Wednesday, December 5, 2012

അയാള്‍ ..........













അയാള്‍ ഒരു രാജ കുമാരനൊന്നും അല്ലായിരുന്നു .കുതിരപ്പുറത്തു വന്നു
എന്നെ വലിച്ചെടുത്തു വിദൂരതയിയെക്ക് കുതിരയെ തെളിക്കുന്ന യോദ്ധാവിന്റെ വീര്യവും അയാള്‍ക്കില്ലായിരുന്നു.അഗ്രങ്ങളില്‍ മൂര്‍ച്ചയുള്ള വാക്കുകളാല്‍ അയാള്‍ പറഞ്ഞു


"എന്റെ ജീവിതത്തിലേക്ക് നീ വരിക

നഗ്നയായ്‌ കടന്നു വരിക

നിന്റെ തണുപ്പുള്ള മേനിയില്‍

ഉരസി വേദനിപ്പിക്കുന്ന ആടയാഭരണങ്ങള്‍

ഇല്ലാതെ നീ കടന്നു വരിക ...

നിന്നെ അലോസരപ്പെടുത്തുന്ന നൂലിഴയെപ്പോലും

പറിച്ചെറിയുക.....

എന്റെ നീളമുള്ള കൈകളാല്‍

പതുപതുത്ത നേര്‍ത്ത കംബളം

ഞാന്‍ നിന്നെ പുതപ്പിക്കാം

അതിനുള്ളില്‍ സുരക്ഷിതയായ നിന്നെയും

എടുത്തു ഞാന്‍ മഞ്ഞു മൂടിയ മലകളിലേക്ക് നടക്കും "



എന്തോ അന്നെനിക്ക് ആ വാക്കുകളെ തീര്‍ത്തും അവഗണിക്കാനാണ് തോന്നിയത് .ഞാന്‍ ക്രൂരയാണെന്നു എന്റെ കഴുത്തില്‍ ഒട്ടികിടന്ന പലക്കമാല മന്ത്രിച്ചു .എന്റെ കഴുത്തില്‍ ഭാരം കൂടിയോ ?


നാഗപടം ഒന്ന് കൂടിഅമര്‍ന്നിരുന്നു .കാശി മാല ഒന്ന് ചിണുങ്ങി .എന്റെ കഴുത്തിനെ ഞെരുക്കി കൊണ്ട് ഇളക്കതാലിയും കൈകളെ തളര്ത്തികൊണ്ടു കാപ്പുകളും മുരണ്ടു "പോരാ ..നിന്റെ മേനിയില്‍ മഞ്ഞ തിളക്കം പതിക്കാനേറെ സ്ഥലം ബാക്കിയുണ്ട് ".ആരൊക്കെയോ കൂടി എന്‍റെ ആഭരണങ്ങളുടെ അളവും തൂക്കവും തുലാസ്സില്‍ തിട്ടപ്പെടുത്തുന്നുണ്ടായിരുന്നു .




അവ്യക്തമായി ഞാന്‍ അയാളെ ഒരിക്കല്‍ കൂടി കണ്ടു .അയാള്‍ തിരിച്ചു നടക്കുകയായിരുന്നു .നേര്‍ത്ത കംബളം ചുമലിലിട്ടുകൊണ്ട് ,,,ഏകനായി ..മഞ്ഞു മലകളിലേക്ക് ..
എനിക്കിക്കയാളെ തിരിച്ചു വിളിക്കണം എന്നുണ്ടായിരുന്നു .പക്ഷെ അപ്പോഴേക്കും കുരവയും

അര്‍പ്പുമായി ആരോ എന്റെ കഴുത്തില്‍ ഒരു സ്വര്‍ണ്ണ ചങ്ങല ചാര്‍ത്തിയിരുന്നു ........



photo courtesy -google.com

മുഖക്കുരു



എനിക്ക് കവിളുകള്‍ നിറയെ


മുഖക്കുരുക്കള്‍ വേണം

റോസ് നിറത്തിലുള്ള


തുടുത്ത കുരുക്കള്‍


ഞാന്‍ ചിരിക്കുമ്പോള്‍


അവയങ്ങനെ ചുവക്കണം


ചെറിയ നീറ്റല്‍ ഉണ്ടാകും


എന്നാലും സാരമില്ല


മനസ്സിലെ പ്രണയം


മുഖത്തിടുന്ന പൂക്കളമല്ലേ...