു ..നീണ്ട ഒരു ഉറക്കം ..എപ്പോഴും  നൃത്തം ചെയ്യുന്ന അവരുടെ മാനസ കുഞ്ഞുങ്ങളെ എന്നെ ഏല്‍പ്പിച്ചു കൊണ്ട് ,,

               അധികം പേരുണ്ടായില്ല മിഷേലിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക്..ഒരു പാട് പേര്‍ക്ക് ജീവിതം സമ്മാനിച്ച അവര്‍ യാത്രയാകുമ്പോള്‍ മഞ്ഞു കൊണ്ട് വിങ്ങി പൊട്ടി നിന്നത് ഞാനും ആ പഴയ ഗ്രാമവും മാത്രമാണെന്ന് എനിക്ക് തോന്നി .

മര്‍ക്കസും വലിയ വിഷമത്തില്‍ ആയിരുന്നു .എന്തോ എനിക്ക് ബാഡ്ജര്‍ വില്ല വിട്ടു ഇറങ്ങാന്‍ തോന്നിയില്ല . ..തിരിച്ചു  പോകാന്‍ നേരം അബ് വുഡ് റെയില്‍വെ സ്റ്റെഷനില്‍ നില്‍ക്കുമ്പോള്‍ മനസ് നിറയെ മിഷേലും കുട്ടികളും ആയിരുന്നു .നക്ഷത്ര വിളക്ക് പിടിച്ചു നില്‍ക്കുന്ന മിഷേല്‍ ! ചുറ്റും നൃത്തം ചെയ്യുന്ന മരിയയും മെഗ്രിറ്റയും.

ട്രെയിന്‍ ഒരു ചൂളം വിളിയോടെ പുറപ്പെടാന്‍ തുടങ്ങി .പൊടുന്നനെ ഞാന്‍ ചാടി എഴുന്നേറ്റു "അരുത് പോകരുത് ..നിര്‍ത്തു !!! എന്റെ കുട്ടികള്‍ കയറിയിട്ടില്ല ..കണ്ടില്ലേ മാര്‍ക്കസ് ! അവര്‍ പ്ലാറ്റ്ഫോമില്‍  നൃത്തം ചെയ്തു കൊണ്ടിരിക്കുകയാണ് ..നമ്മള്‍ പോകുന്നത് അവര്‍ കണ്ടിട്ടില്ല .മാര്‍ക്കസ് അവരെ വിളിക്കു..ദൈവമേ!!! ..മിഷേല്‍ എന്നെ ഏല്‍പിച്ച കുരുന്നുകളാണ്....ഇപ്പോള്‍ അവര്‍ നമ്മുടെതാണ്‌ മാര്‍ക്കസ് .അവരെ വിളിക്കു ..."
മാര്‍ക്കസ്  വളരെ പണിപെട്ട് എന്നെ അടക്കിപിടിച്ചു കിടത്തി ...ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു .പക്ഷെ അപ്പോഴേക്കും മരിയയും മെഗ്രിറ്റയും നൃത്തം ചെയ്തു കൊണ്ട് എന്റെ മനസ്സിലും ശിരസ്സിലും താമസം ഉറപ്പിച്ചിരുന്നു ...
6 comments:

 1. ഈ കഥ നമ്മള്‍ മുമ്പ് വായിച്ചതാണല്ലോ!

  ReplyDelete
  Replies
  1. അതെ അജിതേട്ട ,ഇത് നമ്മളുടെ ഇ മഷിയിൽ വന്നതാണ്‌ .ഇപ്പോഴാണ്‌ ബ്ലോഗ്‌ ഇൽ പോസ്റ്റ്‌ ചെയ്യുന്നത്

   Delete
 2. മുന്‍പേ വായിച്ചിരുന്നു....

  ReplyDelete
 3. ഉള്ളിലൊരു വിങ്ങലായ്...........
  ആശംസകള്‍

  ReplyDelete
 4. മനസ്സില്‍ തട്ടി.. ആശംസകള്‍

  ReplyDelete
 5. മുന്പ് വായിച്ചിരുന്നില്ല :) ഹര്ഷയെ ആദ്യമായി വായിക്കുന്നത് ഈ കഥ ആണെന്നത് എന്നെ അതിശയിപ്പിക്കുന്നു - അതുമൊരു കോഇന്സിടെന്‍സ് ആണ് ;). ആശംസകള്‍

  ReplyDelete