Friday, September 14, 2012

പ്രണയത്തില്‍ നിന്നും പ്രണയത്തിലേക്കുള്ള ദൂരം .............




 ഒരര്‍ത്ഥത്തില്‍  പറഞ്ഞാല്‍ അയാളായിരുന്നു എന്നെ ആ ദൂരം അളക്കാന്‍ പഠിപ്പിച്ചത് .അതില്‍ എനിക്ക് അയാളോട് അളവറ്റ നന്ദിയുണ്ട് .ഒരിക്കല്‍ ഞാനയാളെ പ്രണയിച്ചിരുന്നു . അത് എന്‍റെ ആദ്യ പ്രണയമായിരുന്നു . .അത് പ്രണയമായിരുന്നോ ആരാധനയായിരുന്നോ എന്ന് ഇന്നും എനിക്കറിയില്ല .


എന്തിനാണ് ഞാന്‍ അയാളെ പ്രണയിച്ചത് എന്നതിന് പോലും എനിക്കുത്തരമില്ലായിരുന്നു.ഒരു പക്ഷെ അയാളിലെ ആശയങ്ങളാകാം,അല്ലെങ്കില്‍ ഞാന്‍ ഏറെ ആരാധിക്കുന്ന മീനിന്‍റെ പോലെ ചെറിയ ,എന്നാല്‍ തീക്ഷണം എന്ന് തോന്നുന്ന കണ്ണുകളാകാം ,ഇതുമല്ലെങ്കില്‍ അയാള്‍ എന്നേക്കാള്‍ എത്രയോ ഉയര്‍ന്നവനാണെന്ന എന്‍റെ എളിയ ചിന്തയാകാം എന്നെ അയാള്‍ എന്ന നങ്കൂരത്തില്‍ ബന്ധിച്ച കപ്പല്‍ ആക്കിയത് .അതിനാല്‍ തന്നെ വിവാഹ ശേഷവും ഞാന്‍ അയാളുടെ ഈ മെയിലുകള്‍ക്കും സ്നേഹന്വേഷനങ്ങള്‍ക്കും വളരെ കൃത്യമായി മറുപടി അയച്ചു കൊണ്ടേ ഇരുന്നു .എന്‍റെ പ്രണയം അയാള്‍ അറിയരുത് എന്ന ഒരു നിര്‍ബന്ധം എനിക്കുണ്ടായിരുന്നു .എന്നെ വലയം ചെയ്തിരുന്ന ഒരു അപകര്‍ഷത ബോധം കൊണ്ടായിരുന്നു അത് .



ആനുകാലികങ്ങളെ കുറിച്ചും ,സാഹിത്യ രചനകളെ കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു .എന്‍റെ ചെറിയ  ചെറിയ ലേഖനങ്ങളെയും അടുത്തിടെ പ്രസിദ്ധീകരിച്ച എന്‍റെ കവിത സംഹിതയെയും അയാള്‍ വളരെ പ്രശംസിച്ചു സംസാരിക്കുകയുണ്ടായി .അയാള്‍ എന്നെ പ്രണയിക്കുന്നുണ്ടോ എന്ന സംശയം ഈയിടെയായി എനിക്ക് തോന്നിയിരുന്നു .


അല്ലെങ്കില്‍ പിന്നെ എന്തിനാണ് തന്റെ ഒഴിവുകാല യാത്രയില്‍ കുടകില്‍ എത്തിയപ്പോള്‍ അവിടുത്തെ സ്ത്രീകള്‍ സുന്ദരികള്‍ ആണെങ്കിലും അവര്‍ക്കൊന്നും നിന്നെപോലെ ചുരുളിമ ഇല്ലാത്ത മുടിയിഴകളോ,നീളമുള്ള അറ്റം കൂര്‍ത്ത വിരല്‍ത്തുമ്പുകളോ ഇല്ല എന്ന് പറഞ്ഞത് ?


എന്‍റെ സംശയം കേട്ട സുഹൃത്ത്‌ ദക്ഷ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു "മടയി,നീ അയാളുടെ ജീവനുള്ള ഒരു ഡയറി മാത്രമാണ് "എന്ന് .എങ്കിലും എന്നില്‍ നിഗൂഡമായ ഒരു ആനന്ദം ഉണ്ടായി .ഒപ്പം എന്‍റെ ഇത്തരം വിലകുറഞ്ഞ എന്ന് ഞാന്‍ സംശയിക്കുന്ന ഈ സന്ദേഹങ്ങള്‍ അയാള്‍ അറിഞ്ഞാല്‍ ഉണ്ടാകുന്ന ജാള്യത ഓര്‍ത്തു ഞാന്‍ എന്‍റെ മറുപടികളിലും,സംസാരങ്ങളിലും ഒരു സുഹൃത്തിന്റെ അല്ലെങ്കില്‍ ഒരു അഭ്യുതയാകംഷി യായ ഒരു ആരാധികയുടെ കുപ്പായം മനപൂര്‍വം ധരിച്ചു .


                                              ഇന്നലെ നല്ല മഴയുണ്ടായിരുന്നു .ഒരു സിമ്പോസിയത്തില്‍ പങ്കെടുക്കാന്‍  തൊട്ടടുത്ത നഗരത്തില്‍ എത്തിയതായിരുന്നു ഞാന്‍ .അവിടെ പ്രശസ്തമായ ഒരു ലൈബ്രറി ഉണ്ടായിരുന്നു .ബ്രിട്ടിഷുകാരുടെ കാലത്ത് പണികഴിപ്പിച്ചതായിരുന്നു അത് .പണ്ട് വെള്ളക്കാരന്റെ വേനല്‍ക്കാല  വസതി  ആയിരുന്നു ,പില്‍കാലത്ത് സര്‍ക്കാര്‍ അത് ഒരു ലൈബ്രറി ആക്കുകയായിരുന്നു .തികച്ചും വിക്ടോറിയന്‍ ശൈലിയില്‍ പണിത കെട്ടിടം .നടന്നു കാണാന്‍ ഏറെയുണ്ട് .ദക്ഷ പറഞ്ഞു കേട്ട വിവരം അനുസരിച്ച് ഞാന്‍ മഴയായിട്ടുകൂടി ഒരു ഓട്ടോറിക്ഷ പിടിച്ചു അവിടേക്ക് പോകാന്‍ തീരുമാനിച്ചു കാരണം എന്‍റെ തീവണ്ടി വരാന്‍ പിന്നെയും സമയം ഉണ്ടായിരുന്നു .



റീഡിംഗ് ഹാളിലെക്കുള്ള പിരിയന്‍ ഗോവണി പടി കയറാന്‍ ഭാവിക്കവേ ആരോ എന്നെ പിന്നില്‍ നിന്നും പേര് ചൊല്ലി വിളിക്കുന്നത്‌ കേട്ടു.ഒന്ന് ഞെട്ടാതിരുന്നില്ല .കാരണം ആ നഗരത്തില്‍ എനിക്കറിയാവുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല .തിരിഞ്ഞു നോക്കി .വിടര്‍ന്ന കണ്ണുള്ള ഒരു സ്ത്രീ ."നളിനാക്ഷി" എന്ന് വിളിച്ചാല്‍ ഒട്ടും തെറ്റ് പറയില്ല .നീല സാരിയുടുത്ത് കണ്ണില്‍ നിറഞ്ഞ ആരാധനയുമായി ഒരുവള്‍ .


അവള്‍ മൊഴിഞ്ഞു "വായിക്കാറുണ്ട് ..എഴുതുന്നവയൊക്കെയും.ആളെ മാത്രം ഇത് വരെ കണ്ടിട്ടില്ല എന്നെ ഉള്ളു "എന്‍റെ പല നോവലുകളെ കുറിച്ചും അവള്‍ വാചാലയായി .പൊതുവേ പെണ്ണെഴുത്തിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് കത്തുകള്‍ വരാറുണ്ട് എങ്കിലും ഒരു ആരാധികയെ ആദ്യമായാണ് ഞാന്‍ നേരില്‍ കാണുന്നത് .എന്‍റെ തെറ്റ് .കാരണം ഞാന്‍ ആള്‍കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞു മാറിയാണ് എന്നും നില്ക്കാന്‍ ഇഷ്ട്ടപ്പെട്ടിരുന്നത് .അയാള്‍ ഒരിക്കല്‍ അത് പറഞ്ഞു എന്നെ കളിയാക്കിയത് ഞാന്‍ ഓര്‍ത്തു "നീ നിന്‍റെ ചിപ്പിക്കുള്ളില്‍ ധ്യാനിച്ച് കൂട്ടി ഒരു സന്യാസിനി ആകുമോ "എന്ന് ,,

                                                 
അവര്‍    കുറച്ചപ്പുറത്ത്‌  ജനലുകള്‍ക്കരികില്‍ മാറിനില്‍കുന്ന ഭര്‍ത്താവിനെ പരിചയപ്പെടുത്താനായി വിളിച്ചു .അത് അയാളായിരുന്നു .

എനിക്ക് അത്ഭുതം  തോന്നി .അയാള്‍ ഈ നഗരത്തിലാണ് വസിക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു .ഇന്നലെ ഞാന്‍ ഇങ്ങോട്ട് പോരുന്നു എന്ന് ചാറ്റ് ബോക്സില്‍ ടൈപ്പ് ചെയ്തപ്പോഴും അയാള്‍ ഒന്നും പറഞ്ഞില്ലായിരുന്നു .അയാളുടെ മുഖത്ത് നല്ല വിമ്മിഷ്ട്ടം ..ഒരു പരുങ്ങല്‍ ..ഏതോ തുരുത്തില്‍ ഒറ്റയ്ക്ക് അകപ്പെട്ടവനെപ്പോലെ ...ആ സ്ത്രീയുടെ സാരിത്തുമ്പില്‍ തൂങ്ങി നിന്ന കൊച്ചുകുട്ടിയെ വലിച്ചെടുത്തു അയാള്‍ മുരണ്ടു "പോകാം ".ഗുഹയുടെ ഉള്ളില്‍ നിന്നും പുറത്തേക്കു തള്ളിയ ഒരു ശബ്ധം.നാളിതു വരെ എന്നോട് സംസാരിച്ചിരുന്ന പതിഞ്ഞ എന്നാല്‍ ചെറിയ മുഴക്കമുള്ള ...വാക്കുകളുടെ അവസാനത്തില്‍ ചെറിയ സീല്‍ക്കാരമുള്ള സ്വരം ആയിരുന്നില്ല അത് .തീര്‍ത്തും അപരിചിതം 


         .അകെ അപമാനിക്കപെട്ട പോലെ തോന്നി എനിക്ക് .ആള്‍ കൂട്ടത്തിനു നടുവില്‍ വച്ചു നഗ്നയാക്കപ്പെട്ട പോലെ .മഴയുടെ മേലങ്കി ധരിച്ചു ഞാന്‍ ലൈബ്രറിയുടെ പടവുകള്‍ ഇറങ്ങി .മഴയത്ത് കരഞ്ഞു നടക്കുന്നതിന്‍റെ സുഖം അന്ന് ഞാന്‍ അറിഞ്ഞു .കുടപിടിച്ച് ധ്രിതിയില്‍ എന്‍റെ അരികിലൂടെ പോയവരാരും എന്‍റെ കരച്ചില്‍ അറിയുന്നുണ്ടായിരുന്നില്ല .ഞാന്‍ തീര്‍ത്തും സ്വതന്ത്ര യായി കരഞ്ഞു എന്ന് വേണമെങ്കില്‍ പറയാം .ഇടിമുഴക്കത്തില്‍ എന്‍റെ എങ്ങലുകള്‍ മുങ്ങിപ്പോയി ,എങ്ങനെയോ തീവണ്ടി കയറി ഞാന്‍ എന്‍റെ നഗരത്തിലെത്തി .

                                          
 ഇന്ന് കാലത്ത് എന്‍റെ  മെയില്‍ബോക്സില് അയാളുടെ ഒരു ഇമെയില്‍ വന്നു കിടക്കുന്നുണ്ടായിരുന്നു ."ക്ഷമിക്കണം ..ഇന്നലെ ഞാന്‍ പേടിച്ചു പോയി .നീയെങ്ങാനും എന്നോട് പരിചയം കാണിക്കുമോ എന്ന് .അതിനാലാണ് ഞാന്‍  വേഗം അവരെയും കൊണ്ട് അവിടെ നിന്നും പോയത് .നീ വളരെ മെലിഞ്ഞിരിക്കുന്നു ..ആശ്വാസം നമ്മളുടെ ബന്ധം അവള്‍ അറിഞ്ഞില്ല "
                                                എനിക്ക് അയാളോടാണോ എന്നോടാണോ പുച്ഛം തോന്നിയത് എന്നറിയില്ല .ഒരു സുഹൃത്തായി പോലും എന്നെ പരിചയപ്പെടുത്താന്‍ അയാള്‍ മുതിരാത്തതില്‍ എനിക്ക് അളവറ്റ ദുഃഖം തോന്നി .അപ്പോള്‍ ഞാന്‍ അയാള്‍ക്ക്‌ ആരായിരുന്നു ?രോഷം ,സങ്കടം ,അപമാനം ഇവ മൂന്നും ചേര്‍ന്ന് ഒരു മറുപടി എഴുതി "ഞാന്‍ ലജ്ജിക്കുന്നു ..ഒരിക്കല്‍ നിങ്ങളെ പ്രണയിച്ചതില്‍,ആരാധിച്ചതില്‍ "അന്നേരം ആരും അറിയാതെ ഞാന്‍ സൂക്ഷിച്ചിരുന്ന എന്‍റെ ആദ്യ പ്രണയം അത്മഹത്യ ചെയ്തു .
                                                     അത് വെറുമൊരു ഭ്രമമായിരുന്നു എന്ന് പിന്നീടു എന്‍റെ ഭര്‍ത്താവു എനിക്ക് പറഞ്ഞു തരികയുണ്ടായി ..എന്‍റെ വയറില്‍ ചുറ്റിപ്പിടിച്ചു മുടികള്‍ വകഞ്ഞു മാറ്റി പിന്‍കഴുത്തില്‍ ചുണ്ടുകള്‍ ചേര്‍ത്ത് അദ്ദേഹം പറഞ്ഞു "പ്രണയം എന്താണെന്നു നീ അറിയാന്‍ പോകുന്നതെ ഉള്ളു" എന്ന് .പുറത്തു മഴ ശക്തിയായി പെയ്യുകയും ജനാലയിലൂടെ എന്‍റെ മേല്‍ ചാറ്റല്‍ വീഴ്ത്തുകയും ചെയ്തു ....